വാട്സ്ആപിൽ 3633, എഫ്ബിയിൽ 3136, ഇൻസ്റ്റയിൽ 2000; ഇമോജികളിലുമുണ്ട് പല കാര്യങ്ങൾ

പെരിയ ∙ ‘ഒരു ഇമോജിയിലെന്തിരിക്കുന്നു കാര്യം എന്നാണോ?.’ വരട്ടെ, ഇമോജികളിലും ‘കാര്യ’മുണ്ടെന്നു കണ്ടെത്തിയിരിക്കുകയാണ് കേരള കേന്ദ്ര സർവകലാശാലയിലെ ഗവേഷകർ. നവമാധ്യമങ്ങളിൽ പരസ്പര വിനിമയത്തിന് ഉപയോഗിക്കുന്ന ഇമോജികൾ സാംസ്‌കാരിക വൈരുധ്യങ്ങൾ നിറഞ്ഞതാണെന്നാണ് ഇവരുടെ കണ്ടെത്തൽ. മുഖഭാവ, വൈകാരിക പ്രകടനങ്ങളേക്കാൾ പതിന്മടങ്ങ് ഭാവങ്ങൾ(എക്സ്പ്രഷൻസ്) ഇന്ത്യ പോലുള്ള പൗരസ്ത്യരാജ്യങ്ങളിലെ ജനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്നും അവയ്ക്ക് അനുയോജ്യമായ ഇമോജികൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ലഭ്യമായിട്ടില്ലെന്നുമാണ് ഇവരുടെ പഠനം തെളിയിക്കുന്നത്. അതിനാൽ വിവിധ സംസ്കാരങ്ങളിൽ ജീവിക്കുന്ന മനുഷ്യർ നടത്തുന്ന വിനിമയങ്ങളിൽ വലിയ വൈരുധ്യങ്ങളുണ്ടാകുന്നുവെന്നാണ് കണ്ടെത്തൽ.
കേരള കേന്ദ്ര സർവകലാശാല ഇംഗ്ലീഷ് ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ വിഭാഗം അസി. പ്രഫസർ ഡോ. ബി. ഇഫ്തിഖാർ അഹമ്മദും പിഎച്ച്ഡി ഗവേഷക വിദ്യാർഥിനി എം.ശ്രീലക്ഷ്മിയുമാണ് ഇതു സംബന്ധിച്ച് പഠനം നടത്തിയത്. യുജിസി കെയർലിസ്റ്റിൽ ഉൾപ്പെട്ട രാജ്യാന്തര ഗവേഷണ ജേർണലായ ‘കലാ സരോവറി’ൽ ഇതുസംബന്ധിച്ച പ്രബന്ധവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.പിക്റ്റോഗ്രാം, ലോഗോഗ്രാം, ഐഡിയോഗ്രാം, സ്മൈലി എന്നിങ്ങനെയുള്ള ഡിജിറ്റൽ ടെക്സ്റ്റുകളെ അധികരിച്ചാണ് പഠനം നടന്നത്.
വാട്സ്ആപിൽ ഉപയോഗിക്കുന്ന 3,633 ഇമോജികൾ, ഫെയ്‌സ്ബുക്കിലെ 3,136, ഇൻസ്റ്റഗ്രാമിലെ 2,000, ട്വിറ്ററിലെ 3,245 എന്നിവയുടെ യുണികോഡ് സമ്മാനിക്കുന്ന മുഖഭാവ പ്രകടനങ്ങൾ, ആഘോഷങ്ങൾ, സ്ഥലങ്ങളും കാലാവസ്ഥയും അടക്കമുള്ള ഇമോറ്റികോൺസ് എന്നിവ അടയാളപ്പെടുത്തുന്ന വ്യത്യസ്ത ‘ഴോണറു’കൾ ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ വൈകാരികതയുടെയും അപ്രതീക്ഷിതമായി ഉണ്ടാകുന്ന പ്രതികരണത്തിന്റെയും അതിവിശാലമായ അടയാളങ്ങളാകാൻ ഇപ്പോൾ ലഭ്യമായ ഇമോജികൾ പര്യാപ്തമല്ലെന്നാണു സമർഥിക്കുന്നത്.

