KSDLIVENEWS

Real news for everyone

പവർ സ്റ്റാർ ഇനി ഓർമ: ബെംഗളൂരു നഗരത്തിൽ അതിസുരക്ഷ, മദ്യവിൽപ്പന നിരോധിച്ചു

SHARE THIS ON

ബെംഗളൂരു: പുനീത് രാജ്കുമാറിന്റെ മരണത്തെത്തുടർന്ന് നഗരത്തിലെ സുരക്ഷ ശക്തമാക്കി ബെംഗളൂരു പോലീസ്. കണ്ഠീരവ സ്റ്റേഡിയത്തിനും സമീപപ്രദേശങ്ങളിലും പ്രത്യേക സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മറ്റിടങ്ങളിലും അതിജാഗ്രതപാലിക്കാൻ പോലീസ് നിർദേശം നൽകിയിട്ടുണ്ട്. അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും നഗരത്തിലെ സ്ഥിതിഗതികൾ ശാന്തമാണെന്നും ബെംഗളൂരു സിറ്റി പോലീസ് ട്വീറ്റ് ചെയ്തു. അതേസമയം സംസ്ഥാന പോലീസ് മേധാവി പ്രവീൺസൂദ് ജില്ലാ പോലീസ് മേധാവികൾക്കും സുരക്ഷ ശക്തമാക്കാൻ നിർദേശം നൽകി. ആരാധകരോട് ശാന്തരാകാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയും അഭ്യർഥിച്ചു.

അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനുള്ള മുൻകരുതലെന്ന നിലയിൽ നഗരത്തിലെ മദ്യവിൽപ്പന 31 വരെ നിരോധിച്ച് സിറ്റി പോലീസ് ഉത്തരവിറക്കി. പുനീത് രാജ്കുമാറിന്റെ ഭൗതികശരീരം പൊതുദർശനത്തിന് വെച്ചിരിക്കുന്നതിനാൽ കണ്ഠീരവ സ്റ്റേഡിയത്തിന് സമീപത്തെ റോഡുകളിലെ ഗതാഗതവും വഴിതിരിച്ചുവിട്ടു.

നഗരത്തിലെ സിനിമാതിയേറ്ററുകളും പ്രവർത്തനം നിർത്തിവെച്ചു. ഞായറാഴ്ച വരെ തിയേറ്ററുകൾ തുറക്കില്ലെന്നാണ് സൂചന. കന്നഡ സിനിമാ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഒട്ടേറെ സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന ഗാന്ധിനഗരയിലെയും സമീപപ്രദേശങ്ങളിലെയും കടകളും മറ്റു സ്ഥാപനങ്ങളും അടച്ചു. സദാശിവനഗറിലെ പുനീതിന്റെ വസതിക്ക് സമീപമുള്ള സെയ്ന്റ് ആൻഡ്രൂ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് കോളേജും വെള്ളിയാഴ്ച അടച്ചു. കണ്ഠീരവ സ്റ്റേഡിയത്തിന് സമീപത്ത് പ്രവർത്തിക്കുന്ന കടകളും ശനിയാഴ്ച പ്രവർത്തിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!