റോഡ് വീതികൂട്ടൽ: കെട്ടിടങ്ങൾ പൊളിച്ചു മാറ്റിത്തുടങ്ങി; ഏറ്റെടുത്തത് 127 ഭൂവുടമകളിൽനിന്ന് 2 ഏക്കർ 23 സെന്റ്

നീലേശ്വരം ∙ മലയോര റോഡിൻ്റെ പ്രവേശന മാർഗമായ നീലേശ്വരം എടത്തോട് റോഡ് വികസനത്തിൻ്റെ ഭാഗമായി നീലേശ്വരം മേൽപാലം മുതൽ റോഡ് വീതി കൂട്ടുന്നതിനായി സ്ഥലമെടുപ്പ് നടപടികൾ പൂർത്തിയായതോടെ ഈ ഭാഗത്തെ കെട്ടിടങ്ങൾ പൊളിച്ചു മാറ്റി. നീലേശ്വരം മേൽപാലമിറങ്ങി കോൺവൻ്റ് ജങ്ഷൻ റോഡിലേക്കുള്ള ഭാഗത്തെ കെട്ടിടങ്ങളാണ് പൊളിച്ചു തുടങ്ങിയത്. പതിറ്റാണ്ടുകളായി നീലേശ്വരം നഗരത്തിലേക്കും മലയോര റോഡിൽ നിന്നുള്ള പ്രവേശന മാർഗമായി നഗരവാസികളുടെ മനസ്സിൽ പതിഞ്ഞ കെട്ടിടങ്ങളാണു പൊളിച്ചു മാറ്റുന്നത്. റോഡ് വികസനത്തിനായി സ്വകാര്യ വ്യക്തികളിൽനിന്ന് ഏറ്റെടുത്ത ഭൂമി അടുത്തിടെ കലക്ടർ പൊതുമരാമത്ത് റോഡ് വിഭാഗത്തിനു കൈമാറി. പേരോൾ വില്ലേജിലെ 127 ഭൂവുടമകളിൽനിന്ന് 2 ഏക്കർ 23 സെൻ്റ് ഭൂമിയാണ് ഏറ്റെടുത്തത്. ഇതിലെ കെട്ടിടങ്ങളാണു പൊളിച്ചു തുടങ്ങിയത്. ഭൂമി ഏറ്റെടുക്കുന്നതിന് 11.90 കോടി രൂപയാണു നഷ്ടപരിഹാരമായി കൈമാറിയത്. നീലേശ്വരം മേൽപാലമിറങ്ങി കോൺവൻ്റ് ജങ്ഷൻ വഴി പേരോൾ വള്ളിക്കുന്ന് വരെ നീളുന്ന ഭാഗങ്ങൾ ഇടുങ്ങിയതാണ്. മലയോര മേഖലയിലേക്കുള്ള ബസ് സർവീസുകളും സ്വകാര്യ വാഹനങ്ങളും പ്രതിദിനം ചെറുതും വലുതുമായ വാഹനങ്ങൾ ഒന്നിനു പുറകെ ഒന്നായി കടന്നു പോകുന്ന വഴിയാണിത്. ഈ ഭാഗത്തെ കെട്ടിടങ്ങളിൽ ചിലതു കാലപ്പഴക്കത്താൽ അപകടനിലയിലായവയുമാണ്.

