KSDLIVENEWS

Real news for everyone

മഴയില്‍മുങ്ങി വീട്; വയോധികയുടെ മൃതദേഹം വെള്ളത്തിലൂടെ ചുമന്ന് മകന്റെ വീട്ടിലെത്തിച്ച് അയല്‍വാസികള്‍

SHARE THIS ON

ആലപ്പുഴ: പൂന്തോപ്പ് വാര്‍ഡ് പുതുവല്‍ വീട്ടില്‍ എല്‍സി ജോസഫ് (75) രണ്ടുവര്‍ഷത്തോളമായി കിടപ്പിലായിരുന്നു. ഇളയ മകന്‍ മനോജിനും കുടുംബത്തോടും ഒപ്പമാണ് എല്‍സി താമസിച്ചിരുന്നത്. ബുധനാഴ്ച എല്‍സിയുടെ മരണം സംഭവിച്ചപ്പോഴേക്കും മഴയില്‍മുങ്ങി പ്രദേശവും വീടും വെള്ളക്കെട്ടിലായി. വീട്ടിലേക്ക് ആര്‍ക്കും എത്താനാകാത്ത അവസ്ഥയായതോടെ സംസ്‌കാരവും മറ്റൊരിടത്തേക്ക് മാറ്റാന്‍ തീരുമാനമായി.

അങ്ങനെയാണ് ഇ.എസ്.ഐയിലെ മൂത്തമകന്‍ ബാബുസണ്‍ന്റെ വീട്ടിലേക്ക് മൃതദേഹം മാറ്റാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയത്. ഇതിനായി ആംബുലന്‍സ് എത്തിയെങ്കിലും വീടിനടുത്തേക്ക് ചെല്ലാന്‍ സാധിക്കാതെ വന്നതോടെ അയല്‍വാസികള്‍ മൃതദേഹമെടുത്ത് വെള്ളത്തിലൂടെ റോഡില്‍ എത്തുകയായിരുന്നു. കണ്ടുനിന്നവര്‍ക്കും എല്‍സിയുടെ അന്ത്യയാത്ര വേദനയായി. സംസ്‌കാരം വ്യാഴാഴ്ച നടക്കും.

ഇന്ന് മഞ്ഞജാഗ്രത; ജില്ലയില്‍ 21 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു, മഴയില്‍ ഒരു മരണം

ആര്‍ത്തുപെയ്ത മഴയില്‍ ജനജീവിതം അടപടലം അട്ടിമറിഞ്ഞു. ഒരാള്‍ മരിച്ചു. മുട്ടം പറത്തറയില്‍ ദിവാകരന്‍ (67) വീടിനു സമീപമുള്ള വെള്ളക്കെട്ടില്‍ വീണാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. ഭക്ഷണത്തിനുശേഷം വീടിനു പുറത്തേക്കിറങ്ങിയ ദിവാകരന്‍ വെള്ളക്കെട്ടില്‍ കാല്‍വഴുതി വീഴുകയായിരുന്നു. ബുധനാഴ്ച രാത്രി മുതല്‍ കോരിച്ചൊരിഞ്ഞ മഴയില്‍ മിക്കയിടങ്ങളും വെള്ളത്തിലായി.

ആഞ്ഞടിച്ച കാറ്റിന് പിന്നാലെയായിരുന്നു മഴ. അപ്രതീക്ഷിതമായി വെള്ളംകയറിയത് ജനങ്ങളെ പരിഭ്രാന്തരാക്കി. കുട്ടനാട്ടില്‍ രണ്ടാംകൃഷിക്കു നിലമൊരുക്കിയ പാടശേഖരങ്ങള്‍ മടവീഴ്ച ഭീഷണിയിലാണ്. ജില്ലയില്‍ 21 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 435 കുടുംബങ്ങളിലെ 1186 പേരാണ് ക്യാമ്പില്‍.

ജില്ലയില്‍ അഞ്ചു വീടുകള്‍ പൂര്‍ണമായും 59 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ബുധനാഴ്ച രാവിലെ എട്ടരവരെയുള്ള കണക്കു പ്രകാരം 100.04 മില്ലിമീറ്റര്‍ മഴയാണു പെയ്തത്. എല്ലാ താലൂക്കുകളിലും ശക്തമായി പെയ്‌തെങ്കിലും കായംകുളത്താണു കൊരിച്ചൊരിഞ്ഞത്. ഇവിടെ 142.2 മില്ലിമീറ്റര്‍ രേഖപ്പെടുത്തി. വ്യാഴാഴ്ച ജില്ലയില്‍ മഞ്ഞജാഗ്രത നല്‍കി.

