പൊലീസ് ചമഞ്ഞ് സ്വര്‍ണക്കവര്‍ച്ച; കർണാടകക്കാരായ പ്രതികളെ സാഹസികമായി പിടികൂടി

കൊച്ചി ∙ പൊലീസ് ചമഞ്ഞ് സ്വര്‍ണം മോഷ്ടിച്ച പ്രതികള്‍ പിടിയില്‍. കൊച്ചിയിലാണ് സംഭവം. കാറിലും ബൈക്കിലുമായി രക്ഷപ്പെട്ട കര്‍ണാടകക്കാരായ മൂന്നു പ്രതികളെ അതിസാഹസികമായാണ് പിടികൂടിയത്. ഒരാള്‍ രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസമാണ് എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇവർ പൊലീസ് ചമഞ്ഞ് സ്വർണം കവർന്നത്. ഇതിനുശേഷം തൃശൂരിലേക്കു കടന്ന ഇവർ അവിടെനിന്നും സ്വർണം മോഷ്ടിച്ച് എറണാകുളത്തേക്ക് തിരികെ വരുമ്പോഴാണ് ദേശീയ പാതയിൽവച്ച് പൊലീസ് തടഞ്ഞത്. ഇവരെക്കുറിച്ച് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. പൊലീസിനെ വെട്ടിച്ച് കടക്കാൻ ശ്രമിച്ചെങ്കിലും വാഹനം മരത്തിലിടിച്ച് നിന്നതോടെ ഇറങ്ങിയോടാനായി ശ്രമം. ഇതോടെ പൊലീസ് ഇവരെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ഇതിനിടെയാണ് സംഘത്തിലുണ്ടായിരുന്ന ഒരാൾ ഓടി രക്ഷപ്പെട്ടത്. ഇയാൾക്കായി തിരച്ചിൽ തുടരുകയാണ്. വാഹനത്തിൽനിന്ന് മോഷ്ടിച്ച സ്വർണം കണ്ടെടുത്തിട്ടുണ്ട്.