റോഡില്‍ മാത്രമല്ല, എയറിലും ഇനി മാരുതി; വരുന്നു മാരുതി സുസുക്കി ഇ-എയര്‍ കോപ്റ്ററുകള്‍

രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി വൈദ്യുത കോപ്റ്ററുകള്‍ ഇന്ത്യയില്‍ നിർമിക്കാൻ പദ്ധതിയിടുന്നു.
ഹെലികോപ്റ്ററുകളേക്കാള്‍ ചെറുതും ഡ്രോണുകളേക്കാള്‍ വലുപ്പമുള്ളതുമായ, പൈലറ്റടക്കം മൂന്നുപേരെ വഹിക്കാൻ ശേഷിയുള്ള വൈദ്യുത കോപ്റ്ററുകളാണ് ലക്ഷ്യം. കെട്ടിടങ്ങളുടെമുകളില്‍ ഇറക്കാനാകും. പുതിയ മൊബിലിറ്റി സംവിധാനങ്ങള്‍ ഒരുക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് മാരുതി സുസുക്കിയുടെ ഈ നീക്കം.
2018-ല്‍ ജപ്പാനില്‍ പറക്കുന്ന കാർ സങ്കല്പവുമായി തുടങ്ങിയ സ്കൈഡ്രൈവ് കമ്ബനിയുമായി സുസുക്കി മോട്ടോർ കോർപ്പറേഷൻ സഹകരിക്കുന്നുണ്ട്. ജപ്പാനിലും അമേരിക്കയിലും വൈദ്യുത കോപ്റ്ററുകള്‍ അവതരിപ്പിക്കാനാണ് ഇരുകമ്ബനികളും ധാരണയുള്ളത്. രണ്ടാം ഘട്ടത്തില്‍ ഇത്തരം ഇലക്‌ട്രിക് കോപ്റ്ററുകള്‍ ഇന്ത്യയിലും എത്തിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗതാഗത രംഗത്ത് വലിയ മാറ്റത്തിന് ഇത്തരം സംവിധാനം വഴിയൊരുക്കുമെന്നാണ് മാരുതിയുടെ വിലയിരുത്തല്‍.

ജപ്പാനിലെ ഇവാട സിറ്റിയിലുള്ള പ്ലാന്റില്‍ 2024-ല്‍ ഉത്പാദനം തുടങ്ങാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഗുജറാത്തില്‍ സ്കൈഡ്രൈവിന്റെ പ്രവർത്തനം നടപ്പാക്കുന്നതിന് ജനുവരിയില്‍ കമ്ബനി സർക്കാരുമായി ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. 2025-ല്‍ ജപ്പാനില്‍ നടക്കുന്ന ഒസാക്ക എക്സ്പോയില്‍ സ്കൈഡ്രൈവ് എന്ന പേരില്‍ ഇലക്‌ട്രിക് എയർ കോപ്റ്ററുകള്‍ അവതരിപ്പിക്കാനാണ് സുസുക്കി ലക്ഷ്യമിടുന്നത്. ഇതിനുള്ള നടപടികള്‍ ആരംഭിച്ചതായി സുസുക്കി മേധാവി അറിയിച്ചു.
സുസുക്കി ഒരുക്കുന്ന ഈ സാങ്കേതികവിദ്യ മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഇന്ത്യയില്‍ അവതരിപ്പിക്കാനാണ് മാരുതി ലക്ഷ്യമിടുന്നത്. ഇലക്‌ട്രിക് കോപ്റ്ററുകള്‍ ഇന്ത്യയില്‍ എത്തിക്കുന്നതിന് സഹകരിക്കുന്ന പങ്കാളികളെയും ഉപയോക്താക്കളെയും കുറിച്ച് പഠിക്കുന്നതിനായി മാരുതി സുസുക്കി ഇന്ത്യയില്‍ ഗവേഷണങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നാണ് സുസുക്കി അറിയിച്ചിരിക്കുന്നത്. പരമാവധി കുറഞ്ഞ ചെലവില്‍ ഒരുക്കിയാല്‍ മാത്രമേ ഇത് വിജയകരമാകൂവെന്നാണ് കമ്ബനിയുടെ വിലയിരുത്തല്‍.

സാധാരണ ഹെലികോപ്റ്ററിന്റെ പകുതി പോലും ഭാരം വരില്ലെന്നതാണ് ഹെലികോപ്റ്ററും എയർകോപ്റ്ററും തമ്മിലുള്ള പ്രധാന വ്യത്യാസം. 1.4 ടണ്‍ ആയിരിക്കും എയർ കോപ്റ്ററിന്റെ ഭാരം. അതുകൊണ്ടുതന്നെ കെട്ടിടങ്ങളുടെ മുകളില്‍ ഇറക്കാനും, ഇവിടെ നിന്ന് പറന്നുയരാനും ഇവയ്ക്ക് സാധിക്കും. ഇലക്‌ട്രിക് കരുത്തില്‍ പ്രവർത്തിക്കുന്നതിനാല്‍ തന്നെ ഹെലികോപ്റ്ററിന്റെ പാർട്സുകളുടെ എണ്ണത്തില്‍ വലിയ കുറവ് ഉണ്ടാകുന്നുണ്ട്. ഇത് നിർമാണ ചെലവും അറ്റകുറ്റപണി കുറയ്ക്കുമെന്നുമാണ് വിലയിരുത്തുന്നത്.

