KSDLIVENEWS

Real news for everyone

രാത്രിയിലേയ്ക്ക് ആർത്തലച്ചു വന്ന ഉരുൾ, ആർത്തനാദങ്ങളും അലമുറകളും ബാക്കി

SHARE THIS ON

ഈ തുരുത്തിലാണ് ഇപ്പോൾ രക്ഷാപ്രവർത്തനം. ഇവിടെ നിന്ന് ഏറെ പണിപ്പെട്ടാണ് ചിലരെയെങ്കിലും കണ്ടെടുത്തത്. വീടുകളിൽ ഉറങ്ങിക്കിടന്ന ബാക്കി ചിലർ ഇപ്പോഴും മണ്ണിനടിയിലാണ്. മറ്റു ചിലർ ഒഴുകി അയൽജില്ലയിൽ വരെയെത്തി. ചിലരുടെ ജഡം ഉരുൾ ഒഴുകിയ വഴിയിലെ മരത്തിലും പൊന്തക്കാട്ടിലും കിടന്നു.

ദുരന്തം പിന്നിട്ട് മണിക്കൂറുകള്‍ പിന്നിട്ടപ്പോഴും ഇവരിലേക്കെത്താനാവാതെ നിസ്സഹായരായി നില്‍ക്കുകയാണ് നാടും ഇവിടുത്തെ സംവിധാനങ്ങളും. സമാനതകളില്ലാത്ത ദുരന്തത്തിനാണ് നാട് സാക്ഷ്യംവഹിക്കുന്നത്. വയനാട്ടിലേയ്ക്കുള്ള പ്രധാന മാർഗമായ താമരശ്ശേരി ചുരം മണ്ണിടിഞ്ഞ് വഴിമുടങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവർത്തകർ അടക്കം നിരവധി പേർ നിസ്സഹായരായി അവിടെ ഉണ്ട്.

തുള്ളിയ്ക്ക് ഒരു കുടം കണക്കെയായിരുന്നു വയനാട്ടിൽ രണ്ടുദിവസമായുള്ള മഴ. ഒപ്പം മരംകോച്ചുന്ന നണുപ്പും. തിങ്കാഴ്ച രാത്രിയും തോരാമഴയായിരുന്നു മുണ്ടക്കൈയിലും ചൂരൽമലയിലുമെല്ലാം. ഇത് ഇത്ര വലിയ നാശത്തിലേയ്ക്കാണ് നയിക്കുന്നതെന്ന് ആരും കരുതിയിരിക്കില്ല. ഒരു നിമിഷം കൊണ്ടായിരുന്നു എല്ലാം. ഉരുൾ സകലതും കവർന്നു. അത് എത്രപേരുടെ പ്രാണനാണ് കവർന്നതെന്ന് ഇപ്പോഴും നിശ്ചയമില്ല. പ്രാണൻ ബാക്കിയായവർ ഇനിയും ഞെട്ടലിൽ നിന്ന് മുക്തരായിട്ടില്ല.

ജീവൻ തിരിച്ചുകിട്ടിയവർ ബാക്കിയായ പ്രാണൻ മുറുകെ പിടിച്ച് വാവിട്ട് കരഞ്ഞു. ചിലര്‍ പ്രിയപ്പെട്ടവരുടെ ജീവനുവേണ്ടി അലമുറയിട്ടു. ആ കരച്ചില്‍ ആദ്യം കേട്ടത് മേപ്പാടിക്കാരാണ്. അവര്‍ കിട്ടുന്ന വണ്ടികളില്‍ ദുരന്തമുഖത്തേക്ക് പാഞ്ഞെത്തി. ചെളിയില്‍ പുതഞ്ഞ് കിടക്കുന്നവരെയും പരിക്കേറ്റവരെയും ആശുപത്രിയിലേക്ക് മാറ്റി. ഒപ്പം കളിച്ചുവളര്‍ന്നവരെ, ജോലിചെയ്യുന്നവരെ, വര്‍ഷങ്ങളായി പരിചയമുള്ളവരെ മുള്‍പ്പടര്‍പ്പില്‍ നിന്നും കല്ലിനടിയില്‍ നിന്നും പെറുക്കിയെടുത്തു. മനസ് മരവിക്കുന്ന കാഴ്ചയായിരുന്നു എങ്ങും. സ്വന്തം വീട്ടില്‍ അന്തിയുറങ്ങിയവര്‍ പ്രാണന്‍ പോയി ഒലിച്ചെത്തിയത് സമീപ ജില്ലയിലാണ്. നിലമ്പൂര്‍ ചാലിയാറില്‍ ഒഴുകിയെത്തിയത് 19 മൃതദേഹങ്ങളാണ്. ഇനിയും എത്ര വരുമെന്ന് നിശ്ചയമില്ല. ആശങ്കയുടെ ഇരുട്ടാണ് ഈ പകലിലത്രയും. കേരളം ഇന്നോളം കാണാത്തൊരു മഹാദുരന്തമാണ് തോരാമഴ ബാക്കിവെക്കുന്നത്.

error: Content is protected !!