KSDLIVENEWS

Real news for everyone

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന നടിയുടെ പരാതി; തമിഴ്‌നാട് മുന്‍ മന്ത്രി അറസ്റ്റില്‍

SHARE THIS ON

ചെന്നൈ: തമിഴ്‌നാട് മുന്‍ മന്ത്രി പീഡനക്കേസില്‍ അറസ്റ്റില്‍. എഐഎഡിഎംകെ നേതാവ് എം മണികണ്ഠനെയാണ് ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തത്. മലേഷ്യന്‍ നടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചെന്നാണ് ഇദ്ദേഹത്തിനൊപ്പം താമസിച്ചിരുന്ന നടിയുടെ പരാതി.

അഞ്ചുവര്‍ഷം നീണ്ടുനിന്ന ബന്ധത്തിനിടെ ഗര്‍ഭിണിയായപ്പോള്‍ നിര്‍ബന്ധിച്ചു അലസിപ്പിച്ചെന്നും ബന്ധം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് നേതാവ് ഭീഷണിപ്പെടുത്തുന്നതായും പരാതിയില്‍ പറയുന്നു. രാമനാഥപുരത്തുനിന്നുള്ള പ്രമുഖ എഐഎഡിഎംകെ നേതാവും ജയലളിതയുടെ അടുത്ത അനുയായിയുമാണ് എം. മണികണ്ഠന്‍.

മലേഷ്യയില്‍ ബിസിനസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ടാണു നടിയും മുന്‍മന്ത്രിയും തമ്മില്‍ പരിചയപെടുന്നത്. മന്ത്രിപദവിക്കു പ്രശ്‌നമാകുമെന്നു വിശ്വസിപ്പിച്ചു ചെന്നൈ ഗോപാലപുരത്തെ സ്വകാര്യ ക്ലിനിക്കലെത്തിച്ചു ഗര്‍ഭഛിദ്രം നടത്തിച്ചു. മുന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായി ഇടഞ്ഞതിനെ തുടര്‍ന്നു മണികണ്ഠനെ കഴിഞ്ഞ വര്‍ഷം മന്ത്രിസഭയില്‍നിന്ന് പുറത്താക്കിയിരുന്നു. ഇതോടെ വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തില്‍ നിന്നു പിന്‍മാറിയെന്നും നടി പറയുന്നു.

ബന്ധത്തില്‍ വിള്ളല്‍ വീണതോടെ മണികണ്ഠന്‍ മര്‍ദിക്കുന്നത് പതിവാക്കി. ഇക്കാര്യം പുറത്തുപറഞ്ഞാല്‍ പൊലീസിലും സര്‍ക്കാരിലുമുള്ള സ്വാധീനമുപയോഗിച്ചു തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്. കൂടാതെ സ്വകാര്യ നിമിഷങ്ങളുടെ ഫോട്ടോകളും ദൃശ്യങ്ങളും പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തി. ഇക്കാര്യം പറയുന്ന വാട്‌സാപ്പ് ചാറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകളും നടി പുറത്തുവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!