ജനുവരി 22ന് പൊതുജനങ്ങൾ അയോധ്യയിലേക്ക് വരരുത്; എല്ലാവരും വീടുകളിൽ ദീപം തെളിയിക്കണം: ആഹ്വാനവുമായി പ്രധാനമന്ത്രി

അയോധ്യ∙ ജനുവരി 22ന് നടക്കുന്ന അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന്റെ ചരിത്ര നിമിഷത്തിനായി ലോകം മുഴുവൻ കാത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അയോധ്യയിലെ പുതുക്കിയ റെയിൽവേ സ്റ്റേഷനും വിമാനത്താവളവും ഉദ്ഘാടനം ചെയ്യുന്നതിനു എത്തിയ പ്രധാനമന്ത്രി, ഇതിനുശേഷം നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു. വികസനം, പൈതൃകം എന്നിവയുടെ ശക്തി ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജനുവരി 22ന് അയോധ്യ സന്ദർശിക്കരുതെന്ന് പ്രധാനമന്ത്രി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ചിലരെ ക്ഷണിച്ചിട്ടുണ്ടെന്നും അവർ ചരിത്ര ദിനത്തിന് സാക്ഷ്യം വഹിക്കാൻ ക്ഷേത്രനഗരത്തിൽ വരണമെന്നും അദ്ദേഹം പറഞ്ഞു. ‘‘ഭക്തന്മാരെന്ന നിലയിൽ, ഭഗവാൻ രാമന് പ്രശ്നങ്ങളൊന്നും ഉണ്ടാക്കാൻ നമ്മൾ ആഗ്രഹിക്കുന്നില്ല. ജനുവരി 23 മുതൽ എപ്പോൾ വേണമെങ്കിലും നിങ്ങൾക്കെല്ലാവർക്കും വരാം. രാമക്ഷേത്രം എക്കാലവും അവിടെ ഉണ്ട്.’’ – പ്രധാനമന്ത്രി മോദി പറഞ്ഞു.
ജനുവരി 22ന് എല്ലാ ഇന്ത്യക്കാരും അവരുടെ വീട്ടിൽ ദീപം തെളിയിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. അങ്ങനെ രാജ്യം മുഴുവൻ മഹത്വത്തിൽ തിളങ്ങണം. ജനുവരി 14 മുതൽ ജനുവരി 22 വരെ രാജ്യത്തെ തീർഥാടന കേന്ദ്രങ്ങളിൽ ശുചിത്വ യജ്ഞം ആരംഭിക്കാനും പ്രധാനമന്ത്രി അഹ്വാനം ചെയ്തു.
‘‘ശ്രീരാമൻ ഒരു കൂടാരത്തിന് കീഴിൽ ജീവിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു, എന്നാൽ ഇപ്പോൾ അദ്ദേഹത്തിന് നാല് കോടി പാവപ്പെട്ടവർക്ക് വീടുകൾ ലഭിച്ചതുപോലെ ഒരു കോൺക്രീറ്റ് വീട് ലഭിക്കും.’’– മോദി പറഞ്ഞു.

