ഒരു വർഷത്തിനിടെ കാസർകോട് ജില്ലയിൽ മൃഗങ്ങളുടെ കടിയേറ്റത് 7918 പേർക്ക്; 99% പേർക്കും പേവിഷബാധ പട്ടി, പൂച്ച എന്നിവയിൽ നിന്ന്

കാഞ്ഞങ്ങാട്: ജില്ലയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ നായ്ക്കളുടെ കടിയേറ്റു ചികിത്സ തേടിയത് 5303 പേർ. പേ വിഷബാധയേറ്റ ഒരാൾ മരിക്കുകയും ചെയ്തു. ജില്ലയിൽ 7918 പേരാണ് വിവിധ മൃഗങ്ങളുടെ കടിയേറ്റു ചികിത്സ തേടിയത്. പട്ടി, പൂച്ച എന്നിവയിൽ നിന്നാണ് 99% പേർക്കും പേവിഷബാധ ഉണ്ടാകുന്നത്. കുരങ്ങ്, അണ്ണാൻ, കുറുക്കൻ, ചെന്നായ എന്നീ മൃഗങ്ങളിൽ നിന്നും പേവിഷബാധ ഉണ്ടാകാറുണ്ട്. വളർത്തു നായ്ക്കളെക്കാൾ തെരുവു നായ്ക്കളുടെ കടിയേറ്റാണ് കൂടുതൽ പേർ ചികിത്സ തേടിയത്. നഗര, ഗ്രാമ ഭേദമില്ലാതെ ജില്ലയിൽ തെരുവുനായ്ക്കളുടെ വിളയാട്ടമാണ്. സ്കൂൾ, ആശുപത്രി, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ പ്രധാന സ്ഥലങ്ങളിൽ പോലും നായ്ക്കളെ നിയന്ത്രിക്കാൻ അധികൃതർക്ക് കഴിയുന്നില്ല. ജില്ലാ ആശുപത്രിയുടെ അകത്തു നിന്നു പോലും നായയുടെ കടിയേറ്റ സംഭവം ഉണ്ടായിട്ടുണ്ട്.
മൃഗങ്ങളുടെ കടിയേറ്റാൽ
ഉടൻ തന്നെ മുറിവേറ്റ ഭാഗം ടാപ്പ് വെള്ളത്തിലോ വെള്ളം കോരി ഒഴിച്ചോ സോപ്പ് ഉപയോഗിച്ച് 15 മിനിറ്റ് തുടർച്ചയായി നന്നായി കഴുകണം. അതിനുശേഷം തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടണം. മുറിവിന്റെ തരം അനുസരിച്ചാണ് വാക്സീനുകൾ നൽകുന്നത്. തൊലിപ്പുറത്തുള്ള മാന്തൽ, രക്തം വരാത്ത ചെറിയ പോറലുകൾ, എന്നിവയ്ക്ക് ഐഡിആർവി വാക്സീൻ ആണ് സാധാരണയായി നൽകുന്നത്. ഈ വാക്സീൻ പ്രാഥമിക ആരോഗ്യ കേന്ദ്രം, കുടുംബാരോഗ്യ കേന്ദ്രം ഉൾപ്പെടെയുള്ള ജില്ലയിലെ മുഴുവൻ സർക്കാർ ആശുപത്രികളിലും ലഭ്യമാണ്. ശരീരത്തിലെ മുറിവുള്ള ഭാഗങ്ങളിൽ നക്കൽ, ചുണ്ടിലോ വായയിലോ നക്കൽ, വന്യ മൃഗങ്ങളുടെ കടി എന്നിവയേറ്റാൽ ആന്റി റാബിസ് ഇമ്യൂണോ ഗ്ലോബുലിൻ ആണ് നൽകുക. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസർകോട് ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ വാക്സീൻ ലഭ്യമാണ്. മുറിവ് പരിശോധിച്ച ശേഷം ഏതു വാക്സീൻ നൽകണമെന്ന് ഡോക്ടർ തീരുമാനിക്കും.
മൃഗങ്ങളുമായി ഇടപെടുമ്പോൾ ശ്രദ്ധിക്കണം
മൃഗങ്ങളുമായി ഇടപെട്ടു കഴിഞ്ഞാൽ ഉടൻ തന്നെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കണം. വളർത്തുമൃഗങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ് കൃത്യമായി എടുക്കണം. മുഖത്തോട് മുഖം ചേർത്തു മൃഗങ്ങളെ ഓമനിക്കരുത്. മുഖത്തോ, ചുണ്ടിലോ നക്കാൻ അവയെ അനുവദിക്കരുത്.

