KSDLIVENEWS

Real news for everyone

കൊച്ചിയില്‍നിന്ന്‌ ആഴ്ചതോറും 694 ആഭ്യന്തര സര്‍വീസ്

SHARE THIS ON

നെടുമ്ബാശേരി
കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍നിന്നുള്ള ആഭ്യന്തര സര്‍വീസുകളുടെ ശീതകാല സമയപ്പട്ടിക പ്രഖ്യാപിച്ചു. 31 മുതല്‍ -2022 മാര്‍ച്ച്‌ 26 വരെയാണ്‌ കാലാവധി. ഇതനുസരിച്ച്‌ ആഴ്‌ചതോറും 694 ആഭ്യന്തര ആഗമന—പുറപ്പെടല്‍ സര്‍വീസുകള്‍ ഉണ്ടാകും. നിലവിലുള്ള വേനല്‍ക്കാല സമയപ്പട്ടികയില്‍ 456 സര്‍വീസുകളാണുള്ളത്‌.

കൊച്ചിയില്‍നിന്ന്‌ ഏറ്റവും അധികം ആഭ്യന്തര സര്‍വീസ്‌ നടത്തുന്ന ഇന്‍ഡിഗോ എയര്‍ലൈന്‍സിനൊപ്പം എയര്‍ ഏഷ്യ, എയര്‍ ഇന്ത്യ, ഗോ എയര്‍ എന്നിവയും സര്‍വീസുകള്‍ കൂട്ടി. ആഴ്‌ചതോറും 172 സര്‍വീസുകളാണ്‌ ഇന്‍ഡിഗോ നടത്തുക. ഗോവ, തിരുവനന്തപുരം, കണ്ണൂര്‍ എന്നിവിടങ്ങളിലേക്ക്‌ എല്ലാ ദിവസവുമുള്ള സര്‍വീസുകള്‍ പുനരാരംഭിക്കും.

ഗോവ വിമാനം രാത്രി 11.10ന് പുറപ്പെടും. കണ്ണൂരില്‍നിന്നുള്ളത്‌ 9.25-ന് കൊച്ചിയിലിറങ്ങി 9.45-ന് തിരുവനന്തപുരത്തേക്ക് പോകും. തിരുവനന്തപുരം—കൊച്ചി—കണ്ണൂര്‍ വിമാനം വൈകിട്ട്‌ 6.25ന് കൊച്ചിയിലെത്തും. 6.45ന് കണ്ണൂരിലേക്ക് പോകും.

ബംഗളൂരുവിലേക്ക്‌ ദിവസവും 14 സര്‍വീസുകളുണ്ടാകും. ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളിലേക്ക് എല്ലാ ദിവസവും ആറും ഹൈദരാബാദ്‌, മുംബൈ എന്നിവിടങ്ങളിലേക്ക്‌ ഏഴും വിമാനങ്ങള്‍ പറക്കും. ഹുബ്ബള്ളി, കൊല്‍ക്കത്ത, മൈസൂരു, പുണെ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളും വര്‍ധിപ്പിച്ചു.

സര്‍വീസുകള്‍ പുനരാരംഭിച്ചതില്‍ സന്തോഷമുണ്ടെന്ന് സിയാല്‍ എംഡി എസ് സുഹാസ് പറഞ്ഞു. ചെയര്‍മാന്‍ പിണറായി വിജയന്റെയും ഡയറക്ടര്‍ബോര്‍ഡിന്റെയും നിര്‍ദേശപ്രകാരം രാജ്യാന്തര സര്‍വീസുകളും മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. 2021 അവസാനത്തോടെ കൊച്ചിയിലെ വ്യോമഗതാഗതം സാധാരണനിലയിലാകുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ എംഡി പറഞ്ഞു.





Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!