KSDLIVENEWS

Real news for everyone

മുഹമ്മദ് ഫൈസലിന് ആശ്വാസം; ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ് മരവിപ്പിച്ചു

SHARE THIS ON

ന്യൂഡല്‍ഹി: ലക്ഷദ്വീപ് ഉപതിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു. ലക്ഷദ്വീപ് മുന്‍ എം.പി. മുഹമ്മദ് ഫൈസലിന്റെ ശിക്ഷ ഹൈക്കോടതി സസ്പെന്‍ഡ് ചെയ്തതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. വധശ്രമക്കേസില്‍ ഫൈസലിന്റെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി നേരത്തേ തടഞ്ഞിരുന്നു. ജനപ്രാതിനിധ്യ നിയമത്തിലെ എട്ടാം വകുപ്പ് പ്രകാരം ക്രിമിനല്‍ കേസിലെ ശിക്ഷ സ്‌റ്റേ ചെയ്യുകയോ മരവിപ്പിക്കുകയോ ചെയ്താല്‍ സ്വാഭാവികമായും അയോഗ്യത നീങ്ങും. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉപതിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം തിരഞ്ഞെടുപ്പ് കമ്മിഷന്‍ മരവിപ്പിച്ചത്. ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ലയുമായി മുഹമ്മദ് ഫൈസല്‍ തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. മുതിര്‍ന്ന എന്‍.സി.പി. നേതാവ് ശരദ് പവാറിനൊപ്പമായിരുന്നു ഫൈസല്‍ സ്പീക്കറെ കണ്ടത്. വധശ്രമക്കേസില്‍ മുഹമ്മദ് ഫൈസലിനും സഹോദരങ്ങള്‍ ഉള്‍പ്പെടെ നാലുപേര്‍ക്കും പത്തുവര്‍ഷം തടവുശിക്ഷ ലഭിച്ചിരുന്നു. കവരത്തി ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചിരുന്നത്. 2009-ലെ തിരഞ്ഞെടുപ്പിനിടയിലുണ്ടായ സംഘര്‍ഷത്തില്‍ മുഹമ്മദ് സാലിഹ് എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചതിനാണ് ശിക്ഷ വിധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!