റാഫയില്‍ സൈനിക നടപടി നിര്‍ത്തിവെക്കാന്‍ ഇസ്രായേലിനോട് രാജ്യാന്തര കോടതി; തൊട്ടുപിന്നാലെ ആക്രമണം

ടെല്‍ അവീവ്: റാഫയില്‍ സൈനിക നടപടി നിര്‍ത്തിവെക്കാന്‍ ഇസ്രായേലിനോട് അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ.സി.ജെ) ഉത്തരവിട്ടതിന് തൊട്ടുപിന്നാലെ റാഫ നഗരത്തിലുള്ള ഷബൂറ അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ യുദ്ധവിമാനങ്ങൾ തുടർച്ചയായി വ്യോമാക്രമണം നടത്തി. ആക്രമണത്തിന്റെ ശബ്ദം ഭയാനകമായിരുന്നുവെന്ന് സമീപത്തെ കുവൈറ്റ് ആശുപത്രിയിലെ സന്നദ്ധപ്രവർത്തകൻ പറഞ്ഞതായി ബിബിസി റിപ്പോർട്ടു ചെയ്തു. ആക്രമണത്തിന്റെ തീവ്രത കാരണം ആശുപത്രിയിലെ രക്ഷാ പ്രവർത്തകർക്ക് ക്യാമ്പിലേക്ക് എത്താൻ കഴിഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി. റാഫയിൽ ഇസ്രയേൽ സൈന്യം നടത്തുന്ന ആക്രമണം അവസാനിപ്പിക്കണം എന്ന് വെള്ളിയാഴ്ചയാണ് ഐ.സി.ജെ നിർദേശം നൽകിയത്.
റാഫ നഗരത്തിലെ ജനങ്ങൾക്കെതിരെ ഇസ്രയേൽ നടത്തുന്ന ക്രൂരമായ ആക്രമണം അവസാനിപ്പിക്കണമെന്ന ഐ.സി.ജെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ഹമാസ് വക്താവ് പറഞ്ഞു. എന്നാൽ, റാഫയിൽ ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാനുള്ള സ്വയം പ്രതിരോധ പോരാട്ടമാണ് ഇസ്രയേൽ നടത്തുന്നത് എന്ന് മനസ്സിലാക്കാതെയാണ് ഐ.സി.ജെയുടെ നടപടിയെന്ന് ഇസ്രയേൽ പ്രതിപക്ഷ നേതാവ് ആരോപിച്ചു. റാഫയിലെ ഇസ്രയേലിന്റെ ആക്രമണം വംശഹത്യയാണെന്നും പലസ്തീൻ ജനതയുടെ നിലനിൽപ്പിന് ഭീഷണി ആണെന്നും ചൂണ്ടികാട്ടി ദക്ഷിണാഫ്രിക്കയാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടത്.
ഗാസയിൽ ഉടൻ വെടിനിർത്തൽ വേണമെന്നും റാഫയിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കണമെന്നുമുള്ള ദക്ഷിണാഫ്രിക്കയുടെ ആവശ്യത്തെത്തുടർന്ന് വ്യാഴാഴ്ചയാണ് യു.എൻ. കോടതിയിൽ വാദം ആരംഭിച്ചത്. തങ്ങൾ വംശഹത്യനടത്തുകയാണെന്ന ദക്ഷിണാഫ്രിക്കയുടെ ആരോപണം തീർത്തും വസ്തുതാവിരുദ്ധമാണെന്നായിരുന്നു അന്താരാഷ്ട്ര നീതിന്യായക്കോടതിയിൽ ഇസ്രയേൽ വാദം. “റാഫ ജനനിബിഡമാണെന്ന ബോധ്യം ഇസ്രയേലിനുണ്ട്. പക്ഷേ, അവരെ മനുഷ്യകവചമാക്കി പ്രവർത്തിക്കാനുള്ള ഹമാസിന്റെ ശ്രമത്തെക്കുറിച്ച് അതിലേറെ ബോധ്യമുണ്ട്. ഗാസയിൽ രൂക്ഷമായ യുദ്ധം നടക്കുന്നുണ്ട്. പക്ഷേ, അത് വംശഹത്യയല്ല, ഇസ്രയേലിനുവേണ്ടി വാദിച്ച അഭിഭാഷകൻ ഗിലാദ് നോയെം പറഞ്ഞു.