തോട്ടപ്പള്ളിയില്‍ 39 ഷട്ടര്‍ തുറന്നു

കിഴക്കന്‍വെള്ളമെത്തുന്നതിനാല്‍ വേമ്പനാട്ടു കായലിലും ആറുകളിലും ജലനിരപ്പുയരുന്നുണ്ട്. തോട്ടപ്പള്ളി സ്പില്‍വേയില്‍ 40 ഷട്ടറുകളില്‍ 39 എണ്ണം തുറന്നു. തണ്ണീര്‍മുക്കം ബണ്ടില്‍ 90 ഷട്ടറുകളും നാലു ലോക്ക് ഗേറ്റുകളും തുറന്നു. ദേശീയപാതയുടെ പണി നടക്കുന്ന പ്രദേശങ്ങളില്‍ രൂക്ഷമായ വെള്ളക്കെട്ട് വാഹനഗതാഗതത്തെ സാരമായി ബാധിച്ചു.

വീടിനെ ഓര്‍ത്ത് ക്യാമ്പിലുള്ളവര്‍

പുറത്ത് മഴ തകര്‍ക്കുമ്പോള്‍ ക്യാമ്പില്‍ കഴിയുന്നവരുടെ നെഞ്ചില്‍ തീയാണ്. തോരുമ്പോള്‍ വെള്ളം ഇറങ്ങുന്നുണ്ടോയെന്ന് ഇടയ്ക്കിടെ വന്നു നോക്കും. തിരിച്ചു ചെല്ലുമ്പോള്‍ വീടിന്റെ അവസ്ഥ എന്താകുമെന്നു പറയാനാവില്ല. തോട്ടപ്പള്ളി പള്ളിച്ചിറ പെനിയേല്‍ ചര്‍ച്ചിലെ ക്യാമ്പില്‍ 56 കുടുംബങ്ങളിലായി 209 പേരുണ്ട്.

ഇരണ്ടച്ചാല്‍ച്ചിറ, മണച്ചിറ, പള്ളിച്ചിറ പ്രദേശങ്ങളിലുള്ളവരാണ്. വെള്ളം കയറിത്തുടങ്ങിയിട്ട് രണ്ടാഴ്ചയോളമായി. കുറേപ്പേര്‍ ബന്ധുവീടുകളിലേക്കും മറ്റും മാറിയിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് ക്യാമ്പിലേക്കു മാറിയത്. മഴ അല്പം മാറിയതോടെ ക്യാമ്പിലുള്ളവരെല്ലാം പുറത്തിറങ്ങി നില്‍പ്പുണ്ട്. വീടുകളിലെ വളര്‍ത്തുമൃഗങ്ങളെ അവിടവിടെയായി കെട്ടിയിട്ടതാണ്.

കൊണ്ടുവന്ന പച്ചക്കറികളെല്ലാം ചാക്കിലാക്കി മാറ്റുകയാണ് ചിലര്‍. രണ്ടുദിവസത്തേക്കുള്ള ഭക്ഷണസാധനങ്ങള്‍ ക്യാമ്പിലുണ്ട്. കുട്ടികളെല്ലാം ചുറ്റും വട്ടംകൂടിയിരിപ്പുണ്ട്. വെള്ളം കയറി മറ്റുമാര്‍ഗമില്ലാതെയാണ് പള്ളിയിലേക്കു മാറിയത്. ഞായറാഴ്ചയായാല്‍ പ്രാര്‍ഥനയ്ക്കു മാറിക്കൊടുക്കണമെന്ന ആശങ്കയിലാണ് ഇവരെല്ലാം.

