ലക്ഷദ്വീപ് ചുരുങ്ങുന്നു, ആളുകളുടെ എണ്ണം നിയന്ത്രിക്കണം: പരിഷ്കാരത്തെ പിന്തുണച്ച് അബ്ദുള്ളക്കുട്ടി

എണ്ണം നിയന്ത്രിക്കണം: പരിഷ്കാരത്തെ പിന്തുണച്ച് അബ്ദുള്ളക്കുട്ടി 31 May 2021, 11:14 AM IST അബ്ദുള്ളക്കുട്ടി . ഫോട്ടോ:മാതൃഭൂമി ന്യൂഡൽഹി: ലക്ഷദ്വീപ് വിഷയത്തിൽ കേരള നിയമസഭയിൽ പാസാക്കിയ പ്രമേയം ഭരണഘടനാ വിരുദ്ധമാണെന്ന് ലക്ഷദ്വീപിന്റെ ചുമതലയുള്ള ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടി. പ്രമേയം ലക്ഷദ്വീപിലെ ജനങ്ങൾക്ക് എതിരാണെന്നും കേന്ദ്ര ആഭ്യന്തര വകുപ്പിനെ കേരളം വെല്ലുവിളിക്കുകയാണെന്നും അബ്ദുള്ളക്കുട്ടി വ്യക്തമാക്കി. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിൽ എന്തു പരിഷ്കരണം വരുത്തണമെന്നത് കേന്ദ്രസർക്കാരിന്റെ അധികാരമാണ്. ബിജെപി വിരോധത്തിന്റെ പേരിൽ ഇതിൽ കൈകടത്തുന്നത് ഭരണഘടനാ വിരുദ്ധ പ്രവർത്തനമാണ്. കേരളം പാസാക്കിയ പ്രമേയം നിയമസഭയുടെ അന്തസ് കെടുത്തുകയാണെന്നും അബ്ദുള്ളക്കുട്ടി ആരോപിച്ചു. കേന്ദ്രസർക്കാർ ലക്ഷദ്വീപിന്റെ സംസ്കാരവും പ്രകൃതിയും സംരക്ഷിച്ചുകൊണ്ടാണ് ദ്വീപിനെ ലോകത്തെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമാക്കുന്നത്. കടലാക്രമണത്താൽ ലക്ഷദ്വീപിലെ ഭൂമി ചുരുങ്ങുകയാണ്. അതിനാൽ ആളുകളുടെ എണ്ണം നിയന്ത്രിക്കേണ്ടതുണ്ട്. ജനസംഖ്യാ നിയന്ത്രണം അധുനിക കാലത്തിന്റെ രാഷ്ട്രീയമാണെന്നെന്നും അഡ്മിനിസ്ട്രേറ്ററുടെ പുതിയ നിയന്ത്രണങ്ങൾ സംബന്ധിച്ച ചോദ്യങ്ങളോട് അബ്ദുള്ളക്കുട്ടി പ്രതികരിച്ചു. കേന്ദ്രം 5000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ലക്ഷദ്വീപിൽ നടപ്പാക്കുന്നത്. ദ്വീപിലെ കുടിവെള്ള പ്രശ്നവും യാത്രാ പ്രശ്നവും പരിഹരിച്ചു. ഇനി ഡിജിറ്റൽ സൗകര്യങ്ങളാണ് ദ്വീപ് വാസികൾക്ക് വേണ്ടത്. ജനങ്ങൾ ആഗ്രഹിക്കുന്ന വികസനത്തിനാണ് ബിജെപി നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു

