നീറ്റ്,നെറ്റ് ക്രമക്കേട് പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം, ശക്തി തെളിയിക്കാനൊരുങ്ങി ഇന്ത്യ

ന്യൂഡൽഹി: നീറ്റ്, നെറ്റ് ക്രമക്കേടില്‍ പാർലമെന്റിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി ഇന്ത്യ സഖ്യം. വിഷയത്തിൽ ചർച്ച വേണമെന്ന് ഇന്ത്യ സഖ്യം വെള്ളിയാഴ്ച പാർലമെന്റിൽ ആവശ്യപ്പെടുമെന്നും ചർച്ചയ്ക്ക് തയ്യാറായില്ലെങ്കിൽ പാർലമെന്റിനകത്ത് വൻ പ്രതിഷേധത്തിന് തുടക്കമിടുമെന്നും അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
To advertise here, Contact Us
ഇന്ത്യ സഖ്യത്തിലെ മുഴുവൻ പാർട്ടികളും അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകുമെന്നാണ് വിവരം. മല്ലികാർജുൻ ഖാർഗെയുടെ വീട്ടിൽ വെച്ച് ചേർന്ന ഇന്ത്യ സഖ്യ യോഗത്തിൽ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തതായാണ് വിവരം. നീറ്റ് വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്രപ്രധാന്റെ രാജി ആവശ്യപ്പെടാനും നീക്കമുണ്ട്. അതേസമയം തിങ്കളാഴ്ച പാർലമെന്റിൽ വെച്ച് നടക്കുന്ന രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ചയിൽപങ്കെടുക്കാൻ ഇന്ത്യ സഖ്യ നേതാക്കൾ തീരുമാനിച്ചിട്ടുണ്ട്.
ഇനിയും നാല് ദിവസം പാർലമെന്റ് സെഷന് ബാക്കിയുണ്ടെന്ന് അതിനുള്ളിൽ എന്തൊക്കെ സംഭവിക്കുമെന്ന് കാണാമെന്ന് കോൺഗ്രസ് നേതാവ് ജയ് റാം രമേശ് പറഞ്ഞു.
രാജ്യത്ത് പുകയുന്ന എല്ലാ പ്രശ്നങ്ങളും തങ്ങൾ ഉന്നയിക്കുമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം എം.പി. പ്രിയങ്ക ചതുർവേദി പറഞ്ഞു. നീറ്റുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച പാർലമെന്റിൽ നോട്ടീസ് നൽകുമെന്ന് ഇന്ത്യ സഖ്യ യോഗത്തിന് ശേഷം ഡിഎംകെ എം.പി. ടി ശിവ പറഞ്ഞു.
നീറ്റ് വിഷയം അഗ്നിവീർ, തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയവിഷയത്തിൽ പാർലമെന്റിൽ ശബ്ദമുയർത്തും. പ്രതിപക്ഷം ഒറ്റക്കെട്ടാണ് -രാഷ്ട്രീയ ലോക് താന്ത്രിക് പാർട്ടി നേതാവ് ഹനുമാൻ ബെനിവാൾ പറഞ്ഞു.
അതേസമയം,സ്പീക്കര്‍ തിരഞ്ഞെടുപ്പിന് പിന്നാലെ ലോക്സഭയില്‍ ഓം ബിര്‍ള നടത്തിയ പ്രസംഗം പ്രതിപക്ഷ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ‘അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളുടെ’ 50-ാം വാര്‍ഷികം പ്രമാണിച്ച് അദ്ദേഹം അംഗങ്ങളോട് രണ്ട് മിനിറ്റ് നിശബ്ദത പാലിക്കാന്‍ ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചതാണ് പ്രതിപക്ഷ പ്രതിഷേധത്തിനിടയാക്കിയത്. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവെക്കേണ്ടി വന്നു. ഇതുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി അടക്കമുള്ള ഇന്ത്യ സഖ്യ നേതാക്കൾ പാർലമെന്റ് സെഷന് ശേഷം സ്പീക്കറുടെ ചേംബറിൽ ചെന്ന് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. സ്പീക്കറുടെ പാർലമെന്റിനകത്തെ പ്രവൃത്തി കൃത്യമായ രാഷ്ട്രീയമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ഇത് ഒഴിവാക്കാമായിരുന്നുവെന്നും രാഹുൽ പറഞ്ഞു.