പാടശേഖരസമിതിക്കാരുടെ അനാസ്ഥയാണ് ഈ ദുരിതത്തിനെല്ലാം കാരണം. പാടത്തു കയറ്റിയിട്ട വെള്ളം കൃത്യസമയത്ത് പന്പുചെയ്തു കളഞ്ഞിരുന്നെങ്കില്‍ല്‍ തങ്ങള്‍ക്ക് ഇതനുഭവിക്കേണ്ടിവരില്ലായിരുന്നു-വര്‍ഷങ്ങളായി അനുഭവിക്കുന്ന ദുരിതങ്ങളുടെ കെട്ടഴിക്കുകയാണ് ശോഭന. മോട്ടോര്‍ സ്ഥാപിച്ചതിനു സമീപം കലുങ്കുണ്ടായിരുന്നെങ്കില്‍ വെള്ളം അതിലൂടെ ഒഴുകിപ്പോയേനെ. വരമ്പിന്റെ താഴെ വെള്ളം കയറ്റിയിടണമെന്നു നിര്‍ദേശമുണ്ടെങ്കിലും എല്ലാവരും തോന്നുംപടി ചെയ്യുകയാണെന്നാണ് ഇവരുടെ പരാതി.

പാടത്തിനു നടുവിലെ വീട്ടില്‍നിന്നു വാഴത്തടകെട്ടിയുണ്ടാക്കിയ ചങ്ങാടത്തില്‍ ക്യാമ്പിലേക്കു വരുകയാണ് ജോസുകുട്ടി യോഹന്നാന്‍. പാടശേഖരം ബണ്ട് കെട്ടിയതിനാല്‍ വള്ളമിറക്കാന്‍ വയ്യ. കുഞ്ഞുമോന്റെ വീട്ടിലെത്തണമെങ്കില്‍ നെഞ്ചുപൊക്കത്തില്‍ നീന്തണം. ഒഴുകിവരുന്ന മാലിന്യമുള്‍പ്പെടെ വെള്ളത്തിലുണ്ട്. സ്ഥിരമായി ഒരു മോട്ടോര്‍ കണക്ഷന്‍ വേണം, അതാണ് ഇവരുടെ പ്രധാനാവശ്യം.

വീട്ടിലെ കൃഷിയെല്ലാം പോയി. കോഴികള്‍ തണുപ്പടിച്ചു ചത്തു. നിറയെ ഇഴജന്തുക്കളായിരുന്നു. ചേരകടിച്ചതിന്റെ പാടുണ്ട് സൗമ്യയുടെ കാലില്‍. എ.എം. ആരിഫ് എം.പി. ഉച്ചയ്ക്കു ക്യാമ്പിലെത്തി ഇവരോടൊപ്പമായിരുന്നു ഭക്ഷണം കഴിച്ചത്. പള്ളിയുടെ എതിര്‍വശത്തെ വീട്ടിലാണ് 105 വയസ്സായ മറിയാമ്മ താമസിക്കുന്നത്. അവരുടെ മുറ്റംനിറയെ വെള്ളമാണ്. മറിയാമ്മയുടെ മാത്രമല്ല, കിഴക്കോട്ടുള്ള മുന്നൂറിലേറെ വീടുകളും വെള്ളത്തിലാണ്.

എരമല്ലൂരില്‍ വണ്ടി കുടുങ്ങി; ഗതാഗതതടസ്സം

എരമല്ലൂരില്‍ പിള്ളമുക്കിനു സമീപം ലോറി കുടുങ്ങിയതുമൂലം മൂന്നുമണിക്കൂര്‍ ഗതാഗതം തടസ്സപ്പെട്ടു. ഒരു ലോറിയെ മറിമടക്കാന്‍ ചരക്കുലോറി ശ്രമിക്കുന്നതിനിടെ കുഴിയില്‍ വീഴുകയായിരുന്നു. തുടര്‍ന്ന് ഗതാഗതം അരൂക്കുറ്റി വഴി തിരിച്ചുവിട്ടു. ലോറി പിന്നീട് ക്രെയിന്‍ ഉപയോഗിച്ചു മാറ്റി.

അര്‍ത്തുങ്കല്‍ കോസ്റ്റല്‍ സ്റ്റേഷന്‍ പരിധിയില്‍ 13 നോട്ടിക്കല്‍ മൈല്‍ അകലെ എന്‍ജിന്‍ തകരാറിലായി മത്സ്യബന്ധന ബോട്ട് കടലില്‍ കുടുങ്ങി. ഇതിനെ ഫിഷറീസ് ബോട്ടെത്തി വലിയഴീക്കല്‍ ഭാഗത്തെത്തിച്ചു.

