KSDLIVENEWS

Real news for everyone

ഗാസയിൽ ആണവ ആക്രമണം വേണമെന്ന് അമേരിക്കൻ സെനറ്റര്‍; പ്രതികരിച്ച്‌ ഹമാസ്

SHARE THIS ON

ഗാസയില്‍ 220 ദിവസമായി തുടരുന്ന ഇസ്രായേലിന്റെ വംശഹത്യ ആക്രമണത്തില്‍ പതിനായിരങ്ങള്‍ക്കാണ് ജീവൻ നഷ്ടമായത്. കൂടുതല്‍ പേരെ കൊന്നിട്ടായാലും യുദ്ധം അവസാനിപ്പിക്കാനുള്ള മാർഗങ്ങള്‍ തേടണമെന്ന് നിർദേശിക്കുകയാണ് അമേരിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാം.

രണ്ടാം ലോക മഹായുദ്ധ കാലത്ത് ജപ്പാനില്‍ നിക്ഷേപിച്ചത് പോലെ അണുബോംബ് വർഷിക്കണമെന്നാണ് അദ്ദേഹത്തിന്റെ നിർദേശം. ഫലസ്തീനില്‍ ഇസ്രായേലിന് സാധ്യമായതെല്ലാം ചെയ്യണമെന്നും എൻ.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

അമേരിക്കയിലെ പേള്‍ ഹാർബറിനെ ശത്രുക്കള്‍ ആക്രമിച്ചു. ഇതിന് മറുപടിയായിട്ട് ജർമ്മനിയോടും ജപ്പാനോടും യുദ്ധം ചെയ്തപ്പോള്‍ ആണവായുധങ്ങള്‍ ഉപയോഗിച്ച്‌ അത് അവസാനിപ്പിക്കാൻ നമ്മള്‍ തീരുമാനിച്ചു. അതായിരുന്നു ശരിയായ തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗ്രഹാമിന്റെ പ്രസ്താവനക്കെതിരെ ഹമാസ് രംഗത്തുവന്നു. അമേരിക്കൻ സെനറ്ററുടെ പരാമർശം ഞെട്ടിപ്പിക്കുന്നതാണ്. അദ്ദേഹത്തിൻ്റെ ധാർമ്മിക അധഃപതനത്തിന്റെ ആഴവും വംശഹത്യയുടെയും കൊളോണിയലിസത്തിൻ്റെയും മാനസികാവസ്ഥയുമാണ് ഇത്

സൂചിപ്പിക്കുന്നത്.

തീർത്തും ഒറ്റപ്പെട്ട് കഴിയുന്ന സാധാരണക്കാരായ ജനങ്ങള്‍ക്കെതിരെ ഇസ്രായേല്‍ സൈന്യം നടത്തുന്ന വംശഹത്യക്ക് കൂട്ടുനില്‍ക്കുകയാണ് അമേരിക്ക. അവിടത്തെ രാഷ്ട്രീയ വരേണ്യവർഗത്തിനിടയിലും ഈ മാനസികാവസ്ഥയുണ്ടെന്ന് തെളിയിക്കുന്നതാണ് ഇത്തരം പ്രസ്താവനയെന്നും ഹമാസ് വ്യക്തമാക്കി.

കഴിഞ്ഞദിവസം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നടത്തിയ പ്രസ്താവനക്കെതിരെയും ഹമാസ് രംഗത്തുവന്നു. ഹമാസിന്റെ കൈവശമുള്ള ഇസ്രായേലി ബന്ദികളെ മോചിപ്പിച്ചാല്‍ അടുത്തദിവസം തന്നെ വെടിനിർത്തല്‍ കരാർ യാഥാർഥ്യമാകുമെന്നായിരുന്നു ബൈഡന്റെ പ്രസ്താവന. ഖത്തറിന്റെയും അമേരിക്കയുടെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ കെയ്റോയില്‍ നടന്ന ചർച്ചകള്‍ കഴിഞ്ഞയാഴ്ച പരാജയപ്പെട്ടിരുന്നു. ഇതിന് ശേഷമായിരുന്നു ബൈഡന്റെ പ്രസ്താവന വരുന്നത്.

അമേരിക്കയുടെ അറിവോടെ ഈജിപ്തിലെയും ഖത്തറിലെയും മധ്യസ്ഥർ മുന്നോട്ടുവച്ച നിർദ്ദേശം ഹമാസ് അംഗീകരിച്ചിരുന്നു. ഇതില്‍ നിന്നുള്ള പിന്മാറ്റമാണ് ബൈഡന്റെ നിലപാടെന്ന് ഹമാസ് കുറ്റപ്പെടുത്തി. ബൈഡൻ്റെ നിലപാട് ഇസ്രായേല്‍ പിന്തുടരുന്ന ക്രിമിനല്‍ നയത്തോടുള്ള യു.എസിൻ്റെ പിന്തുണയെ ഒരിക്കല്‍ കൂടി അടിവരയിടുന്നു. നമ്മുടെ ജനങ്ങള്‍ക്കെതിരെ നടത്തുന്ന വംശഹത്യയ്ക്ക് രാഷ്ട്രീയമായും സൈനികപരമായും അമേരിക്ക പിന്തുണ തുടരുകയാണെന്നും ഹമാസ് കുറ്റപ്പെടുത്തി.

