KSDLIVENEWS

Real news for everyone

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെ മയ്യിത്ത് നിസ്കാരത്തിന് ഇമാമായി ഖുമൈനി; അണിനിരന്നത് ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യ അടക്കം പതിനായിരങ്ങള്‍

SHARE THIS ON

By മാധ്യമം via Dailyhunt

ടെഹ്റാൻ: കനത്ത സുരക്ഷ ഒരുക്കിയിട്ടും പ്രിയഭരണാധികാരികളെ അവസാനമായി കാണാൻ, അന്ത്യപ്രാർഥനയില്‍ പങ്കെടുക്കാൻ തെഹ്റാനിലെ ആസാദി ചത്വരത്തില്‍ പതിനായിരങ്ങള്‍ ഒഴുകിയെത്തി.

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസിയുടെയും വിദേശകാര്യമന്ത്രി അമീർ അബ്ദുല്ലാഹിയാന്റെയും ചിത്രങ്ങളേന്തി തക്ബീർ മുഴക്കിയും കണ്ണീർവാർത്തും അവർ അവിടെ വരിയൊപ്പിച്ചു നിന്നു.

രാഷ്ട്രപതാക പുതപ്പിച്ച മൃതദേഹങ്ങള്‍ക്ക് മുന്നില്‍ രാജ്യത്തിന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഹുസൈനി ഖാംനഈ എത്തി. ഒരുനിമിഷം മൗനമവലംബിച്ച്‌ നിന്ന അദ്ദേഹം, മരിച്ചവർക്ക് മൂന്ന് തവണ സലാം ചൊല്ലി. തുടർന്ന് മയ്യിത്ത് നമസ്കാരത്തിന് നേതൃത്വം നല്‍കി. ഹെലികോപ്ടർ അപകടത്തില്‍ കൊല്ലപ്പെട്ട റഈസി അടക്കം എട്ടുപേർക്കും വികാര നിർഭര യാത്രാമൊഴിയാണ് ഇറാൻ നല്‍കിയത്.

തെഹ്റാൻ സർവകലാശാലയില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ “അല്ലാഹുവേ, അദ്ദേഹത്തില്‍ നന്മയല്ലാതെ മറ്റൊന്നും ഞങ്ങള്‍ കണ്ടിട്ടില്ല” എന്ന് ജനക്കൂട്ടത്തെ സാക്ഷിയാക്കി ഖാംനഈ പറഞ്ഞു. ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച്‌ ഇന്ത്യൻ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ തലവൻ ഇസ്മാഈല്‍ ഹനിയ, ഇറാൻ ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബർ, തുർക്കി വൈസ് പ്രസിഡൻറ്, വിദേശകാര്യ മന്ത്രി, റഷ്യൻ ഫെഡറല്‍ അസംബ്ലി തലവൻ, ഇറാഖ് പ്രധാനമന്ത്രി, ഖത്തർ, തുർക്മാനിസ്താൻ, ടുണീഷ്യ, താജികിസ്താൻ, പാകിസ്താൻ, അർമീനിയ, അസർബൈജാൻ, അല്‍ജീരിയ, ഉസ്ബകിസ്താൻ, കസക്സ്താൻ, ലബനാൻ, അഫ്ഗാനിസ്താൻ ഭരണത്തലവന്മാരും പ്രതിനിധികളും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!