ആലപ്പുഴ നഗരത്തില്‍ പലയിടങ്ങളിലും തോടുകള്‍ കരകവിഞ്ഞൊഴുകി. നഗരറോഡുകളിലും കടപ്പുറത്തും വലിയതോതില്‍ വെള്ളക്കെട്ടുണ്ടായി. രാത്രിയില്‍ വീശിയടിച്ച കാറ്റില്‍ വ്യാപകമായി മരങ്ങള്‍ കടപുഴകിയത് വൈദ്യുതി മുടക്കുകയും വാഹനഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു.

കുട്ടനാട്ടില്‍ ജലനിരപ്പുയര്‍ന്നു

കുട്ടനാട്ടില്‍ ജലനിരപ്പ് അപകടനില കടന്നു. താഴ്ന്ന പ്രദേശങ്ങളും റോഡുകളും വെള്ളത്തിലായി. നെടുമുടിയിലെ വെള്ളപ്പൊക്ക മാപിനിയില്‍ ബുധനാഴ്ച 11-ന് 1.50 മീറ്ററാണ് ജലനിരപ്പു രേഖപ്പെടുത്തിയത്. 1.45 മീറ്ററാണ് ഇവിടെ അപകടനിലയായി കണക്കാക്കുന്നത്. പലയിടത്തും ഗതാഗതതടസ്സം നേരിടുന്നുണ്ട്. മങ്കൊമ്പ്, കൈനകരി, മുട്ടാര്‍ പഞ്ചായത്തുകളില്‍ വീടുകളില്‍ വെള്ളംകയറി.

മങ്കൊമ്പ് വികാസ് മാര്‍ഗ്-ചതുര്‍ഥ്യാകരി റോഡില്‍ ഇരുചക്രവാഹനങ്ങളുടെയും കാര്‍ അടക്കമുള്ളവയുടെയും യാത്ര തടസ്സപ്പെട്ടു. വരുംദിവസങ്ങളിലും മഴ തുടര്‍ന്നാല്‍ കുട്ടനാട്ടുകാര്‍ കൂടുതല്‍ ദുരിതത്തിലാകും.

മാവേലിക്കരയില്‍ ടി.എ.കനാല്‍ കരകവിഞ്ഞൊഴുകി വീടുകള്‍ വെള്ളത്തിലായി. മിച്ചല്‍ ജങ്ഷനില്‍ പത്തോളം കടകളില്‍ വെള്ളംകയറി. വ്യാപാരികള്‍ കയര്‍കെട്ടി വാഹനഗതാഗതം തടഞ്ഞു. പോലീസെത്തി അഴിച്ചുമാറ്റി.

ചേര്‍ത്തല താലൂക്കില്‍ 5,000 വീടുകള്‍ വെള്ളത്തിലാണ്. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി അന്ധകാരനഴിപ്പൊഴി ചൊവ്വാഴ്ച രാത്രിയില്‍ മുറിച്ചിരുന്നു. എന്നാല്‍, വേലിയേറ്റമായതിനാല്‍ നീരൊഴുക്കു നിലച്ചു. ഇതു മാറ്റുന്നതിനുള്ള ജോലി പുരോഗമിക്കുകയാണ്.

കാര്‍ത്തികപ്പള്ളി താലൂക്കില്‍ അഞ്ഞൂറോളം വീടുകളില്‍ വെള്ളംകയറി. ദേശീയപാതാ നവീകരണത്തിന്റെ ഭാഗമായി ഓടനിര്‍മാണം പൂര്‍ത്തിയാകാത്തതും തോടു കരകവിഞ്ഞതുമാണു കാരണം. പലരും ബന്ധുവീടുകളിലേക്കു മാറി.

മുഹമ്മയില്‍ കായലോരമേഖലകളില്‍ ഉള്‍പ്പെടെ വെള്ളംകയറി. ഇടത്തോടുകള്‍ അടഞ്ഞതാണു കാരണം. വിവിധയിടങ്ങളിലുണ്ടായ വെള്ളക്കെട്ട് പമ്പുചെയ്തു മാറ്റുന്നതിനായി ജില്ലാ ഫയര്‍ ഓഫീസര്‍ക്കും പാടശേഖരസമിതി അംഗങ്ങള്‍ക്കും പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!