തൃശ്ശൂർ ഇരിങ്ങാലക്കുട സ്വദേശിനി ഫസീലയുടെ മരണം: ഭര്‍തൃപീഡനമെന്ന് പരാതി; ഭർത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍

തൃശ്ശൂര്‍: ഇരിങ്ങാലക്കുടയില്‍ ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍. വെള്ളാങ്ങല്ലൂര്‍ കരുമാത്ര നൗഫലിന്റെ ഭാര്യ ഫസീലയെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ചൊവ്വാഴ്ചയായിരുന്നു സംഭവം. ഭര്‍തൃപീഡനമാണ് മരണത്തിന് കാരണമെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നൗഫലിനെ ചോദ്യംചെയ്തുവരികയാണ്.
ഭര്‍തൃവീട്ടിലെ ടെറസിലാണ് ഫസീലയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഒന്നര വര്‍ഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. കാര്‍ഡ് ബോര്‍ഡ് കമ്പനി ജീവനക്കാരനാണ് നൗഫല്‍. ദമ്പതികള്‍ക്ക് ഒരു കുഞ്ഞുണ്ട്.
ജീവനൊടുക്കുന്നതിന് തൊട്ടുമുന്‍പ് ഫസീല താന്‍നേരിട്ട പീഡനത്തെക്കുറിച്ച് വെളിപ്പെടുത്തി മാതാവിന് വാട്സാപ്പ് സന്ദേശം അയച്ചിരുന്നു. താന്‍ രണ്ടാമതും ഗര്‍ഭിണിയാണെന്നും നൗഫല്‍ വയറ്റില്‍ ചവിട്ടിയെന്നും മരിക്കാന്‍ പോവുകയാണെന്നുമായിരുന്നു സന്ദേശം.
”ഉമ്മാ, ഞാന്‍ രണ്ടാമത് ഗര്‍ഭിണിയാണ്. നൗഫല്‍ വയറ്റില്‍ ചവിട്ടി, ഉപദ്രവിച്ചു. വേദനിച്ചപ്പോള്‍ ഞാന്‍ നൗഫലിന്റെ കഴുത്തിന് പിടിച്ചു. ഇവിടത്തെ ഉമ്മയും എന്നെ പീഡിപ്പിച്ചു. തെറിവിളിച്ചു. ഉമ്മാ, ഞാന്‍ മരിക്കുകയാണ്. അല്ലെങ്കില്‍ എന്നെ ഇവര്‍ കൊല്ലും. എന്റെ കൈ നൗഫല്‍ പൊട്ടിച്ചു. പക്ഷേ, എന്നെ പോസ്റ്റ്മോര്‍ട്ടം ചെയ്യരുത്”, എന്നായിരുന്നു ഫസീലയുടെ സന്ദേശം. ഇതിനുശേഷമാണ് യുവതി ജീവനൊടുക്കിയതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

