സംസ്ഥാനത്തെ 161 ഡിവൈഎസ്പിമാർക്ക് മാറ്റം; തിരഞ്ഞെടുപ്പിനു ശേഷമുള്ള മാറ്റത്തിന് ഉത്തരവ്

തിരുവനന്തപുരം: യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ ഐ.പി.എസ് (IPS) തലത്തിൽ മാറ്റങ്ങൾ വരുത്തിയിരുന്നു. എ.ഡി.ജി.പി, ഐ.ജി, ഡി.ഐ.ജി തലങ്ങളിൽ അഴിച്ചുപണി നടന്നെങ്കിലും സ്റ്റേഷൻ പ്രവർത്തനങ്ങളെ നേരിട്ട് നിയന്ത്രിക്കുന്ന എസ്.ഐ, സി.ഐ, ഡിവൈ.എസ്.പി തലങ്ങളിൽ മാറ്റങ്ങളൊന്നും വരുത്തിയിരുന്നില്ല. തിരഞ്ഞെടുപ്പ് ചുമതലകളുടെ ഭാഗമായി സ്ഥലംമാറിപ്പോയവരെ തിരികെ നിയോഗിക്കാത്തതിലും, മുൻ സർക്കാറിന്റെ കാലത്ത് പ്രധാന പദവികൾ ലഭിക്കാതിരുന്നവർക്കും അതൃപ്തിയുണ്ടായിരുന്നു. സ്ഥലംമാറ്റം വൈകുന്നതിൽ സേനയ്ക്കുള്ളിൽ തന്നെ വലിയ പ്രതിഷേധം നിലനിന്നിരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ നടപടിയുണ്ടായിരിക്കുന്നത്.
പുതിയ ഉത്തരവോടെ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള പ്രധാന സബ് ഡിവിഷനുകളിൽ വലിയ മാറ്റങ്ങളുണ്ടാകും. മുൻ സർക്കാറിന്റെ കാലത്ത് പ്രധാന പദവികളിൽ എത്താൻ സാധിക്കാത്തവർ ഉൾപ്പെടെ ഇത്തവണ പ്രധാന സബ് ഡിവിഷനുകളുടെ ചുമതലകളിൽ എത്തിയേക്കും. അതേസമയം, സ്റ്റേഷൻ ചുമതലയുള്ള എസ്.ഐ, സി.ഐ മാർക്കുള്ള സ്ഥലംമാറ്റ ഉത്തരവുകൾ ഓഗസ്റ്റ് പതിനഞ്ചോടുകൂടി പുറത്തിറങ്ങുമെന്നാണ് അറിയുന്നത്.

