മുസ്ലിം ലീഗിനോടുള്ള സമസ്ത നിലപാട്: SKSSF-ലേക്കും പടർന്ന് വിഭാഗീയത, യോഗത്തിൽ ചേരിതിരിഞ്ഞ് പോര്

കോഴിക്കോട്: മുസ്ലിം ലീഗിനോടുള്ള സമീപനത്തെചൊല്ലി സമസ്തയിൽ ഉടലെടുത്ത വിഭാഗീയത എസ്.കെ.എസ്.എസ്.എഫിലേക്ക് കൂടി വ്യാപിക്കുന്നു. സമാന്തരപ്രവർത്തനം ചോദ്യം ചെയ്തതോടെ മലപ്പുറം ജില്ലാ നേതൃയോഗം എസ്.കെ.എസ്.എസ്എഫിന്റെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ പിരിച്ചുവിട്ടു. എസ്.കെ.എസ്.എസ്.എഫിന്റെ പൂർവകാല നേതാക്കളെ ആദരിക്കുന്ന പരിപാടിക്കായി സ്വാഗത സംഘം രൂപീകരിക്കാൻ വേണ്ടിയായിരുന്നു എസ്.കെ.എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ യോഗം വിളിച്ചത്. എന്നാൽ വാഫി വഫിയ വിദ്യാർഥികൾ അവരുടെ കേന്ദ്രങ്ങളിൽ മറ്റൊരു യോഗം വിളിച്ചു ചേർത്തു. ഈ യോഗത്തിന് ഹമീദലി ശിഹാബ് തങ്ങൾ പിന്തുണ പ്രഖ്യാപിച്ചതോടെ സമാന്തര യോഗം ഔദ്യോഗികമായി മാറി. ഈ യോഗത്തിനിടയിൽ ഹമീദലി തങ്ങളുടെ നിലപാടിനെ ചോദ്യം ചെയ്തു കൊണ്ട് ഒരുവിഭാഗം രംഗത്തുവന്നു. ഇവർക്കെതിരെ മറുവിഭാഗവും രംഗത്തെത്തി. യോഗം ബഹളത്തിൽ കലാശിച്ചതോടെ സ്വാഗത സംഘം കമ്മിറ്റി പ്രഖ്യാപിക്കാനാകാതെ യോഗം പിരിച്ചുവിടേണ്ട സാഹചര്യം ഉണ്ടായി. സമസ്ത ലീഗ് കേന്ദ്രങ്ങളിൽ രണ്ട് ചർച്ചകളാണ് നടക്കുന്നത്. ഹമീദലി തങ്ങളുടെ നിലപാടിനെ ചോദ്യം ചെയ്ത് ബഹളമുണ്ടാക്കിയവരെ പിന്തുണച്ചു കൊണ്ട് ഒരു വിഭാഗവും അവരെ എതിർത്തുകൊണ്ട് മറുവിഭാഗവും തമ്മിലുള്ള പോര് ശക്തമാകുന്നുണ്ട്. ഇതിനുപുറമെ, സമസ്തയുടെ രാഷ്ട്രീയം വിശദീകരിക്കാൻ പ്രാദേശിക തലങ്ങളിൽ ആദർശ സമ്മേളനം നടക്കുന്നുണ്ട്. എന്നാൽ ഇത് ഏകപക്ഷീയമാണെന്നും നിർത്തിവെക്കണമെന്നും ചൂണ്ടിക്കാണിച്ച് സമസ്ത നേതാവ് വഹാബുദ്ദീൻ നദ്വിയുടെ നേതൃത്വത്തിൽ സമസ്തയ്ക്ക് കത്ത് നൽകുകയും ചെയ്തിരുന്നു. ഇത് മുശാവറ ചർച്ച ചെയ്തു. കത്തിനെ ചൊല്ലിയും ഇപ്പോൾ ചേരിതിരിഞ്ഞുള്ള ചർച്ചകളും നടക്കുന്നുണ്ട്.

