KSDLIVENEWS

Real news for everyone

‘തെളിവ് തന്നാല്‍ മെനക്കേടില്ലാതെ ഒരു കോടി’: കേരള സ്റ്റോറിക്കെതിരെ യൂത്ത് ലീഗ് വെല്ലുവിളി

SHARE THIS ON

മലപ്പുറം ∙ കേരളത്തിൽനിന്ന് മതംമാറി 32,000 പേർ സിറിയയിലേക്ക് പോയെന്ന പ്രചാരണത്തിൽ തെളിവു സമർപ്പിക്കുന്നവർക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് മുസ്‌ലിം യൂത്ത് ലീഗ്. മേയ് 4നു രാവിലെ 11നും വൈകിട്ട് 5നുമിടയിൽ യൂത്ത് ലീഗിന്റെ ജില്ലാ കേന്ദ്രങ്ങളിലെ കൗണ്ടറിലെത്തി തെളിവു സമർപ്പിച്ചാൽ ഒരു കോടി നേടാമെന്ന് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ.ഫിറോസ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. ‘ദ് കേരള സ്റ്റോറി’ എന്ന സിനിമയുടെ ട്രെയിലർ പുറത്തുവന്നതിനു പിന്നാലെയുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് വെല്ലുവിളി. രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി നുണകൾ മാത്രം പറയുന്ന സംഘപരിവാർ ഫാക്ടറിയിലെ ഏറ്റവും വലിയ നുണകളിൽ ഒന്നാണ് ലൗ ജിഹാദ് വഴി മതം മാറ്റി സിറിയയിലേക്ക് കടത്തിയെന്ന ആരോപണമെന്ന് പി.കെ.ഫിറോസ് പറഞ്ഞു. കേരളത്തിൽ 32,000 പേരെ ഇത്തരത്തിൽ മതം മാറ്റിയെന്ന് സംഘ് സ്പോൺസേർഡ് സിനിമ ആധികാരിക കണക്കുകൾ കയ്യിലുണ്ടെന്ന വാദത്തോടെ പറയുന്നു. അപ്പോൾ ഒരു പഞ്ചായത്തിൽ ശരാശരി 30 പേരെങ്കിലും ഉണ്ടാവുമല്ലോ? പക്ഷേ, ഒരാളുടെയെങ്കിലും അഡ്രസ് ചോദിക്കുമ്പോൾ ഒന്നും കേൾക്കാത്ത പോലെ തലതാഴ്ത്തി ഇരിപ്പാണ്– ഫിറോസ് പരിഹസിച്ചു. കുറിപ്പിന്റെ പൂർണരൂപം: രാഷ്ട്രീയ ലക്ഷ്യങ്ങൾക്ക് വേണ്ടി നുണകൾ മാത്രം പറയുന്ന സംഘ് പരിവാർ ഫാക്ടറിയിലെ ഏറ്റവും വലിയ നുണകളിൽ ഒന്നാണ് ലൗ ജിഹാദ് വഴി മതം മാറ്റി സിറിയയിലേക്ക് കടത്തി എന്ന ആരോപണം. കേരളത്തിൽ 32000 പേരെ ഇവ്വിധം മാറ്റി എന്ന് സംഘ് സ്പോൺസേർഡ് സിനിമ ആധികാരിക കണക്കുകൾ കയ്യിലുണ്ടെന്ന വാദത്തോടെ പറയുമ്പോൾ ഒരു പഞ്ചായത്തിൽ ശരാശരി 30 പേരെങ്കിലും ഉണ്ടാവുമല്ലോ. പക്ഷേ, ഒരാളുടെയെങ്കിലും അഡ്രസ് ചോദിക്കുമ്പോൾ ഒന്നും കേൾക്കാത്ത പോലെ തലതാഴ്ത്തി ഇരിപ്പാണ്. അതുകൊണ്ട്, തെളിവ് കൊണ്ടുവരുന്നവർക്ക് ഒരുകോടി രൂപ മുസ്‌ലിം യൂത്ത് ലീഗ് ഇനാം നൽകുമെന്ന് പ്രഖ്യാപിക്കുകയാണ്. അങ്ങനെ തെളിവുകൾ കയ്യിലുള്ള ആർക്കും മുസ്‌ലിം യൂത്ത് ലീഗിന്റെ ജില്ലാ കേന്ദ്രങ്ങളിലെ കൗണ്ടറിൽ അത് സമർപ്പിച്ച് മെനക്കേടില്ലാതെ ഒരുകോടി നേടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!