KSDLIVENEWS

Real news for everyone

ഏഴ് ദിവസംമുന്‍പ് മുന്നറിയിപ്പ് നല്‍കി, അത് അവഗണിച്ചു; സംസ്ഥാന സർക്കാരിനെതിരേ രാജ്യസഭയിൽ അമിത് ഷാ

SHARE THIS ON

ന്യൂഡൽഹി: വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ കേരളത്തിനെതിരേ കടുത്ത വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഏഴ് ദിവസം മുമ്പ് കേരളത്തിന് പ്രളയമുന്നറിയിപ്പ് നൽകിയിരുന്നുവെന്നും സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് വലിയ വീഴ്ച ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം രാജ്യസഭയെ അറിയിച്ചു. ആവർത്തിച്ചുള്ള മുന്നറിയിപ്പ് കേരളം കണക്കിലെടുത്തില്ലെന്നും മുൻകരുതൽ നടപടികൾ സ്വീകരിച്ചില്ലെന്നും ഷാ ആരോപിച്ചു.

വയനാട് ഉരുൾപൊട്ടൽ സംബന്ധിച്ച് രാജ്യസഭയിൽ ഒരു മണിക്കൂറോളം നടന്ന ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. മുന്നറിയിപ്പ് കേരളം എന്തിന് അവഗണിച്ചെന്നു ചോദിച്ച അമിത് ഷാ, ജനങ്ങളെ എന്തുകൊണ്ട് മാറ്റിപാർപ്പിച്ചില്ലെന്നും സംസ്ഥാന സർക്കാർ എന്ത് ചെയ്യുകയായിരുന്നുവെന്നും വിമർശിച്ചു.


‘ദുരന്തത്തിൽ കേന്ദ്രത്തിന് വീഴ്ചയില്ല. കേരളം അടക്കം പ്രളയ സാധ്യതയുള്ള സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. സംസ്ഥാനത്ത് 20 സെന്റീമീറ്ററിൽ അധികം മഴ പെയ്യാനും മണ്ണിടിച്ചിലും പ്രളയവും ഉണ്ടാകാനുമുള്ള സാധ്യതയുണ്ടെന്നും ജൂലായ് 23-ന് കേരളത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതനുസരിച്ചുള്ള മുൻകരുതലുകൾ സ്വീകരിക്കണമെന്നും സംസ്ഥാനത്തോട് നിർദേശിച്ചു. പിന്നീട് ജൂലായ് 24, 25, 26 തീയതികളിലും ആവർത്തിച്ചുള്ള മുന്നറിയിപ്പ് നൽകി. കേന്ദ്രസർക്കാരിന്റെ വെബ് സൈറ്റിലും ഈ മുന്നറിയിപ്പ് ഉണ്ട്. എന്നാൽ, ചിലർ ഇന്ത്യൻ സൈറ്റുകൾ നോക്കില്ല. വിദേശസൈറ്റുകൾ മാത്രമേ പരിഗണിക്കൂ. സാഹചര്യം പരിഗണിച്ച് കേരളത്തിലേക്ക് എൻ.ഡി.ആർ.എഫിന്റെ ഒമ്പത് ബെറ്റാലിനുകളെ ജൂലൈ 23-ന് തന്നെ അയച്ചു’, അമിത് ഷാ വ്യക്തമാക്കി. ഇത് രാഷ്ട്രീയ വാക്ക്പോരിനുള്ള സമയമല്ലെന്നും ദുരന്തത്തിൽ അതീവ ദുഖം രേഖപ്പെടുത്തുന്നുവെന്നും ഷാ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!