KSDLIVENEWS

Real news for everyone

4.34 ലക്ഷം ഇരട്ടവോട്ടര്‍മാരുടെ പട്ടിക ഇന്ന് രാത്രി പുറത്തുവിടുമെന്ന് ചെന്നിത്തല

SHARE THIS ON

തിരുവനന്തപുരം: ഇരട്ടവോട്ടുള്ളവരുടെ പട്ടിക ഇന്ന് രാത്രി ഒമ്പത് മണിയോടെ www.operationtwins.com എന്ന വെബ്സൈറ്റിലൂടെ പുറത്ത് വിടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇരട്ട വോട്ടുള്ളവർ ബൂത്തിൽ സത്യവാങ്മൂലം നൽകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞത് എന്തുകൊണ്ടെന്ന് മനസ്സില്ലായില്ലെന്നും ഇതൊരു തമാശയായിട്ടേ തോന്നുന്നുള്ളുവെന്നും ചെന്നിത്തല പറഞ്ഞു.

38000 ഇരട്ട വോട്ടുകളേ ഉള്ളൂവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത് ഒരിക്കലും ശരിയല്ല. അവർ വേണ്ട രീതിയിൽ പരിശോധിച്ചിട്ടില്ല. ബി.എൽ.ഒമാരോടാണ് കമ്മീഷൻ പരിശോധിക്കാൻ ആവശ്യപ്പെട്ടത്. ബി.എൽ.ഒമാർക്ക് അവരുടെ ബൂത്തിലെ കാര്യം മാത്രമേ അറിയൂ. അടുത്ത ബൂത്തിലും പഞ്ചായത്തിലും വോട്ടുള്ളവരുടെ കാര്യം അവർക്കറിയില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.

‘4,34,000 വോട്ടുകൾ ഞാൻ കണ്ടെത്തിയിട്ടുണ്ട്. അതിനേക്കാൾ കൂടുതൽ വ്യാജൻമാരുണ്ട്. www.operationtwins.com എന്ന വെബ്സൈറ്റിലൂടെ വ്യാജവോട്ടർമാരുടെ ലിസ്റ്റ് പുറത്തുവിടും. എല്ലാ രാഷ്ട്രീയ പാർട്ടിക്കാർക്കും ഇത് പരിശോധിക്കാം. രാഷ്ട്രീയപാർട്ടി പ്രവർത്തകർക്ക് ലിസ്റ്റ് പരിശോധിച്ച് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്താം. ഇത് തിരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ ചെയ്യേണ്ടതായിരുന്നു. വിപുലമായ പഠനത്തിലൂടെയാണ് ഞാനും എന്റെ സഹപ്രവർത്തകരും ഇത് കണ്ടെത്തിയത്’ ചെന്നിത്തല പറഞ്ഞു.

കള്ളവോട്ട് ചെയ്യുന്നവർ സത്യവാങ്മൂലം നൽകണമെന്ന് പറയുന്നത് മാത്രം തനിക്ക് മനസ്സിലായില്ല. കള്ളവോട്ടുള്ളവർ ആരെങ്കിലും തുറന്ന് സമ്മതിക്കുമോയെന്നും അത് താമാശയായിട്ടേ കാണുന്നുള്ളൂവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഇരട്ട വോട്ടുള്ളവർ ഒരു വോട്ട് മാത്രമേ രേഖപ്പെടുത്തുന്നുള്ളൂ എന്ന് ഉറപ്പുവരുത്താൻ നടപടിയെടുക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇരട്ട വോട്ട് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച ഹർജിയിലായിരുന്നു കോടതി വിധി. വിഷയവുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാർഗരേഖ ഹൈക്കോടതി അംഗീകരിച്ചു. എന്നാൽ 38,586 ഇരട്ട വോട്ടുകൾ മാത്രമേയുള്ളൂവെന്നാണ് കമ്മിഷൻ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!