KSDLIVENEWS

Real news for everyone

എന്തിനായിരുന്നു അമേരിക്ക ഞങ്ങളുടെ 6 കുട്ടികളെയും കുടുംബാംഗങ്ങളെയും കൊന്നത്? – അഫ്ഗാൻ യുവാവ്

SHARE THIS ON

കാബൂൾ: ‘എന്തിനാണ് അവർ ഞങ്ങളുടെ കുട്ടികളെയും കുടുംബാംഗങ്ങളെയും കൊന്നത്’. കാബൂൾ വിമാനത്താവളത്തിനരികെ ഭീകരരെ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട അഫ്ഗാൻ യുവാവ് റാമിൻ യൂസഫി ചോദിക്കുന്നു.

ഭീകരരെ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത് താലിബാൻ തീവ്രവാദികളല്ലെന്നും കൊല്ലപ്പെട്ടവരിൽ കൂടുതലും കുട്ടികളായിരുന്നുവെന്നാണ് വിവരം. റാമിൻ യുസഫിയുടെ 6 കുട്ടികളടക്കം 10 കുടുംബാംഗങ്ങളാണ് അമേരിക്കയുടെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. രണ്ടു വയസ്സുകാരിയായ കുട്ടിയാണ് കൊല്ലപ്പെട്ടവരിൽ ഏറ്റവും പ്രായം കുറഞ്ഞ കുട്ടി.

കൊല്ലപ്പെട്ടവർക്ക് ഐഎസുമായി ബന്ധമുണ്ടായിരുന്നില്ലെന്നും തെറ്റായ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആക്രമണമുണ്ടായതെന്നുമാണ് സമീപവാസികളെ ഉദ്ധരിച്ചുകൊണ്ട് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. വീടിന് സമീപം നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്കാണ് സ്ഫോടക വസ്തു പതിച്ചത്.

ബന്ധുവായിരുന്ന ആൾ കുട്ടികളെയും കൊണ്ട് പുറത്തു പോകാനൊരുങ്ങുന്നതിനിടെയായിരുന്നു കാറിന് നേരെ അമേരിക്ക ഡ്രോൺ ആക്രമണം നടത്തുന്നത്. കാറിന് ചുറ്റിലും കുട്ടികളായിരുന്നുവെന്നും ആക്രമണത്തിൽ കൊല്ലപ്പെട്ടത് തന്റെ ആറ് മക്കളായിരുന്നുവെന്നും റാമിൻ പറഞ്ഞതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

തന്റെ ബന്ധുക്കളിൽ പലരും അഫ്ഗാനിസ്താനിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരാണ്. കഴിഞ്ഞ 25 വർഷമായി ഞങ്ങൾ ഇവിടെയുണ്ട്. അയൽക്കാരോട് ചോദിച്ചു നോക്കു ഞങ്ങളെക്കുറിച്ച്. രാജ്യത്തെ പാവപ്പെട്ട ജനങ്ങളെ സേവിക്കുന്നതിൽ ഏർപ്പെട്ടിരിക്കുന്ന ആളുകൾ എങ്ങനെയാണ് ചാവേർ ആക്രമണത്തിൽ ഉൾപ്പെടുന്നതെന്ന് റാമിൻ ചോദിക്കുന്നു.

അഫ്ഗാൻ ജനങ്ങളെക്കുറിച്ച് അമേരിക്കയ്ക്ക് ആശങ്ക ഇല്ലെങ്കിൽ ഭാവിയിൽ കൂടുതൽ ആക്രമണങ്ങൾ ഉണ്ടായേക്കാം എന്നും റാമിൻ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!