KSDLIVENEWS

Real news for everyone

വഴി മുടക്കി ട്രക്കുകള്‍, നിശ്ചലമാക്കി ഫ്രീഡം കോണ്‍വോയ്; രഹസ്യ കേന്ദ്രത്തില്‍ കനേഡിയൻ പ്രധാനമന്ത്രി

SHARE THIS ON

ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും കുടുംബവും ഒട്ടാവയിലെ വീട് ഉപേക്ഷിച്ച് മറ്റൊരു രഹസ്യ കേന്ദ്രത്തിലേക്ക് മാറിയതായി ശനിയാഴ്ച റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഒട്ടാവയിൽ ‘ഫ്രീഡം കോൺവോയ്’ എന്ന് വിളിക്കപ്പെടുന്ന പ്രതിഷേധത്തിൽ ആയിരക്കണക്കിന് പ്രതിഷേധക്കാർ പങ്കെടുത്തതോടെയാണ് സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയെ അധികൃതർ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റിയത്. എന്തിനുവേണ്ടിയാണ് പ്രതിഷേധം? രാജ്യത്ത് വാക്സിനേഷൻ സംബന്ധിച്ച് പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പുറപ്പെടുവിച്ച ഉത്തരവിനെതിരെ ശനിയാഴ്ച കാനഡയുടെ തലസ്ഥാനമായ ഒട്ടാവയിലെ തെരുവുകളിലും പാർലമെന്റിന് മുന്നിലും പ്രതിഷേധം നടന്നിരുന്നു.
അതിർത്തി കടന്ന് സർവീസ് നടത്തുന്ന ട്രക്ക് ഡ്രൈവർമാർക്ക് വാക്സിനേഷൻ നിർബന്ധമാക്കിയതിനെ എതിർത്തുകൊണ്ടായിരുന്നു പ്രതിഷേധങ്ങളുടെ ആരംഭം. ‘ഫ്രീഡം കോൺവോയ്’ എന്നായിരുന്നു പ്രതിഷേധത്തിന് അവർ നൽകിയ പേര്. എന്നാൽ വൈകാതെ ഈ പ്രതിഷേധം വാക്സിനേഷൻ വിരുദ്ധ പ്രകടനമായി മാറുകയായിരുന്നു. നിരവധി ട്രക്കുകൾ പങ്കെടുത്ത ‘ഫ്രീഡം കോൺവോയ്’ ആയിരക്കണക്കിന് പ്രതിഷേധക്കാരുടെ അകമ്പടിയോടെ പ്രകടനം നടത്തി. ഇതോടെ തലസ്ഥാന നഗരിയായ ഒട്ടാവ പ്രതിഷേധത്തിന്റെ രണ്ടാം ദിനമായ ഞായറാഴ്ചയും സ്തംഭിച്ചു. അതിനിടെ, പ്രകടനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചില ട്രക്ക് ഡ്രൈവർമാർ കാനഡയിൽ നിന്ന് അമേരിക്കയിലേക്കുള്ള ഹൈവേ ട്രക്കുകൾ നിരത്തി തടഞ്ഞു.
പ്രതിഷേധക്കാർ ഒത്തുകൂടിയതോടെ സുരക്ഷാകാരണങ്ങൾ മുൻനിർത്തി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെയും കുടുംബത്തെയും ശനിയാഴ്ച ഒട്ടാവയിലെ അജ്ഞാത കേന്ദ്രത്തിലേക്ക് അധികൃതർ മാറ്റുകയായിരുന്നുവെന്ന് കനേഡിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സമരം സമാധാനപരമായിരുന്നെങ്കിലും ചിലയിടങ്ങളിൽ അനിഷ്ടസംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് ലോക്കൽ പോലീസ് മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്. ഒട്ടാവ മേയർ ഉൾപ്പടെയുള്ളവർ പ്രതിഷേധത്തെ വിമർശിച്ച് രംഗത്തുവന്നു. ‘ഭീഷണിപ്പെടുത്തി കാര്യം നേടുന്ന തന്ത്രം നിർത്തുക, സഹ കനേഡിയൻമാരോട് കുറച്ച് ബഹുമാനം കാണിക്കുക,’ ഒട്ടാവയിലെ മേയർ ജിം വാട്സൺ ട്വിറ്ററിൽ കുറിച്ചു. സ്വാതന്ത്ര്യ വാഹനവ്യൂഹം’ അഥവാ ഫ്രീഡം കോൺവോയ് കോവിഡുമായി ബന്ധപ്പെട്ട സർക്കാർ നിയന്ത്രണങ്ങൾക്കെതിരെ, പ്രത്യേകിച്ച് യുഎസ്-കാനഡ അതിർത്തി കടന്ന് സർവീസ് നടത്തുന്ന ട്രക്ക് ഡ്രൈവർമാരുടെ വാക്സിനേഷൻ സംബന്ധിച്ച് അടുത്തിടെ വന്ന ഉത്തരവിനെതിരെ പ്രകടനം നടത്താൻ നിരവധി ട്രക്ക് ഡ്രൈവർമാർ ഒത്തുചേർന്ന് തീരുമാനമെടുക്കുകയായിരുന്നു.
വെള്ളിയാഴ്ച, നിരവധി ട്രക്കുകൾ അടങ്ങിയ വാഹനവ്യൂഹങ്ങൾ ഒട്ടാവയിൽ എത്തുകയായിരുന്നു. ഇതോടെ മറ്റ് വാക്സിനേഷൻ വിരുദ്ധ പ്രതിഷേധക്കാരും ഇവരോടൊപ്പം പ്രകടനത്തിൽ അണിനിരന്നു. ഇന്നലെ യുഎസ്-കാനഡ അതിർത്തിയിൽ ഹൈവേ നാലിൽ പൂർണ്ണമായ തടസ്സം സൃഷ്ടിക്കാൻ ഇവർക്ക് കഴിഞ്ഞു. കാനഡയ്ക്കും അമേരിക്കയ്ക്കും ഇടയിലെ ഒരു പ്രധാന വാണിജ്യ പാതയാണ് പ്രതിഷേധക്കാർ തടസ്സം സൃഷ്ടിച്ച ഹൈവേ 4. നൂറോളം ട്രക്കുകളാണ് റോഡ് ഉപരോധിച്ചത്. ഞായറാഴ്ച, അനധികൃതമായി പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുക്കുകയും ബാരിക്കേഡുകൾ സ്ഥാപിക്കുകയും ചെയ്തു. പ്രതിഷേധത്തിന് അയവ് വരുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!