KSDLIVENEWS

Real news for everyone

സോളാര്‍ കേസ് അന്വേഷിച്ച റിട്ട.ഡിവൈഎസ്പി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

SHARE THIS ON

കായംകുളം: സോളാര്‍ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു റിട്ട. ഡിവൈഎസ്പി കെ.ഹരികൃഷ്ണനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കായംകുളം രാമപുരത്തെ റെയില്‍വേ ലെവല്‍ ക്രോസില്‍ നിന്നാണ് ഹരികൃഷ്ണന്റെ മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെ മൃതദേഹം കണ്ടെത്തിയിരുന്നെങ്കിലും ആളെ തിരിച്ചറിഞ്ഞിരുന്നില്ല. ഇന്ന് രാവിലെയാണ് ഹരികൃഷ്ണനാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചത്. റെയില്‍വേ ട്രാക്കിന് സമീപം നിര്‍ത്തിയിട്ടിരുന്ന ഇയാളുടെ കാറില്‍ നിന്ന് ഒരു കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. പെരുമ്പാവൂര്‍ ഡിവൈഎസ്പിയായിരുന്ന ഹരികൃഷ്ണന്‍ സോളാര്‍ കേസ് അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങള്‍ ഹരികൃഷ്ണനെതിരെ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയില്‍ വിജിലന്‍സ് കേസും ഇയാള്‍ക്കെതിരെ ഉണ്ട്. ഇയാള്‍ താമസിക്കുന്ന ഫ്‌ളാറ്റിലും കായംകുളത്തും ഹരിപ്പാടുമുള്ള വീടുകളിലും വിജിലന്‍സ് റെയ്ഡും നടന്നിരുന്നു. സരിത എസ്.നായരെ അറസ്റ്റു ചെയ്തതു മുതല്‍ ഹരികൃഷ്ണന്‍ വിവാദത്തിലായിരുന്നു. അര്‍ധരാത്രി തിടുക്കപ്പെട്ട് സരിതയെ അറസ്റ്റു ചെയ്തത് ഉന്നതരെ സംരക്ഷിക്കാനാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു. സരിതയുടെ ലാപ്ടോപ്പ് സംബന്ധിച്ച വിവാദങ്ങളിലും ഹരികൃഷ്ണനെതിരെ ആരോപണങ്ങളുണ്ടായിരുന്നു. സോളാര്‍ കമ്മിഷനിലും ഹരികൃഷ്ണന് വിമര്‍ശമേല്‍ക്കേണ്ടിവന്നിരുന്നു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!