KSDLIVENEWS

Real news for everyone

കയറ് പൊട്ടി ഈശ്വർ മാൽപെ 150 മീറ്ററിലേറെ ഒഴുകി; രക്ഷാപ്രവർത്തനത്തിന് മലവെള്ളപ്പാച്ചിൽ വെല്ലുവിളി

SHARE THIS ON

അങ്കോല (കർണാടക): അർജുനെ കണ്ടെത്താൻ ഷിരൂരിൽ എത്തിയ പ്രാദേശിക മുങ്ങൽവിദഗ്ധരുടെ സംഘത്തിൽ നിന്നുള്ളവർ നദിയുടെ അടിത്തട്ടിൽ ഇറങ്ങാനുള്ള ശ്രമത്തിൽ. ഉടുപ്പിക്ക് സമീപം മാൽപെയിൽ നിന്നെത്തിയ ‘ഈശ്വർ മാൽപെ’ എന്ന സംഘത്തിൽ എട്ടുപേരാണുള്ളത്. ഇവരിൽ രണ്ടുപേരാണ് നദിയിൽ ഇറങ്ങി പരിശോധന നടത്തുന്നത്. ഇതിനിടെ ഇവരുമായി ടാങ്കറിൽ ഘടിപ്പിച്ച കയറ് പൊട്ടി സംഘത്തിലുള്ള ഒരാൾ അല്പദൂരം ഒഴുകിപ്പോയതായും വിവരമുണ്ട്.


വിവിധ ഉപകരണങ്ങളുമായാണ് ശനിയാഴ്ച രാവിലെയോടെ ഇവർ ഷിരൂരിലെത്തിയത്. ആദ്യഘട്ടമെന്നോണം ഇവർ സിഗ്നൽ ലഭിച്ച ഇടത്ത് മുങ്ങാങ്കുഴിയിട്ടു. ശക്തമായ അടിയൊഴുക്കാണ് നദിയിൽ. പ്രദേശത്ത് ചാറ്റൽ മഴയും ഉണ്ട്. രണ്ടുതവണ മുങ്ങൽ വിദഗ്ധർ പുഴയിൽ ഇറങ്ങി.

നേരത്തെ നാലിടങ്ങളിലായിട്ടാണ് സിഗ്നൽ ലഭിച്ചത്. ഇതിൽ നാലാമിടത്താണ് ഇപ്പോൾ പരിശോധന ശക്തമാക്കിയിരിക്കുന്നത്. അർജുന്റെ ലോറി ഈ പ്രദേശത്ത് ഉണ്ട് എന്നാണ് ദൗത്യസംഘത്തിന്റെ വിലയിരുത്തൽ.

ഉടുപ്പിക്ക് സമീപം മാൽപെയിൽ നിന്നെത്തിയ ‘ഈശ്വർ മാൽപെ’ എന്ന സംഘത്തിൽ എട്ടുപേരാണുള്ളത്. വിവിധ ഉപകരണങ്ങളുമായാണ് ശനിയാഴ്ച രാവിലെയോടെ ഇവർ ഷിരൂരിലെത്തിയത്. വെള്ളത്തിനടിയിലേക്ക് പോയാൽ കണ്ണ് കാണാൻ കഴിയില്ലാത്തതിനാൽ കൈകൊണ്ട് തൊട്ടുനോക്കിയാണ് ശരീരഭാ​ഗം ഏതാണെന്നും ലോഹഭാ​ഗം ഏതാണെന്നുമൊക്കെ തിരിച്ചറിയുകയെന്ന് ഇവർ നേരത്തെ വ്യക്തമാക്കിയിരുന്നു. റഡാർ ഉപയോ​ഗിച്ച് നദിയിൽ കണ്ടെത്തിയ എല്ലാ പോയിന്റുകളിലും പരിശോധന നടത്താനാകുമെന്നും ഇവർ പറഞ്ഞിരുന്നു.

മൂന്ന് പ്രാവശ്യം ഈശ്വർ മാൽപെ അടിത്തട്ടിൽ മുങ്ങി തിരിച്ചുകയറിയതായി മഞ്ചേശ്വരം എം.എൽ.എ. എ.കെ.എം. അഷറഫ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഒരു പ്രാവശ്യം ബോട്ടുമായി ഘടിപ്പിച്ച കയറ് പൊട്ടി 150 മീറ്ററോളം ദൂരത്തേക്ക് ഒഴുകിപ്പോയതായും എം.എൽ.എ. മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കി.


വൻതോതിൽ കുത്തൊഴുക്കാണ് നദിയിൽ അനുഭവപ്പെടുന്നത്. പുഴയിലെ മൺതിട്ടയ്ക്ക് സമീപം, കരയിൽനിന്ന് 130 മീറ്ററോളം മാറിയാണ് പുതിയ സിഗ്നൽ കണ്ടെത്തിയിരിക്കുന്നത്. ഇവിടെയാണ് ഇപ്പോൾ തിരച്ചിൽ ശക്തമാക്കിയത്. മൂന്ന് തവണ മുങ്ങിയതിന്റെ ഫലം റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതിനിടെ അദ്ദേഹത്തിന്റെ കയറ് പൊട്ടി സാങ്കേതിക തടസം നേരിട്ടു. മുങ്ങിയ സ്ഥലത്ത് നിന്ന് പൊങ്ങിയത് 150 മീറ്ററോളം ദൂരത്താണ്. അത്രമാത്രം മലവെള്ളപ്പാച്ചിലാണ് നദിയിൽ. ഇതൊക്കെ തരണം ചെയ്തുകൊണ്ടാണ് രക്ഷാപ്രവർത്തനം. വൈകാതെ തന്നെ ട്രക്കിനടുത്തേക്ക് എത്തുമെന്നാണ് പ്രാർഥനയോടെ കാത്തിരിക്കുന്നത്. അവർ കടുത്ത ആത്മവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്, അഷറഫ് എം.എൽ.എ. പറഞ്ഞു.

error: Content is protected !!