KSDLIVENEWS

Real news for everyone

സമ്മേളന സംസ്കാരത്തിന് പുതുവഴി സൃഷ്ടിച്ച്‌ എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റിക്ക് പ്രൗഢോജ്വല സമാപനം

SHARE THIS ON

കണ്ണൂര്‍ : എസ് എസ് എഫ് ഗോള്‍ഡന്‍ ഫിഫ്റ്റി സമാപിച്ചത് സമ്മേളന സംസ്കാരത്തിന് പുതുവഴി തീര്‍ത്ത്. ക്രിയാത്മകതയുടെ മാതൃകയും വൈവിധ്യങ്ങളുടെ സൗന്ദര്യവുമാണ് ഗോള്‍ഡന്‍ ഫിഫ്റ്റിയെ വേറിട്ടുനിര്‍ത്തിയത്. വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ, കരിയര്‍ ഭാവിയും ധൈഷണിക വികാസവും മുഖ്യ ആശയമായി സ്വീകരിച്ചായിരുന്നു ഒരാഴ്ചയായി കണ്ണൂരില്‍ സമ്മേളനം നടന്നത്. വിദ്യാഭ്യാസ കരിയര്‍ എക്സ്പോ, ദേശീയ പുസ്തകോത്സവം, സാമൂഹികവും രാഷ്ട്രീയവുമായ വിഷയങ്ങളില്‍ പഠന, സംവാദ സമ്മേളനങ്ങള്‍ എന്നിവ ഗോള്‍ഡന്‍ ഫിഫ്റ്റിയുടെ മുഖമുദ്രയായി. അമ്ബതാം വാര്‍ഷിക സമാപനത്തില്‍ 50 ആശയ സമ്മേളനങ്ങളും സംഘടിപ്പിച്ചു. ഉപരിപഠന, തൊഴില്‍ മേഖലകളിലേക്ക് ദിശാബോധം നല്‍കുന്നതിനായി 80 വിഭാഗങ്ങളിലായി 250 കരിയര്‍ വിദഗ്ധര്‍ പങ്കെടുത്ത എഡുസൈന്‍ കരിയര്‍ എക്സ്പോ സമ്മേളനത്തിന്റെ മുഖ്യ ആകര്‍ഷണമായിരുന്നു. രണ്ട് ലക്ഷത്തോളം പേര്‍ കരിയര്‍ എക്സ്പോയിലെ ഗൈഡന്‍സ് ഡെസ്കുകളില്‍ സേവനവും വിവരങ്ങളും തേടിയെത്തി. രാഷ്ട്രീയം, സാമൂഹികം, കല, സാഹിത്യം, മതം തുടങ്ങിയ വിഭാഗങ്ങളില്‍ പഠനങ്ങള്‍, സംവാദങ്ങള്‍, പ്രഭാഷണങ്ങള്‍ എന്നിവ ഉള്‍പെടുത്തിയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ 50 സമ്മേളനങ്ങള്‍ നടന്നത്. ദീപു എസ് നായര്‍, പിഎന്‍ ഗോപീകൃഷ്ണന്‍, രാഹുല്‍ റെഡ്ഡി (മൈക്രോസോഫ്റ്റ്), ഡോ. കെഎം അനില്‍, കെകെ ബാബുരാജ്, സുകുമാരന്‍ ചാലിഗദ്ധ, വിനില്‍പോള്‍, ഗോപിനാഥ് രവീന്ദ്രന്‍, സനീഷ് ഇളയിടത്ത്, ടിഎം ഹര്‍ഷന്‍, പികെ സുരേഷ്കുമാര്‍, ആര്‍ രാജഗോപാല്‍, രാജീവ് ശങ്കരന്‍, എം ലിജു, വികെ സനോജ്, ഡോ. എന്‍ എന്‍ മുസ്ഥഫ, ഡോ. ശ്യാംകുമാര്‍, ഡോ. കെഎ നുഐമാന്‍, ഡോ. പി ശിവദാസന്‍ തുടങ്ങിയ പ്രഗത്ഭരാണ് വിവിധ സമ്മേളനങ്ങളില്‍ പ്രസംഗിച്ചത്. വിവിധ പ്രസാധകരുടെതായി 5,000ലധികം പുസ്തകങ്ങളുടെ ശേഖരവുമായി നടന്ന ദേശീയ പുസ്തകോത്സവം സമ്മേളനത്തിലെ മുഖ്യ ആകര്‍ഷണമായിരുന്നു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ആയിരങ്ങളാണ് പുസ്തകമേളയിലെത്തി പുസ്തകങ്ങള്‍ സ്വന്തമാക്കിയത്. പുസ്തകോത്സവത്തോടനുബന്ധിച്ച്‌ എസ് എസ് എഫ് പ്രസാധന സംരംഭമായ ഐ പി ബിയുടെ 50 പുസ്തകങ്ങളുടെ പ്രകാശനവും നടന്നു. പുസ്തകമേളയില്‍ സാഹിത്യ സംവാദങ്ങള്‍, പുസ്തക ചര്‍ച്ചകള്‍, സാംസ്കാരിക സംസാരങ്ങള്‍ എന്നിവയും നടന്നു. സംസ്ഥാനത്തെ 120 ഡിവിഷന്‍ കമ്മിറ്റികളില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട ആയിരം വിദ്യാര്‍ഥികള്‍ പങ്കെടുത്ത സംസ്ഥാന പ്രതിനിധി സമ്മേളനവും ഗോള്‍ഡന്‍ ഫിഫ്റ്റിയുടെ ഭാഗമായി നടന്നു. വിവിധ സാമൂഹിക പഠന സെഷനുകളും ചര്‍ച്ചകളും പ്രതിനിധി സമ്മേളനത്തില്‍ നടന്നു. പ്രതിനിധികള്‍ക്കു പുറമേ കണ്ണൂര്‍ ജില്ലയില്‍നിന്നുള്ള പ്രതിനിധികള്‍ള്‍ വിവിധ ഉപ സമ്മേളനങ്ങളില്‍ പങ്കെടുത്തു. നമ്മള്‍ ഇന്ത്യന്‍ ജനത പ്രമേയത്തില്‍ ഒരു വര്‍ഷം നീണ്ടുനിന്ന ഗോള്‍ഡന്‍ ഫിഫ്റ്റി പരിപാടികള്‍ക്കാണ് സമാപനമായത്. ഒരു വര്‍ഷത്തിനിടെ പ്രമേയം മുന്നോട്ടു വെക്കുന്ന രാജ്യത്തിന്റെ ജനാധിപത്യ, മതേതര, ദേശീയ സന്ദേശങ്ങളെ ആസ്പദിച്ച്‌ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ജവഹര്‍ സ്റ്റേഡിയത്തിലെ തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തെ സാക്ഷിയാക്കി ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി സുല്‍ത്താനുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്്ലിയാര്‍ ഗോള്‍ഡന്‍ ഫിഫ്റ്റി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.സമസ്ത പ്രസിഡന്റ് റഈസുല്‍ ഉലമ ഇ സുലൈമാന്‍ മുസ്്ലിയാര്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാര്‍ഥന നിര്‍വഹിച്ചു. സയ്യിദ് ഇബ്്റാഹിം ഖലീല്‍ അല്‍ബുഖാരി, സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്്ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, സയ്യിദ് ത്വാഹാ സഖാഫി, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി, ഡോ. മുഹമ്മദ് ഫാറൂഖ് നഈമി പ്രസംഗിച്ചു. