കോട്ടയം തലയോലപ്പറമ്പിൽ ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച് രക്ഷപെട്ടു, പിന്നാലെ ഗൃഹനാഥന്റെ മൃതദേഹം എറണാകുളം മുളുന്തുരുത്തി റെയില്‍പാളത്തില്‍

കൊച്ചി: ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച ശേഷം കടന്നുകളഞ്ഞയാളെ റെയില്‍പ്പാളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കോട്ടയം തലയോലപ്പറമ്പ് വെള്ളൂര്‍ സ്വദേശി പത്മകുമാറിന്റെ മൃതദേഹമാണ് എറണാകുളം മുളന്തുരുത്തിയിലെ റെയില്‍പ്പാളത്തില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. കോട്ടയം തലയോലപ്പറമ്പില്‍ താമസിക്കുന്ന പത്മകുമാര്‍ ചൊവ്വാഴ്ച രാത്രിയാണ് ഭാര്യയെ ആക്രമിച്ചത്. കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ച ഇയാള്‍ ഇതിനുപിന്നാലെ തലയോലപ്പറമ്പില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് പത്മകുമാറിനെ എറണാകുളം ജില്ലയിലെ മുളന്തുരുത്തി ഒലിപ്പുറത്തെ റെയില്‍പ്പാളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വെട്ടേറ്റ പത്മകുമാറിന്റെ ഭാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

