KSDLIVENEWS

Real news for everyone

ഹനിയയുടെ വധത്തിന് പിന്നില്‍ മൊസാദ്: ഇറാന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിലയ്‌ക്കെടുത്തു; ആദ്യശ്രമം മേയില്‍

SHARE THIS ON

ലണ്ടന്‍: ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയെയെ വധിക്കാന്‍ ഇസ്രയേല്‍ ചാരസംഘടന മൊസാദ് മൂന്ന് ഇറാന്‍ സുരക്ഷാഏജന്റുമാരെ വിലയ്‌ക്കെടുത്തതായി റിപ്പോര്‍ട്ട്. ഹനിയെ താമസിക്കുന്ന കെട്ടിടത്തിലെ മൂന്ന് മുറികളില്‍ ബോംബ് വെക്കാനായിരുന്നു ഇവരെ നിയോഗിച്ചത്. മേയില്‍ മുന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ ഹനിയെയെ വധിക്കാനായിരുന്നു അദ്യപദ്ധതിയെന്നും അന്തര്‍ദേശീയ മാധ്യമമായ ടെലഗ്രാഫ് റിപ്പോര്‍ട്ടുചെയ്തു.

സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുത്ത ആള്‍ക്കൂട്ടം കാരണം പദ്ധതി പരാജയപ്പെടുകയായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.  ഹനിയെ താമസിക്കാറുള്ള വടക്കന്‍ ടെഹ്‌റാനിലെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോറിന്റെ(ഐ.ആര്‍.ജി.സി.) ഗസ്റ്റ് ഹൗസിലെ മുറിയില്‍ ബോംബ് സ്ഥാപിക്കാനാണ് ഇറാന്‍ ഏജന്റുമാര്‍ നിയോഗിക്കപ്പെട്ടത്. മിനിറ്റുകള്‍കൊണ്ട് കെട്ടിടത്തില്‍ രഹസ്യമായി പ്രവേശിച്ച് ബോംബ് സ്ഥാപിച്ച് പുറത്തുവരുന്നതിന്റെ ദൃശ്യങ്ങളും ലഭിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടുപേരും രാജ്യം വിട്ടതായി സൂചനയുണ്ട്.

അന്‍സാര്‍ അല്‍ മഹ്ദി സുരക്ഷാ യൂണിറ്റിലെ അംഗങ്ങളാണ് ഇവരെന്ന് ഐ.ആര്‍.ജി.സിയിലെ ഒരംഗം ടെലഗ്രാഫിനോട് പറഞ്ഞു. ടെഹ്‌റാനില്‍വെച്ച് ഹനിയെയെ കൊലപ്പടുത്തിയ സംഭവം ഇറാന് അപമാനകരമാണെന്നും വലിയ സുരക്ഷാവീഴ്ചയാണെന്നും ഐ.ആര്‍.ജി.സി. പറയുന്നു. എങ്ങനെ സംഭവിച്ചുവെന്നത് വലിയ ചോദ്യമാണ്. ഉന്നതതലത്തില്‍ ആര്‍ക്കും അറിയാത്ത എന്തോ നടന്നിട്ടുണ്ടെന്നും അവര്‍ ആരോപിക്കുന്നു. ഹനിയെയുടെ കൊലപാതകത്തെച്ചൊല്ലി ഐ.ആര്‍.ജി.സിക്കുള്ളിലും വിരുദ്ധാഭിപ്രായങ്ങളുണ്ടെന്നാണ് സൂചന. ടെല്‍ അവീവ് ലക്ഷ്യമാക്കി തിരിച്ചടിക്കും ഇവര്‍ പദ്ധതിയിടുന്നുണ്ട്. ഹിസ്ബുള്ളയുടെ അടക്കം സഹകരണം ഇതില്‍ തേടിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!