ആലപ്പുഴയിലെ കുഴിമന്തിക്കട അടിച്ചുതകർത്ത് പോലീസുകാരൻ; അക്രമം ഭക്ഷ്യവിഷബാധയേറ്റെന്ന് ആരോപിച്ച്

ആലപ്പുഴ: ആലപ്പുഴ വലിയ ചുടുകാവിൽ കുഴിമന്തിക്കട അടിച്ചുതകർത്ത് പോലീസ് ഉദ്യോഗസ്ഥന്‍. ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധയുണ്ടായെന്ന് ആരോപിച്ച് വെള്ളിയാഴ്ച വൈകീട്ട് 6.30-നായിരുന്നു ആക്രമണം. ജോസഫ് എന്ന ഉദ്യോഗസ്ഥനാണ് അക്രമത്തിന് പിന്നിൽ. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
ബൈക്കിടിച്ച് ഹോട്ടലിനകത്തേക്ക് കയറ്റിയ ഉദ്യോഗസ്ഥന്‍ കൈയ്യില്‍ കരുതിയ ഇരുമ്പുവടി ഉപയോഗിച്ച് സ്ഥാപനത്തിലെ സാധനങ്ങള്‍ പലതും തല്ലിതകര്‍ത്തു. ഹോട്ടൽ ഉടമയും ജീവനക്കാരുമായി വാക്കുതർക്കവുമുണ്ടായി. ഒരു മണിക്കൂറോളം നേരം നീണ്ടുനിന്ന തർക്കത്തിനൊടുവിലാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുക്കുന്നത്.
കഴിഞ്ഞ ദിവസം ഈ ഹോട്ടലിൽ നിന്നും കുഴിമന്തി കഴിച്ചതിന് പിന്നാലെ തനിക്കും കുടുംബത്തിനും ഭക്ഷ്യവിഷബാധയുണ്ടായെന്നാണ് ആരോപണം. നാട്ടുകാരാണ് വിവരം പോലീസിൽ അറിയിച്ചത്. ഉദ്യോഗസ്ഥൻ മദ്യപിച്ചിരുന്നോ എന്നും മാനസികനിലയും പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

