റഫയില്‍ സംഭവിക്കാൻ പോകുന്നത് ഏറ്റവും വലിയ മാനുഷിക ദുരന്തം; മുന്നറിയിപ്പുമായി യു.എൻ

ദുബൈ: ഏറ്റവും വലിയ മാനുഷിക ദുരന്തമാകും റഫയില്‍ സംഭവിക്കാൻ പോകുന്നതെന്ന് യു.എന്നിന്റെ മുന്നറിയിപ്പ്. റഫയില്‍ സൈനിക നടപടി വിപുലീകരിക്കാൻ ഇസ്രായേല്‍ യുദ്ധകാര്യ മന്ത്രിസഭാ യോഗം തീരുമാനിച്ചതിനു പിന്നാലെ സിവിലിയൻ കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം ശക്തമാക്കിയിരിക്കുകയാണ് ഇസ്രായേല്‍ സൈന്യം.
കൂടുതല്‍ ജനങ്ങളോട് ഒഴിഞ്ഞുപോകാൻ സൈന്യം ആവശ്യപ്പെട്ടു. തെക്കൻ, വടക്കൻ ഗസ്സകളില്‍ കരയാക്രമണം വ്യാപകമായി. റഫയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന വ്യോമ, കരയാക്രമണത്തില്‍ നിരവധി പേർ കൊല്ലപ്പെട്ടു.
മൃതദേഹങ്ങള്‍ മാറ്റാനോ പരിക്കേറ്റവരെ ആശുപത്രികളിലേക്ക് നീക്കാനോ യാതൊരു സംവിധാനവുമില്ലെന്ന് ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ രാത്രി മാത്രം മുപ്പതിലേറെ പേർ കൊല്ലപ്പെട്ടതായാണ് വിവരം.
റഫയില്‍ നിന്ന് പിൻമാറുകയാണെങ്കില്‍ ഹമാസ് പോരാളികളെ കണ്ടെത്തി വധിക്കാനുള്ള എല്ലാ സൗകര്യങ്ങളും നല്‍കാമെന്ന് അമേരിക്ക ഇസ്രായേലിന് ഉറപ്പു നല്‍കിയതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ‘വാഷിങ്ടണ്‍ പോസ്റ്റ്’ റിപ്പോർട്ട് ചെയ്തു. ബന്ദികളെ ഹമാസ് കൈമാറിയാല്‍ നാളെത്തന്നെ ഗസ്സയില്‍ വെടിനിർത്തല്‍ യാഥാർഥ്യമാകുന്നെ് യു.എസ് പ്രസിഡൻറ് ജോ ബൈഡൻ.
സിവിലിയൻ സമൂഹത്തെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാതെ ഇസ്രായേല്‍ നടത്തുന്ന റഫ ആക്രമണം ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ഫ്രാൻസും ജർമനിയും മുന്നറിയിപ്പ് നല്‍കി. അതേസമയം, ഒരു ഇസ്രായേല്‍ ബന്ദി കൂടി ഇസ്രായേലിന്റെ വ്യോമാക്രമണത്തില്‍ പരിക്കേറ്റ് കൊല്ലപ്പെട്ടതായി ഹമാസ് അറിയിച്ചു. ബ്രിട്ടീഷ്-ഇസ്രായേല്‍ പൗരനായി നദവ് പോപ്പിള്‍വെല്‍ ആണ് കൊല്ലപ്പെട്ടതെന്ന് ഹമാസ് സായുധ വിഭാഗമായ ഖസ്സാം ബ്രിഗേഡ്സ് അറിയിച്ചു.
ഒരു മാസം മുമ്ബാണ് ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ നദവിന് പരിക്കേറ്റത്. നദവിന്റെ വിഡിയോ കഴിഞ്ഞ ദിവസം ഹമാസ് പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മരണം സ്ഥിരീകരിച്ചത്. നദവിന്റെ മരണവാർത്ത വന്നതോടെ ബന്ദിമോചനത്തിനായി ഇസ്രായേലില്‍ നടക്കുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭം കൂടുതല്‍ ശക്തിയാർജിച്ചു. പലയിടങ്ങളിലും പ്രക്ഷോഭകർക്കു നേരെ സുരക്ഷാ വിഭാഗം ബലപ്രയോഗം നടത്തി.
അല്‍ശിഫ ആശുപത്രിയിലെ കൂട്ടക്കുഴിമാടത്തില്‍ നിന്ന് പുതുതായി 81 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഗസ്സയില്‍ പിടികൂടിയ നൂറുകണക്കിന് ഫലസ്തീൻകാരെ കൊടിയ പീഡനങ്ങള്‍ക്കു വിധേയമാക്കിയെന്ന സി.എൻ.എൻ റിപ്പോർട്ടിനു മേല്‍ ഇസ്രായേലിനോട് വിശദീകരണം തേടിയെന്ന് അമേരിക്ക. വംശഹത്യാ കേസില്‍ ഗസ്സയില്‍ നിന്ന് ഇസ്രായേലിനോട് പിൻമാറാൻ ആവശ്യപ്പെടണമെന്ന് ദക്ഷിണാഫ്രിക്കയും കൊളംബിയയും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയോട് ആവശ്യപ്പെട്ടു.

