എൻഡോസൾഫാൻ ദുരിതബാധിതർക്കുള്ള ചികിത്സാത്തുക കാസർകോട് പാക്കേജിൽ നൽകും -മുഖ്യമന്ത്രി

കാസർകോട് : എൻഡോസൾഫാൻ ദുരിതബാധിത പട്ടികയിൽപ്പെടുത്താനുള്ള 1,031 അപേക്ഷകരിൽ അർഹരായവരെ മെഡിക്കൽ ബോർഡ് പരിശോധനയ്ക്ക് വിധേയമായി ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ദുരിതബാധിതരുടെ പുനരധിവാസ പ്രവർത്തനങ്ങൾ ചർച്ചചെയ്ത യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.
2017-ലെ പ്രാഥമിക പട്ടികയിൽപ്പെട്ടവരാണ് 1,031 പേർ. ഇവരെ ഒഴിവാക്കിയതിന്റെ കാരണങ്ങൾ പരിശോധിച്ച് അർഹരായവരെ ഉൾപ്പെടുത്തും. ഇതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന അന്തിമപട്ടിക എൻഡോസൾഫാൻ സെൽ യോഗം ചേർന്ന് സെപ്റ്റംബർ അവസാനം പ്രസിദ്ധീകരിക്കും.
മെഡിക്കൽ ബോർഡ് ക്യാമ്പുകൾ വികേന്ദ്രീകൃതമായി നടത്താനും ആവശ്യമായ ഡോക്ടർമാരുടെ സേവനം ഉറപ്പാക്കാനും മുഖ്യമന്ത്രി നിർദേശിച്ചു. 20,808 പേരുടെ ഫീൽഡ്തല പരിശോധന നടന്നുവരികയാണ്. മൂന്നു ഘട്ടങ്ങളിലായാണ് പരിശോധന. 6,202 പേരുടെ ആദ്യഘട്ട ഫീൽഡ് പരിശോധന പൂർത്തിയായി. രണ്ടാംഘട്ടത്തിലെ പ്രാഥമിക മെഡിക്കൽ പരിശോധനയും മൂന്നാംഘട്ട മെഡിക്കൽ ബോർഡ് പരിശോധനയും ഓഗസ്റ്റ് 31-നകം പൂർത്തീകരിക്കും.
2011 ഒക്ടോബർ 25-ന് ശേഷം ജനിച്ച ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിചരണവും പരിപാലനവും നൽകാനും മുഖ്യമന്ത്രി നിർദേശിച്ചു. ദുരിതബാധിതർക്ക് സൗജന്യ ചികിത്സ തുടരാൻ ആവശ്യമായ തുക നൽകുന്നത് കേന്ദ്രസർക്കാർ നിർത്തിയിരുന്നു. അത് കാസർകോട് വികസന പാക്കേജിൽപ്പെടുത്തി നൽകും. ഈ വർഷം സംസ്ഥാന സർക്കാർ അനുവദിച്ച രണ്ടരക്കോടി രൂപ ഉപയോഗിച്ച് കാലതാമസമില്ലാതെ കുടിശ്ശിക തീർക്കും. ഈ തുക നൽകാൻ തുടങ്ങിയിട്ടുണ്ട്. സാമ്പത്തിക നിയന്ത്രണമില്ലാതെ മുൻഗണനാടിസ്ഥാനത്തിൽ തുക നൽകാനും തീരുമാനമായി.
മുളിയാർ പുനരധിവാസ ഗ്രാമം പ്രവർത്തനമാരംഭിച്ചെങ്കിലും പൂർണ സജ്ജമായിട്ടില്ല. ദിവസം 30 പേർക്ക് പരിചരണം നൽകാനാവുന്ന ഇവിടെ തെറാപ്പിസ്റ്റുകളെ നിയമിക്കും.
ജീവനക്കാരെ നിയമിക്കാനും പരിശീലനം നൽകാനും നിപ്മെറിനെ ചുമതലപ്പെടുത്തും. 10 ബഡ്സ് സ്കൂൾ ഏറ്റെടുത്ത് മാതൃകാ ശിശു പുനരധിവാസ കേന്ദ്രമായി (എം.സി.ആർ.സി.) ഉയർത്തിയിട്ടുണ്ട്. അതത് പഞ്ചായത്തുകളിൽ പകൽപരിപാലന കേന്ദ്രം ആരംഭിക്കുകയും ജനകീയ പങ്കാളിത്തത്തോടെ പ്രവർത്തനം നടത്തണമെന്നും മുഖ്യമന്ത്രി നിർദേശം നൽകി.
മന്ത്രിമാരായ ആർ. ബിന്ദു, വീണാ ജോർജ്, കെ.എൻ. ബാലഗോപാൽ, പി.എ. മുഹമ്മദ് റിയാസ്, ചീഫ് സെക്രട്ടറി ഡോ. വി. വേണു, ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ, സാമൂഹ്യനീതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുനീത്കുമാർ, ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി രബീന്ദ്രകുമാർ അഗർവാൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, കളക്ടർ കെ. ഇമ്പശേഖർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

