യൂണിഫോം മാറ്റി തോര്‍ത്തുടുത്തു, വെള്ളപ്പൊക്കം വകവെക്കാതെ രക്ഷാപ്രവർത്തനം; വൈറലായി എസ്ഐ പ്രശാന്ത് കുമാർ

കോട്ടയം: വെള്ളപ്പൊക്ക ദുരിതം നേരിട്ടവർക്ക് രക്ഷാപ്രവർത്തനവുമായി പാമ്പാടി പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ പ്രശാന്ത് കുമാർ. വീടുകളിൽ ഒറ്റപ്പെട്ടപോയവരെ രക്ഷിക്കാൻ യൂണിഫോം അഴിച്ചുവെച്ച് സാഹസിക രക്ഷാപ്രവർത്തനത്തിനിറങ്ങിയ എസ്.എച്ച്.ഒയുടെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി.
കഴിഞ്ഞദിവസമുണ്ടായ മഴയിൽ പാമ്പാടി പുറക്കളം ഭാഗത്ത് തോട് കരകവിഞ്ഞൊഴുകി വീടുകൾ ഒറ്റപ്പെട്ടതോടെ നാട്ടുകാർ പോലീസിനെ വിളിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പാമ്പാടി എസ്.എച്ച്.ഒ പ്രശാന്ത് കുമാറും സംഘവും രക്ഷാപ്രവർത്തനം ആരംഭിച്ചു. നാട്ടുകാരിൽ നിന്ന് തോർത്ത് വാങ്ങി ഉടുത്ത് കരകവിഞ്ഞ് ഒഴുകുന്ന തോട് നീന്തി എസ്.എച്ച്.ഒ ഒറ്റപ്പെട്ട വീടുകളിൽ എത്തി. അഗ്നിരക്ഷാസേനയുടെ സഹായത്തോടെ വീട്ടുകാരെ മറുകരയിൽ എത്തിച്ചു.
ശ്രീനിലയം രാമചന്ദ്രന്റെ അർബുദ രോഗിയായ അമ്മയെയും അങ്ങാടിക്കുന്നേൽ അഭിലാഷ്, രാജൻ എന്നിവരെയും പ്രശാന്ത് കുമാറിൻറെ നേതൃത്വത്തിൽ സുരക്ഷിതമായി അക്കരെയെത്തിക്കാൻ സാധിച്ചു. സഹപ്രവർത്തകരുടെയും നാട്ടുകാരുടെയും സഹകരണംകൊണ്ടാണ് രക്ഷാപ്രവർത്തനം നല്ല രീതിയിൽ നടത്താൻ കഴിഞ്ഞതെന്ന് അദ്ദേഹം പറഞ്ഞു.

