KSDLIVENEWS

Real news for everyone

ഒരു കോടിയിലേറെ രൂപയുടെ കഞ്ചാവുമായി 3 പേർ അറസ്റ്റിൽ; കടത്തിയത് ടൂറിസ്റ്റ് ബസിൽ, മിഠായി പാക്കറ്റിൽ

SHARE THIS ON

∙ കോവിഡിന്റെ മറവിൽ അതിഥിത്തൊഴിലാളികളെ കൊണ്ടുപോകാനെന്ന വ്യാജേന ടൂറിസ്റ്റ് ബസിൽ കടത്തുകയായിരുന്ന ഒരു കോടിയിലേറെ രൂപയുടെ 240 കിലോ കഞ്ചാവുമായി 3 പേർ അറസ്റ്റിലായി. ബസും കസ്റ്റഡിയിലെടുത്തു. ചെർക്കള ബേർക്ക റോഡിൽ സിഎം ക്വാർട്ടേഴ്സിൽ മുഹമ്മദ് ഹനീഫ (41), ചെർക്കള ബദർ ജുമാസ്ജിദിനടുത്തെ മേനേങ്കോട് ഹൗസിൽ എം.എ.മുഹമ്മദ് റിയാസ് (23), പെരിയാടുക്കം ചെരുമ്പ ക്വാർട്ടേഴ്സിൽ കെ.മൊയ്തിൻകുഞ്ഞി (28) എന്നിവരെയാണു ഡിവൈഎസ്പി പി.പി.സദാനന്ദന്റെ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഡ്രൈവറും ബസ് ഉടമയുടെ മകനും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. പൊലീസിനു ലഭിച്ച വിവരത്തെ തുടർന്നു വിദ്യാനഗർ പാറക്കട്ടയിൽ നിന്ന് ഇന്നലെ രാവിലെയാണു കഞ്ചാവുമായി ബസ് പിടികൂടിയത്. ചരക്കു സാധനങ്ങൾ വയ്ക്കുന്ന സ്ഥലത്താണു പ്ലാസ്റ്റിക് കവറുകളിലായി നിറച്ചു കഞ്ചാവ് ചാക്കുകളിലായിരുന്നു സൂക്ഷിച്ചിരുന്നത്. ആന്ധ്രപ്രദേശ്–ഒഡീഷ അതിർത്തിയിൽ നിന്നാണു പ്രതികൾ ജില്ലയിലേക്കു കഞ്ചാവ് എത്തിച്ചതെന്നു ഡിവൈഎസ്പി പി.പി.സദാനന്ദൻ പറഞ്ഞു. വീടുകളിൽ നടത്തിയ പരിശോധനയിൽ വലിയ വാളും കത്തിയും ബേസ്ബോൾ ബാറ്റും കളിത്തോക്കും കണ്ടെടുത്തു. നേരത്തെയും പ്രതികൾ  ക‍ഞ്ചാവ് കടത്തിയെന്നു പൊലീസ് സംശയിക്കുന്നുണ്ടെങ്കിലും പിടിക്കപ്പെടുന്നത് ആദ്യമായിട്ടാണ്. മൊയ്തീൻ കുഞ്ഞി ആണ് കഞ്ചാവ് കടത്തിന്റെമുഖ്യസൂത്രാധാരനെന്നു പൊലീസ് പറഞ്ഞു.വിദ്യാനഗർ ഇൻസ്‌പെക്ടർ ശ്രീജിത്ത് കൊടേരി, എസ്ഐ.മാരായ കെ.നാരായണൻ നായർ, സി.കെ.ബാലകൃഷ്ണൻ, എഎസ്ഐമാരായ ലക്ഷ്മി നാരായണ, അബൂബക്കർ കല്ലായി, എസ്‍സിപിഒ ഡി.ശിവകുമാർ, സിപിഒമാരായ ഓസ്റ്റിൻ തമ്പി, രാജേഷ്, ജിനേഷ് കുട്ടമത്ത്, നികേഷ്, സജീഷ്, ശ്രീജിത്ത് കുമാർ, ഡ്രൈവർ ഹൈദർ, സുമേഷ് ബാബു, ഹരീഷ, ടി.വി.വിജേഷ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. മിഠായി പാക്കറ്റിൽ കഞ്ചാവ് ബസിൽ  കഞ്ചാവ് കടത്തിയത് മിഠായി പാക്കറ്റിന്റെ രൂപത്തിലാക്കി ചാക്കുകളിൽ നിറച്ച്. ഒറ്റനോട്ടത്തിൽ കാണുമ്പോൾ മിഠായികളാണെന്നു തോന്നിക്കും. വിപണിയിലുള്ള ഒരു പ്രമുഖ ബ്രാൻഡ് മിഠായിയുടെ കളറിലുള്ള പാക്കറ്റുകളിലാണു 2 കിലോ വീതമുള്ള കഞ്ചാവ് നിറച്ചത്. 2 കിലോ തൂക്കം വരുന്ന കഞ്ചാവ് ചില്ലറ വിൽപ്പനക്കാർക്കു നൽകുന്നത് 40,000 മുതൽ 50,000 രൂപ വരെയുള്ള വിലയ്ക്കാണ്. കാസർകോട്, കാ‍ഞ്ഞങ്ങാട്, ഉപ്പള, കണ്ണൂർ, പയ്യന്നൂർ, തലശ്ശേരി എന്നിവിടങ്ങളിലെ ചെറുകിട കച്ചവടക്കാർക്കാണു നൽകാനാണു ജില്ലയിലേക്ക് കഞ്ചാവ് എത്തിച്ചതെന്നു പ്രതികൾ സൂചിപ്പിച്ചതായി പൊലീസ് പറഞ്ഞു. കഞ്ചാവ് സംഘം ഇവർക്കു കൈമാറുമ്പോൾ തന്നെ 2 കിലോയുടെ പാക്കറ്റിലാക്കാൻ ആവശ്യപ്പെടും. ഇതു ചെറുകിട കച്ചവടർക്കാർക്ക് എളുപ്പത്തിൽ നൽകാനാണു. ആന്ധ്രപ്രദേശിലേക്കുള്ള യാത്രയ്ക്കിടെ പൊലീസ് പരിശോധിച്ചാൽ അതിഥിത്തൊഴിലാളികളെ കൊണ്ടു വരാനായി പോകുന്നതാണെന്നു സർട്ടിഫിക്കറ്റ് കൈമാറും. തിരിച്ചു വരുന്നതിനിടെയുള്ള പരിശോധനയാണെങ്കിൽ അതിഥിത്തൊഴിലാളികളെ കൊണ്ടുവിട്ടു വരുകയാണെന്നാണു പൊലീസിനോട് പറയുന്നത്. ഇരുവശത്തേക്കുമുള്ള പാസുകൾ ഇവരുടെ കൈവശമുണ്ട്. ഇതു വ്യാജമാണോയെന്നു പരിശോധിക്കുമെന്നും അല്ലെങ്കിൽ ഈ പാസ് എങ്ങനെ ഇവർക്കു കിട്ടി എന്നത് ഉൾപ്പെടെയുള്ളവ അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!