കോണ്‍ഗ്രസിന് അധ്യക്ഷനില്ല, തീരുമാനങ്ങളെടുക്കുന്നത് ആരെന്നറിയില്ല- രൂക്ഷവിമര്‍ശനവുമായി കപില്‍ സിബല്‍

ന്യൂഡൽഹി: പഞ്ചാബ് കോൺഗ്രസിലെ പ്രശ്നങ്ങളിൽ പാർട്ടി ഉന്നത നേതൃത്വത്തെ വിമർശിച്ച് മുതിർന്ന നേതാവ് കപിൽ സിബൽ. പ്രസിഡന്റ് ഇല്ലാതെ പാർട്ടി മുന്നോട്ടു പോകുന്നത് തുടരുകയാണെന്നും ആരാണ് തീരുമാനങ്ങൾ എടുക്കുന്നതെന്ന് ആർക്കും അറിയില്ലെന്നും സിബൽ പറഞ്ഞു.
‘ഞങ്ങളുടെ പാർട്ടിയിൽ, പ്രസിഡന്റ് ഇല്ല. അതുകൊണ്ടു തന്നെ ആരാണ് തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്ന് ഞങ്ങൾക്ക് അറിയുകയുമില്ല. ഞങ്ങൾക്കറിയാം, എന്നാലും അറിയില്ല’- സിബൽ പറഞ്ഞു. പഞ്ചാബ് വിഷയവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരെയും പേരെടുത്തു പറഞ്ഞായിരുന്നില്ല, സിബലിന്റെ വിമർശനം. എന്നിരുന്നാലും പഞ്ചാബ് വിഷയത്തിൽ തീരുമാനം കൈക്കൊണ്ട കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയെയും താത്കാലിക അധ്യക്ഷ സോണിയാ ഗാന്ധിയെയും ഉന്നംവെച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമർശങ്ങളെന്നാണ് സൂചന. തങ്ങൾ ഗ്രൂപ്പ് 23 ആണെന്നും അല്ലാതെ ‘ജി ഹുസൂർ-23’ (ശരി അങ്ങുന്നേ) അല്ലെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിൽ സമഗ്ര പരിഷ്കാരം ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്തെഴുതിയ മുതിർന്ന 23 നേതാക്കളുടെ കൂട്ടായ്മയാണ് ജി-23 അഥവാ ഗ്രൂപ്പ് 23. കഴിഞ്ഞ കൊല്ലമാണ് ജി 23 കത്തെഴുതിയത്.
പാർട്ടിയിലെ തുടർച്ചയായ കൊഴിഞ്ഞുപോക്കിന്റെയും പഞ്ചാബ് പ്രതിസന്ധിയുടെയും പശ്ചാത്തലത്തിൽ പ്രവർത്തക സമിതി യോഗം വിളിച്ചു ചേർക്കണമെന്ന് ജി 23-ൽ ഉൾപ്പെട്ട മറ്റൊരു നേതാവ് ഗുലാം നബി ആസാദ് കഴിഞ്ഞദിവസം സോണിയാ ഗാന്ധിക്ക് കത്തുനൽകിയിരുന്നു.
‘എന്തുകൊണ്ടാണ് ആളുകൾ വിട്ടുപോകുന്നത്? നമ്മുടെ കുഴപ്പം കൊണ്ടാണോ എന്ന് നാം പരിശോധിക്കേണ്ടതുണ്ട്. അടിയന്തരമായി കോൺഗ്രസ് പ്രവർത്തകസമിതി വിളിച്ചുചേർക്കണം. അങ്ങനെയെങ്കിൽ ചുരുങ്ങിയത് ഒരു ചർച്ചയെങ്കിലും നടക്കും. ഞങ്ങൾ പാർട്ടിയുടെ തത്വസംഹിത ഉപേക്ഷിക്കുകയോ മറ്റെവിടേക്കെങ്കിലും പോവുകയോ ഇല്ല. അവരോട് (നേതൃത്വം) അടുപ്പമുള്ളവർ പാർട്ടി വിടുകയും അവരോട് അടുപ്പമില്ലെന്ന് കരുതുന്നവർ ഇപ്പോഴും പാർട്ടിയിൽ തുടരുകയും ചെയ്യുന്നു എന്നതാണ് കോൺഗ്രസിലെ വൈരുധ്യം’, സിബൽ കൂട്ടിച്ചേർത്തു.