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഫിര്‍ദൗസ് സുറൈജ് സഖാഫി, സി ആര്‍ കെ മുഹമ്മദ് എന്നിവര്‍ നയപ്രഖ്യാപനം നടത്തി. സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ കുറ, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, അബു ഹനീഫല്‍ ഫൈസി തെന്നല, വി പി എം ഫൈസി വില്ല്യാപ്പള്ളി, സംബന്ധിച്ചു. ഡോ. അബൂബക്കര്‍ സ്വാഗതവും റശീദ് നരിക്കോട് നന്ദിയും പറഞ്ഞു. രിസാല വാരികയുടെ ഡിജിറ്റല്‍ പ്രസിദ്ധീകരണമായ രിസാല അപ്‌ഡേറ്റിന്റെ പ്രകാശനവും കാന്തപുരം നിര്‍വഹിച്ചു. കഴിഞ്ഞ 23 ന് ധര്‍മപതാക വാനിലുയര്‍ത്തിയതോടെ തുടക്കം കുറിച്ച ഗോള്‍ഡന്‍ ഫിഫ്റ്റി സമ്മേളനം വൈവിധ്യങ്ങളായ സമ്മേളനങ്ങള്‍ക്ക് ശേഷമാണ് ഇന്നലെ വൈകീട്ട് തിങ്ങിനിറഞ്ഞ ഐതിഹാസിക സമ്മേളനത്തോടെ സമാപിച്ചത്. കണ്ണൂരിലെ അഞ്ച് വേദികളിലായി അമ്ബതോളം സെഷനുകളാണ് മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ചത്. പ്രതിനിധി സമ്മേളനത്തില്‍ രണ്ടായിരത്തോളം പേര്‍ പങ്കെടുത്തു. രാജ്യത്തിന്റെ വര്‍ത്തമാനം, പൗരന്റെ ഭാവി, ദേശീയ വിദ്യാഭ്യാസ നയം, ഭരണകൂടം, മാധ്യമങ്ങള്‍, ജനാധിപത്യം, അംബേദ്കറിന്റെ രാഷ്ട്ര സങ്കല്‍പ്പങ്ങള്‍, മതേതര കേരളം: ആകുലതകള്‍, ആശ്വാസങ്ങള്‍, ചരിത്രത്തിന്റെ നിറംമാറ്റങ്ങള്‍; വ്യാജ നിര്‍മിതികളുടെ ബദലുകള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടു. നമ്മള്‍ ഇന്ത്യന്‍ ജനത എന്ന പ്രമേയത്തിന്റെ വിവിധ തലങ്ങള്‍ ചര്‍ച്ച ചെയ്യുന്ന അമ്ബത് സെഷനുകളാണ് കഴിഞ്ഞ നാല് ദിനങ്ങളിലായി കണ്ണൂര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയത്. ദിനേശ് ഓഡിറ്റോറിയം, കാള്‍ടെക്‌സ്, കലക്്ടറേറ്റ് മൈതാനം, പോലീസ് മൈതാനം, നെഹ്‌റു കോര്‍ണര്‍, സ്റ്റേഡിയം കോര്‍ണര്‍ എന്നിങ്ങനെ ആറ് കേന്ദ്രങ്ങളില്‍ നടന്ന വിവിധ പരിപാടികള്‍ ശ്രവിക്കാനെത്തിയത് നൂറുകണക്കിനാളുകളാണ്. വേദികളിലെ ഓരോ സെഷനും പങ്കാളിത്തം കൊണ്ട് ചെറു സമ്മേളനങ്ങളായി മാറി. പോലീസ് മൈതാനിയില്‍ നടന്ന പുസ്തകലോകം സന്ദര്‍ശിക്കാന്‍ എത്തിയവരുടെ എണ്ണം ഇതിനകം അമ്ബതിനായിരം കടന്നതായാണ് സംഘാടകരുടെ വിലയിരുത്തല്‍. നാല് ദിനങ്ങള്‍ കണ്ണൂരിനെ ഇളക്കിമറിച്ചതിന്റെ ആത്മവിശ്വാസവുമായാണ് മഹാസമ്മേളനം സമാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!