മക്കാ മസ്ജിദില്‍ കയറി ജയ് ശ്രീറാം വിളിച്ചു; മൂന്ന് ഹിന്ദുത്വവാദികള്‍ അറസ്റ്റില്‍

ഹൈദരാബാദ്: ചരിത്ര പ്രസിദ്ധമായ ഹൈദരാബാദ് മക്കാ മസ്ജിദില്‍ കയറി ജയ് ശ്രീറാം മുഴക്കിയ മൂന്ന് ഹിന്ദുത്വവാദികള്‍ അറസ്റ്റില്‍.
മഹാരാഷ്ട്ര സ്വദേശികളായ വെങ്കട്ട്, അമോല്‍, കര്‍ണാടക സ്വദേശി വിശാല്‍ എന്നിവരാണ് അറസ്റ്റിലായത്. രണ്ട് ദിവസം മുമ്ബായിരുന്നു സംഭവം.
പള്ളിയില്‍ പണിക്കെത്തിയവരായിരുന്നു ഇവര്‍. ജോലിക്കിടെ ഇവര്‍ മക്ക മസ്ജിദിന്റെ പടിയില്‍ കയറി ഇരിക്കുകയും ഉച്ചത്തില്‍ ജയ് ശ്രീറാം മുദ്രാവാക്യം മുഴക്കുകയുമായിരുന്നു. ഹുസൈനിയലം സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളും മക്ക മസ്ജിദിന്റെ സുരക്ഷാ ചുമതലക്കാരനുമായ സയ്യിദ് ഖൈസറുദ്ദീനാണ് ഇതു സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയത്.
മുദ്രാവാക്യം കേട്ട് മുസ്ലിം സമുദായാംഗങ്ങള്‍ മസ്ജിദിന്റെ പരിസരത്ത് തടിച്ചുകൂടുകയും ഇവര്‍ക്കെതിരെ പ്രതിഷേധം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന്, പ്രകോപന മുദ്രാവാക്യം വിളിച്ച് മുസ്ലിം സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തിയതിന് ഇവര്‍ക്കെതിരെ ഹുസൈനിയലം പൊലീസ് കേസെടുത്തു.
“പൊലീസ് ഹെഡ് കോണ്‍സ്റ്റബിളും മൂന്ന് ഹോം ഗാര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് വെങ്കട്ട്, അമോല്‍, വിശാല്‍ എന്നീ മൂന്ന് പേരെ ഉടന്‍ പിടികൂടി”- ഹുസൈനിലം പൊലീസ് സ്റ്റേഷന് സബ് ഇന്‍സ്പെക്ടര്‍ ജെ പ്രിയങ്ക പറഞ്ഞു. മക്ക മസ്ജിദ് പ്രദേശത്തെ സമാധാനം തകര്‍ക്കാന്‍ മൂന്ന് പേരും ശ്രമിച്ചുവെന്ന് പൊലീസ് എഫ്ഐആറില്‍ ചൂണ്ടിക്കാട്ടി.
സംഭവത്തില്‍ പ്രതികള്‍ക്കെതിരെ ഐപിസി 295 (എ) (മതവികാരങ്ങളെ പ്രകോപിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ള ബോധപൂര്‍വവും ദുരുദ്ദേശ്യപരവുമായ പ്രവൃത്തികള്‍), 298 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