അമേരിക്ക ഇസ്രായേലിന് പ്രതിവർഷം 3.8 ബില്യണ്‍ ഡോളറിന്റെ ആയുധ-പ്രതിരോധ സംവിധാനങ്ങള്‍ നല്‍കുന്നുണ്ടെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ മാസം ഇസ്രായേലിനായി 15 ബില്യണ്‍ ഡോളറിൻ്റെ സൈനിക സഹായ പാക്കേജിന് യു.എസ് കോണ്‍ഗ്രസ് അംഗീകാരം നല്‍കിയിരുന്നു. ഇതില്‍ അഞ്ച് ബില്യണ്‍ ഡോളറിന്റെ ആയുധങ്ങളും ഉള്‍പ്പെടും.

അതേസമയം, റഫയില്‍ വലിയരീതിയില്‍ കരയാക്രമണം നടത്തുമെന്ന ഭീതി കാരണം ഇസ്രായേലിലേക്കുള്ള ഏതാനും ആയുധ കയറ്റുമതികള്‍ അമേരിക്ക തടഞ്ഞിട്ടുണ്ട്. അമേരിക്കൻ സെനറ്റർ ലിൻഡ്സെ ഗ്രഹാം ഈ നീക്കത്തിനെതിരെയും രംഗത്തുവന്നിരുന്നു.

അമേരിക്കയുടെയും ലോക രാഷ്ട്രങ്ങളുടെയും മുന്നറിയിപ്പുകളെ അവഗണിച്ച്‌ റഫയില്‍ വലിയ ആക്രമണത്തിനാണ് ഇസ്രായേല്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ഹമാസിനെ പൂർണമായും ഇല്ലാതാക്കുക എന്നതാണ് ഇസ്രായേല്‍ ലക്ഷ്യമായി പറയുന്നത്. എന്നാല്‍, വലിയ മാനുഷിക ദുരന്തത്തിനായിരിക്കും റഫ സാക്ഷ്യം വഹിക്കുക എന്ന് ഐക്യരാഷ്ട്ര സഭയടക്കം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഏകദേശം 15 ലക്ഷത്തോളം പേരാണ് തെക്കൻ ഗസ്സയില്‍ കഴിയുന്നത്.

ഇസ്രായേല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കൂട്ടപ്പലായനത്തിനാണ് റഫ സാക്ഷ്യം വഹിക്കുന്നത്. ഇവിടെ നിന്ന്

ഒഴിഞ്ഞുപോകാൻ ഇസ്രായേല്‍ സൈന്യം കഴിഞ്ഞയാഴ്ച ജനങ്ങള്‍ക്ക് നിർദേശം നല്‍കിയിരുന്നു. ഇതിന് ശേഷം ഇതുവരെ 3,60,000 പേരാണ് പലായനം ചെയ്തതെന്ന് ഫലസ്തീൻ അഭയാർഥികള്‍ക്കായുള്ള യു.എൻ ഏജൻസി യു.എൻ.ആർ.ഡബ്ല്യു.എ അറിയിച്ചു.

വടക്കൻ ഗസ്സയിലും വ്യോമാക്രമണം കാരണം നിരവധി പേർ കുടിയിറക്കപ്പെട്ടു കഴിഞ്ഞു. ജനങ്ങള്‍ക്ക് എങ്ങോട്ടും പോകാൻ കഴിയാത്ത അവസ്ഥയാണ്. വെടിനിർത്തല്‍ കരാർ പ്രാബല്യത്തില്‍ വരാതെ എവിടെയും സുരക്ഷിതത്വം ഉണ്ടാകില്ലെന്നും യു.എൻ ഏജൻസി വ്യക്തമാക്കി.

ഗസ്സയില്‍ ഇസ്രായേലിന്റെ ആക്രമണം 220 ദിവസം പിന്നിട്ടിരിക്കുകയാണ്. ഇതുവരെ 35,091 പേരാണ് കൊല്ലപ്പെട്ടത്. 78,827 പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇത് കൂടാതെ വെസ്റ്റ് ബാങ്കിലും ഇസ്രായേല്‍ സൈന്യവും അധിനിവേശക്കാരും ഫലസ്തീനികള്‍ക്കെതിരെ വലിയ ആക്രമണങ്ങള്‍ അഴിച്ചുവിടുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!