പെഷവാര്‍ സ്ഫോടനം: കൊല്ലപ്പെട്ടവരുടെ എണ്ണം 93 ആയി; ചാവേറിന്റെ തല കണ്ടെടുത്തതായി പൊലീസ്

പേഷവാര്‍: പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പെഷവാര്‍ നഗരത്തിലെ അതീവ സുരക്ഷാ മേഖലയിലെ പള്ളിയില്‍ നടന്ന ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 93 ആയി ഉയര്‍ന്നു. 221 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അവശിഷ്ടങ്ങളില്‍ നിന്ന് ശേഷിക്കുന്ന മൃതദേഹങ്ങള്‍ പുറത്തെടുക്കാനുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. അതേസമയം, പള്ളിക്കുള്ളില്‍ എത്തിയ ചാവേറിന്റേതെന്ന് സംശയിക്കുന്നയാളുടെ തല കണ്ടെടുത്തതായി കാപിറ്റല്‍ സിറ്റി പൊലീസ് ഓഫീസര്‍ മുഹമ്മദ് ഐജാസ് ഖാന്‍ ജിയോ ടിവിയോട് പറഞ്ഞു. ഇന്നലെ ഉച്ചക്ക് 1.40 ഓടെയാണ് പൊലീസ് ആസ്ഥാനത്തുള്ള പള്ളിയില്‍ സ്‌ഫോടനം നടന്നത്. ചാവേര്‍ പൊലീസിന്‍റെ ഔദ്യോഗിക വാഹനം ഉപയോഗിച്ചാകും പള്ളിയില്‍ കടന്നുകൂടിയതെന്ന് സംശയിക്കുന്നുണ്ട്. പള്ളിയില്‍ പ്രാര്‍ഥന നടന്നുകൊണ്ടിരിക്കുമ്ബോള്‍ മുന്‍ നിരയിലുണ്ടായിരുന്ന ചാവേര്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. ഈ സമയം നിരവധി പേര്‍ പള്ളിയിലുണ്ടായിരുന്നു. സ്‌ഫോടനത്തില്‍ പള്ളിയുടെ മേല്‍ക്കൂരയുടെ ഒരുഭാഗം തകര്‍ന്നു വീണതായി പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായാല്‍ സ്ഫോടനത്തിന്റെ കൃത്യമായ സ്വഭാവം വ്യക്തമാകുമെന്നും കാപിറ്റല്‍ സിറ്റി പൊലീസ് ഓഫീസര്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു. ആക്രമണത്തെ തുടര്‍ന്ന് ചൊവ്വാഴ്ച പ്രവിശ്യയില്‍ ദുഃഖാചരണം പ്രഖ്യാപിച്ചു. പാക് താലിബാന്‍ എന്നറിയപ്പെടുന്ന തെഹ്രീകെ താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) ചാവേര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായും കഴിഞ്ഞ ആഗസ്റ്റില്‍ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ട ടിടിപി കമാന്‍ഡര്‍ ഉമര്‍ ഖാലിദ് ഖുറസാനിയുടെ മരണത്തിന് പകരം വീട്ടാനാണ് ഇതെന്നും തെഹ്രീകെ താലിബാന്‍ അവകാശപ്പെട്ടതായും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

