മഴയിലും തീപിടിച്ച് പച്ചക്കറി വില, നിത്യോപയോഗ സാധനങ്ങള്‍ക്കെല്ലാം കുത്തനെ വില കൂടി

പാലക്കാട്: ചുട്ടുപൊള്ളിയ വെയിലിനെ അതിജീവിച്ച വിളകളെല്ലാം മഴയില്‍ നശിച്ചതോടെ തീപിടിച്ച് പച്ചക്കറി വില. ഒരു മാസത്തിനിടെ വിവിധ ഇനങ്ങള്‍ക്ക് 20 മുതല്‍ 60 ശതമാനം വരെ വിലയാണ് വര്‍ധിച്ചത്. പച്ചക്കറിക്ക് പുറമെ ഇറച്ചിക്കും മീനിനും ഉണ്ടായ വിലവര്‍ധന ഹോട്ടല്‍ വ്യാപാരമേഖലയെയും ബാധിച്ചിട്ടുണ്ട്. ഉച്ചയൂണ് നിലവിലെ വിലയില്‍ നല്കാന് കഴിയാത്ത സാഹചര്യമാണെന്നാണ് ഹോട്ടല്‍ ഉടമകളും പറയുന്നത്. വിലക്കയറ്റത്തില്‍ ഒന്നാമത് ബീന്‍സ് ആണ്. കിലോക്ക് 80 രൂപ ഉണ്ടായിരുന്ന ബീന്‍സിന് 200 രൂപയാണ് വിപണിയില്‍. പച്ചമുളക് 130 രൂപവരെയായി. കാരറ്റിനും പച്ചപ്പയറിനും 80 നും നൂറിനുമിടയിലെത്തി. പാവക്കയ്ക്ക് 100 കടന്നു. ചെറിയ ഉള്ളിക്ക് 70 നു മുകളിലുണ്ട് വില. കാബേജ് 50, ഉരുളക്കിഴങ്ങ് 50, പടവലം 60, വെണ്ട 60, ഇഞ്ചി 180, വെളുത്തുള്ളി 280, മല്ലിയിലക്ക് 240 രൂപയുമാണ്. സാവളക്ക് മാത്രമാണ് താരതമ്യേന വിലക്കുറവ്.
നൂറ് രൂപക്ക് മൂന്ന് കിലോ സവാള ഇന്നും വിപണിയില്‍ സുലഭമാണ്. പച്ചക്കറിക്ക് പുറമെ കഴിഞ്ഞാഴ്ച വരെ 40 മുതല്‍ 45 രൂപയായിരുന്ന നേന്ത്രപ്പഴത്തിന് 60 രൂപയും ഞാലിപ്പൂവന് 80 രൂപയും റോബസ്റ്റിന് 50 രൂപയുമായി. കോഴി വില ഉയരുന്നതിന് പുറമെ കോഴിമുട്ടക്കും വില ഉയര്‍ന്നിട്ടുണ്ട്. ഏഴു രൂപയാണ് കോഴിമുട്ട വില. മാര്‍ച്ച്, ഏപ്രില്‍ മാസത്തെ കടുത്ത വേനലില്‍ പലയിടത്തും കൃഷിക്കാവശ്യമായ വെള്ളം ലഭിക്കാതെ ലക്ഷക്കണക്കിന് രൂപയുടെ വിളകള്‍ ഉണങ്ങി നശിച്ചിരുന്നു. ഇതിന് പുറമെ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ശക്തമായ മഴയും നിരവധി കൃഷി നശിപ്പിച്ചു.
തമിഴ്നാട്, ആന്ധ്ര, കര്‍ണാടക, കോയമ്പത്തൂര്‍, കമ്പം, മേട്ടുപ്പാളയം എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് പച്ചക്കറികള്‍ എത്തുന്നത്. ഇവിടങ്ങളിലുണ്ടായ അപ്രതീക്ഷിത വേനല്‍ മഴയാണ് പച്ചക്കറി വരവ് കുറഞ്ഞതിനും വില വര്‍ധിച്ചതിനും കാരണം. കേരളത്തിലും വാഴ ഉള്‍പ്പെടെ ഓണവിപണി ലക്ഷ്യമിട്ട് നടത്തിയ ലക്ഷങ്ങളുടെ കൃഷി വേനലിലും മഴയിലുമായി നശിച്ചിരുന്നു. വില വര്‍ധനവ് മൂലം സാധനങ്ങള്‍ വാങ്ങാന്‍ എത്തുന്നവരുടെ എണ്ണവും കുറഞ്ഞതായാണ് കച്ചവടക്കാര്‍ പറയുന്നത്.

