പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഴിമതി നയങ്ങളുടെ മറ്റൊരു തെളിവാണ് ഇലക്ടറല്‍ ബോണ്ട്; രാഹുല്‍ ഗാന്ധി

ന്യുഡല്‍ഹി| ഇലക്ടറല്‍ ബോണ്ട് വിധിയില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഴിമതി നയങ്ങളുടെ മറ്റൊരു തെളിവാണ് ഇലക്ടറല്‍ ബോണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
കൈക്കൂലിയും കമ്മിഷനും വാങ്ങുന്നതിനുള്ള മാധ്യമമായാണ് ഇലക്ടറല്‍ ബോണ്ടിനെ ഉപയോഗിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇലക്ടറല്‍ ബോണ്ട് സംവിധാനം വിവരാവകാശ നിയമത്തിന്റെയും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1)(എ)യുടെയും ലംഘനമാണെന്നാണ് സുപ്രീംകോടതി ഭരണഘടനാ ബഞ്ച് വിധിച്ചത്. കള്ളപ്പണം ഒഴിവാക്കാനുള്ള ഏകജാലക സംവിധാനമല്ല ഇലക്ടല്‍ ബോണ്ടുകളെന്നും കോടതി വ്യക്തമാക്കി. ചീഫ് ഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്.
ഇലക്ടറല്‍ ബോണ്ട് സ്‌കീം ഭരണഘടനാ വിരുദ്ധമായി തള്ളിക്കളയണമെന്ന് സുപ്രീംകോടതി അസന്ധീഗ്ധമായി പ്രഖ്യാപിച്ചു. കള്ളപ്പണം തടയാനുള്ള ഒരേയൊരു പദ്ധതി ഇലക്ടറല്‍ ബോണ്ട് പദ്ധതിയല്ല. മറ്റ് ഇതരമാര്‍ഗങ്ങളുണ്ട്. കള്ളപ്പണം തടയുക എന്ന ലക്ഷ്യത്തോടെ വിവരാവകാശ ലംഘനം ന്യായീകരിക്കപ്പെടുന്നില്ലെന്നും ചീഫ്
ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് നിരീക്ഷിച്ചു. രാഷ്ട്രീയ പാര്‍ട്ടികള്‍ പണമിടപാട് നടത്തുന്ന ഇലക്ടറല്‍ ബോണ്ടുകളുടെ വിശദാംശങ്ങള്‍ നല്‍കണമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് കോടതി നിര്‍ദേശം നല്‍കി.
എസ്ബിഐ ഇതിന്റെ വിശദാംശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കും. 2024 മാര്‍ച്ച് 31നകം വിശദാംശങ്ങള്‍ ഇസിഐ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും കോടതി വ്യക്തമാക്കി. ബോണ്ട് വിവരാകാശ നിയമത്തിന്റെ ലംഘനമാണെന്നും സംഭാവനകളെ കുറിച്ച് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും സുപ്രിംകോടതി നിരീക്ഷിച്ചു. വിവരങ്ങള്‍ രഹസ്യമാക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും സുപ്രിംകോടതി വ്യക്തമാക്കി. 1000 രൂപ മുതല്‍ ബോണ്ടുകള്‍ ലഭ്യമാകും.
എസ്ബിഐയുടെ നിശ്ചിത ശാഖകള്‍ മാത്രമേ ഇലക്ടറല്‍ ബോണ്ടുകള്‍ ലഭ്യമാകൂ.
എസ്ബിഐയുടെ നിശ്ചിത ശാഖകള്‍ മാത്രമേ ഇലക്ടറല്‍ ബോണ്ടുകള്‍ ലഭ്യമാകൂ. അതുകൊണ്ട് തന്നെ എസ്ബിഐയോട് വിവരങ്ങള്‍ അറിയിക്കാന്‍ സുപ്രിംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. 2019 മുതലുള്ള വിവരങ്ങള്‍ നല്‍കാനാണ് നിര്‍ദേശം. ഇലക്‌ട്രല്‍ ബോണ്ടില്‍ ആരാണ് പണം നല്‍കിയതെന്ന് വെളിപ്പെടുത്തേണ്ടതില്ല. സംഭാവന നല്‍കുന്നവരുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്നാണ് ചട്ടത്തിലെ വ്യവസ്ഥ. ഈ വ്യവസ്ഥയ്ക്കെതിരെ അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക്സ് റിഫോംസ്, സിപിഐഎം അടക്കമുള്ളവരാണ് പൊതു താല്‍പര്യ ഹരജി സമര്‍പ്പിച്ചത്. ഈ കേസിലാണ് നിലവിലെ നിര്‍ണായക വിധി.
ഭരണഘടനാ ബഞ്ചില്‍ ഇതുസംബന്ധിച്ച് രണ്ട് അഭിപ്രായങ്ങളുണ്ടെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് വിധിപ്രസ്താവം തുടങ്ങിയത്. ഒരു അഭിപ്രായം തന്റെതും മറ്റൊന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെതുമാണ്. എന്നാല്‍ ഈ രണ്ട് അഭിപ്രായങ്ങളുടെ ന്യായവാദത്തില്‍ വ്യത്യാസമുണ്ടെങ്കിലും ഒരേ നിഗമനത്തിലാണ് എത്തുന്നത്. ഏകകണ്ഠമായാണ് കേസില്‍ അന്തിമ വിധി പ്രഖ്യാപിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

