വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണം 135 ആയി; കണ്ടെത്താനുള്ളത് നിരവധിപേരെ

കല്‍പ്പറ്റ: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണം 135 ആയി. ഉരുൾപൊട്ടൽ കനത്ത നാശംവിതച്ച ചൂരല്‍മലയില്‍ നിർമിച്ച താത്കാലിക പാലത്തിലൂടെ അഞ്ഞൂറിലധികം പേരെ രക്ഷപ്പെടുത്തി. സൈന്യവും കേരള ഫയര്‍ ഫോഴ്സും സംയുക്തമായാണ് പാലം നിര്‍മ്മിച്ചത്. രക്ഷാപ്രവർത്തനം രാത്രിയും തുടരുകയാണ്. ഉച്ചകഴിഞ്ഞ് സൈന്യവും എൻഡിആർഎഫും അടങ്ങുന്ന ദൗത്യസംഘം പുഴ കടന്ന് മുണ്ടക്കൈയിലേക്ക് എത്തിയിരുന്നു. കണ്ണൂരിലെ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്സ് (ഡിഎസ്സി) സെന്ററില്‍നിന്ന് 200 സൈനികരുള്ള ഇന്ത്യന്‍ ആര്‍മിയുടെ രണ്ട് വിഭാഗങ്ങൾ വയനാട്ടിലേക്ക് എത്തിയിട്ടുണ്ട്. കണ്ണൂരിലെ സൈനിക ആശുപത്രിയില്‍നിന്നുള്ള മെഡിക്കല്‍ സംഘവും കോഴിക്കോട് നിന്നുള്ള ടെറിട്ടോറിയല്‍ ആര്‍മിയുടെ സേനയേയും വയനാട്ടിലേക്ക് വിന്യസിച്ചിട്ടുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
മേപ്പാടിക്കടുത്തുള്ള ചൂരല്‍മലയിലും മുണ്ടക്കൈയിലുമാണ് ഉരുള്‍പൊട്ടലുകളുണ്ടായത്. ചൂരല്‍മലയില്‍ നിരവധി വീടുകള്‍ തകരുകയും ഒലിച്ചുപോകുകയുംചെയ്തിട്ടുണ്ട്. നിരവധിപേര്‍ ഇനിയും ദുരന്തമേഖലയില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് ആശങ്ക. പരിക്കേറ്റ നൂറോളം പേര് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. മുണ്ടക്കൈ ഭാഗത്തെ തിരച്ചിൽ ചൊവ്വാഴ്ച രാത്രിയോടെ നിർത്തി. ബുധനാഴ്ച പുലർച്ചെ പുനരാരംഭിക്കും

