KSDLIVENEWS

Real news for everyone

വിരമിക്കല്‍ പ്രഖ്യാപിച്ച് ജെയിംസ് ആന്‍ഡേഴ്‌സന്‍; അവസാന മത്സരം ലോര്‍ഡ്‌സില്‍

SHARE THIS ON

ലണ്ടന്‍: ക്രിക്കറ്റില്‍നിന്ന് ഈ വര്‍ഷം വിരമിക്കല്‍ പ്രഖ്യാപിച്ച് ഇംഗ്ലണ്ടിന്റെ പേസ് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്സന്‍. ലോര്‍ഡ്‌സില്‍ ജൂലായ് പത്തിന് വെസ്റ്റ് ഇന്‍ഡീസിനെതിരേ ആരംഭിക്കുന്ന ഓപ്പണിങ് ടെസ്റ്റിലായിരിക്കും വിരമിക്കുക. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ 700 വിക്കറ്റ് നേടിയ ഏക ഫാസ്റ്റ് ബൗളറാണ്. ലോര്‍ഡ്സിലായിരിക്കും തന്റെ അവസാന ടെസ്റ്റ് മത്സരമെന്ന് ആന്‍ഡേഴ്സന്‍ പറഞ്ഞു. കഴിഞ്ഞ രണ്ടുപതിറ്റാണ്ടായി അന്താരാഷ്ട്ര ക്രിക്കറ്റിലുണ്ട്.

‘ലോഡ്സില്‍ നടക്കുന്ന വേനല്‍ക്കാലത്തെ ആദ്യ ടെസ്റ്റ് എന്റെ അവസാന ടെസ്റ്റായിരിക്കും. രാജ്യത്തെ 20 വര്‍ഷം പ്രതിനിധാനം ചെയ്തു എന്നത് അവിശ്വസനീയമാണ്. കുട്ടിക്കാലംതൊട്ട് ഇഷ്ടപ്പെട്ട ക്രിക്കറ്റ് കളിക്കുന്നു. ഇംഗ്ലണ്ട് ടീമില്‍നിന്ന് പുറത്തുകടക്കുന്നത് വളരെയധികം മിസ്സ് ചെയ്യും. പക്ഷേ, മാറിനില്‍ക്കാനുള്ള സമയമാണിതെന്നറിയാം. എനിക്ക് ലഭിച്ചതുപോലെ മറ്റുള്ളവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ അനുവദിക്കുക. എന്തെന്നാല്‍ ഇതിലും വലിയ വികാരമില്ല’ – ആന്‍ഡേഴ്സന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.


ഈ വര്‍ഷം ആദ്യം ഇന്ത്യയില്‍ പര്യടനത്തിനായി എത്തിയപ്പോഴാണ് ആന്‍ഡേഴ്സന്‍ ടെസ്റ്റില്‍ 700 വിക്കറ്റ് നേട്ടം കൊയ്തത്. 800 വിക്കറ്റുകളുമായി ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരനും 708 വിക്കറ്റുകളുമായി ഓസ്‌ട്രേലിയയുടെ ഇതിഹാസ സ്പിന്നര്‍ ഷെയ്ന്‍ വോണുമാണ് ആന്‍ഡേഴ്‌സണ് മുന്നിലുള്ളത്.


അടുത്ത ആഷസ് പരമ്പര (2025-’26) മുന്നില്‍ക്കണ്ട് ഇംഗ്ലണ്ട് ടീം പുതിയ പേസര്‍മാരെ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി പരിശീലകന്‍ ബ്രെണ്ടന്‍ മക്കല്ലം, ആന്‍ഡേഴ്‌സണുമായി ചര്‍ച്ച നടത്തുകയും താരത്തെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കുകയും ചെയ്തതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു. വരുന്ന ജൂലായില്‍ ആന്‍ഡേഴ്‌സണ് 42 വയസ് തികയും.

ഈ വര്‍ഷം നാട്ടില്‍ വെസ്റ്റിന്‍ഡീസിനെതിരെയും ശ്രീലങ്കയ്‌ക്കെതിരെയും ഇംഗ്ലണ്ടിന് ടെസ്റ്റ് പരമ്പരകളുണ്ട്. 2002 മേയില്‍ സിംബാബ്‌വെയ്‌ക്കെതിരെ ലോര്‍ഡ്‌സില്‍ ഇംഗ്ലണ്ടിനായി അരങ്ങേറിയ ആന്‍ഡേഴ്‌സണ്‍ 187 ടെസ്റ്റില്‍ നിന്ന് 700 വിക്കറ്റുകളും 194 ഏകദിനങ്ങളില്‍ നിന്ന് 269 വിക്കറ്റുകളും 19 ടി20 മത്സരങ്ങളില്‍ നിന്നായി 18 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!