KSDLIVENEWS

Real news for everyone

ദുരന്തത്തിന് പിന്നാലെ നടപടി: ഡൽഹിയിൽ 13 കോച്ചിങ് കേന്ദ്രങ്ങൾ പൂട്ടി; ബേസ്മെന്റ് ഒഴിയാൻ നിർദേശം

SHARE THIS ON

ന്യൂഡല്‍ഹി: ഭൂഗര്‍ഭനിലയില്‍ പ്രവര്‍ത്തിച്ച ലൈബ്രറിയില്‍ മലിനജലം കയറി മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ച സംഭവത്തിന് പിന്നാലെ ഓള്‍ഡ് രാജേന്ദ്രനഗറിലെ 13 പരീക്ഷാപരിശീലന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടി ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അനധികൃതമായാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഞായറാഴ്ച രാത്രിവൈകിയും സ്ഥാപനങ്ങളില്‍ പരിശോധന നടത്തി സീല്‍ചെയ്തു.

ഐ.എ.എസ്. ഗുരുകുല്‍, ചഹല്‍ അക്കാദമി, പ്ലൂട്ടസ് അക്കാദമി, സായ് ട്രേഡിങ്, ഐ.എ.എസ്. സേതു, ടോപ്പേഴ്‌സ് അക്കാദമി, ദൈനിക് സംവാദ്, സിവില്‍സ് ഡെയിലി ഐ.എ.എസ്, കരിയര്‍ പവര്‍, 99 നോട്ട്‌സ്, വിദ്യാ ഗുരു, ഗൈഡന്‍സ് ഐ.എ.എസ്, ഈസി ഫോര്‍ ഐ.എ.എസ് എന്നീ സ്ഥാപനങ്ങളാണ് കോര്‍പ്പറേഷന്‍ സീല്‍ചെയ്തത്. നിയമങ്ങള്‍ ലംഘിച്ച് ഭൂഗര്‍ഭ അറയില്‍ പ്രവര്‍ത്തിക്കുന്നതിനാലാണ് നടപടിയെന്ന് ഉത്തരവില്‍ കോര്‍പ്പറേഷന്‍ മേയര്‍ ഷെല്ലി ഒബ്‌റോയ് വ്യക്തമാക്കി. ദാരുണസംഭവം നടന്ന റാവൂസ് ഐ.എ.എസ്. സ്റ്റഡി സര്‍ക്കിള്‍ പോലീസ് നേരത്തെതന്നെ അടച്ചുപൂട്ടുകയും ഉടമ അഭിഷേക് ഗുപ്തയേയും കോര്‍ഡിനേറ്റര്‍ ദേശ്പാല്‍ സിങ്ങിനേയും അറസ്റ്റുചെയ്യുകയുമുണ്ടായി.


കെട്ടിടനിയമങ്ങള്‍ ലംഘിച്ച സ്ഥാപനങ്ങള്‍ക്കെതിരെ കോര്‍പ്പറേഷന്‍ നടപടി ശക്തമാക്കിയതിന് പിന്നാലെ ബേസ്‌മെന്റിലെ ലൈബ്രറികള്‍ ഉപയോഗിക്കുന്ന വിദ്യാര്‍ഥികളോട് ഇവിടെനിന്ന് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം നല്‍കി. സ്ഥാപനങ്ങളുടെ ഉടമസ്ഥരാണ് നിര്‍ദേശം നല്‍കിയത്. അതേസമയം, ബേസ്‌മെന്റിലെ ബയോമെട്രിക് പഞ്ചിങ്ങാണ് അപകടത്തിന് കാരണമായതെന്ന ആരോപണവുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തി. ബേസ്‌മെന്റില്‍ വെള്ളംകയറാന്‍ തുടങ്ങിയതോടെ പഞ്ച് ചെയ്ത് പുറത്ത് കടക്കാന്‍ കഴിയാത്തതാണ് മൂന്നുപേരുടെ മരണത്തിന് ഇടയാക്കിയതെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു.

റാവു ഐ.എ.എസ്. സ്റ്റഡി സര്‍ക്കിളില്‍ ചട്ടങ്ങളില്‍ ഗുരുതരമായ വീഴ്ചവരുത്തിയെന്നാണ് പ്രാഥമിക നിഗമനം. പാര്‍ക്കിങ്ങിനും സ്റ്റോറേജിനും മാത്രം അനുമതിയുള്ള ബേസ്‌മെന്റ് ലൈബ്രറിയും റീഡിങ് റൂമുമായി ഉപയോഗിച്ചു. മറ്റ് ആവശ്യങ്ങള്‍ക്ക് ബേസ്‌മെന്റ് ഉപയോഗിക്കരുതെന്ന് കോര്‍പ്പറേഷന്റേയും അഗ്നിരക്ഷാസേനയുടേയും എതിര്‍പ്പില്ലാരേഖയില്‍ വ്യക്തമാക്കുന്നുണ്ട്. ഡ്രെയ്‌നേജ് ബേസ്‌മെന്റിലേക്ക് കയറരുതെന്നും ഓഫീസ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയാണെങ്കില്‍ പുറത്തേക്കും അകത്തേകും നിശ്ചിത വഴികള്‍ ഉണ്ടാവണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. റാവു ഐ.എ.എസ്. സ്റ്റഡി സര്‍ക്കിളില്‍ ഒരു എന്‍ട്രി- എക്‌സിറ്റ് വഴി മാത്രമാണ് ഉണ്ടായിരുന്നത്.

സിവില്‍ സര്‍വീസ് കോച്ചിങ് സെന്ററിന്റെ ബേസ്‌മെന്റില്‍ വെള്ളം കയറി മലയാളി അടക്കം മൂന്ന് വിദ്യാർഥികളാണ് മരിച്ചത്. എറണാകുളം സ്വദേശി നെവിന്‍ ഡാല്‍വിന്‍ (28) ആണ് മരിച്ച മലയാളി. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ (ജെ.എന്‍.യു.) ഗവേഷക വിദ്യാര്‍ഥിയാണ് നെവിന്‍. തെലങ്കാന സ്വദേശിനിയായ തനിയ സോണി (25), ഉത്തര്‍പ്രദേശ് സ്വദേശിനി ശ്രേയ യാദവ് (25) എന്നിവരാണ് മരിച്ച മറ്റുള്ളവര്‍. ശനിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയായിരുന്നു അപകടം. ഡ്രെയിനേജ് തകര്‍ന്നതാണ് ബേസ്‌മെന്റിലേക്ക് വെള്ളം കയറാന്‍ കാരണമെന്നാണ് പറയപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!