ദേശീയപാത വികസനം: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് എംപിയുടെ നിവേദനം

നീലേശ്വരം ∙ ദേശീയപാത വികസനത്തിന്റെ ഭാഗമായി ചെങ്കള– നീലേശ്വരം റീച്ചിൽ പെട്ട നീലേശ്വരം മാർക്കറ്റ് ജംക്‌ഷനിൽ അര കിലോമീറ്റർ ദൈർഘ്യത്തിൽ എലിവേറ്റഡ് ബ്രിജ് പണിയണമെന്നാവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ എംപി കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിക്ക് നിവേദനം നൽകി.ദേശീയപാത കടന്നു പോകുന്ന മേഖലയിൽ ജില്ലയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് നീലേശ്വരമെന്നും ഇവിടെ എംബാങ്ക്ഡ് രീതിയിൽ പണിയുന്ന മേൽപാത നഗരത്തെ രണ്ടായി വിഭജിക്കുമെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി. കോട്ടപ്പുറം, മാർക്കറ്റ് റോഡ്, മന്ദംപുറം റോഡ് ജംക്‌ഷനുകൾ അടയാത്ത വിധമാണ് എലിവേറ്റഡ് ബ്രിജ് പണിയേണ്ടത്. കോട്ടപ്പുറത്തു നിന്നു തുടങ്ങുന്ന ദേശീയ ജലപാതയ്ക്ക് അംഗീകാരം കിട്ടിയ സാഹചര്യത്തിൽ 65 വർഷത്തിലേറെ പഴക്കമുള്ള നീലേശ്വരം പാലം പൊളിക്കേണ്ടി വരും. ഉൾനാടൻ ജലഗതാഗത വകുപ്പ് അനുശാസിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം ജലോപരിതലത്തിൽ നിന്നു നിശ്ചിത ഉയരത്തിൽ പാലം പണിതാൽ മാത്രമേ ജലപാത വഴി നമ്പ്യാർക്കാലിലേക്ക് യാനങ്ങൾക്കു കടന്നുപോകാൻ സാധിക്കൂ. ഇത് കണക്കിലെടുത്ത് നീലേശ്വരം പാലം പൊളിച്ച് നിശ്ചിത ഉയരത്തിൽ 6 വരിപ്പാതയ്ക്കുതകുന്ന 3 റോഡ് പാലങ്ങൾ ഇവിടെ പണിയണമെന്നും നിവേദനത്തിൽ പറഞ്ഞു. നീലേശ്വരം നഗരം വിഭജിക്കപ്പെടാതെ നിൽക്കുന്നതിന് പ്രദേശത്തെ പൊതുജനവികാരം കണക്കിലെടുത്താണു ഇക്കാര്യങ്ങൾ ഉന്നയിക്കുന്നതെന്നും കൂട്ടിച്ചേർത്തു. ഇതുസംബന്ധിച്ചു നിലവിലെ പ്രപ്പോസൽ പുനഃ പരിശോധിക്കാനും ആവശ്യമായ മാറ്റങ്ങൾ വരുത്താനും ദേശീയപാത അതോറിറ്റിയോടു നിർദേശിക്കണമെന്നും നിവേദനത്തിൽ പറഞ്ഞു. നഗരസഭാ സംഘം ഇന്നു ന്യൂഡൽഹിക്ക് നീലേശ്വരം ∙ ദേശീയപാത വികസനത്തിൽ നീലേശ്വരം മേഖലയിലെ അശാസ്ത്രീയതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നീലേശ്വരം നഗരസഭ നേതൃത്വം നൽകുന്ന സംഘം കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെ കാണാൻ ഇന്നു ഡൽഹിയിലേക്ക്. നാളെ ഉച്ചയ്ക്ക് 1നു മന്ത്രിയുടെ ഓഫിസിൽ എത്താനാണ് നഗരസഭാ സംഘത്തിന് നിർദേശം ലഭിച്ചിട്ടുള്ളത്. മുൻ എംപി പി.കരുണാകരൻ നേതൃത്വം നൽകുന്ന സംഘത്തിൽ നഗരസഭ ചെയർപഴ്സൻ ടി.വി.ശാന്ത, വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി, മരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.പി. രവീന്ദ്രൻ, ബിജെപി നീലേശ്വരം മണ്ഡലം വൈസ് പ്രസിഡന്റ് പി.യു.വിജയകുമാർ, സിപിഎം നീലേശ്വരം ഏരിയ സെക്രട്ടറി എം.രാജൻ എന്നിവരാണ് ഉള്ളത്.

