ദേശീയപാത വികസനം;
അടിയായി പാതപണി; നീലേശ്വരത്തെ ആകാശപ്പാതയെയും അടിപ്പാതയെയും ചൊല്ലി തർക്കം

നീലേശ്വരം: ആകാശപ്പാത എല്ലാവരും ഉപേക്ഷിച്ചു. അടിപ്പാതയുടെ നീളത്തെയും വീതിയെയും ചൊല്ലിയാണ് പുതിയ തർക്കം. ദേശീയപാത വികസനത്തിന്റെ ഭാഗമായി നീലേശ്വരം മാർക്കറ്റ് ജംക്ഷനിൽ ആകാശപ്പാത സ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ട് എൽഡിഎഫും യുഡിഎഫും നഗരസഭയും എല്ലാം വെവ്വേറെ നടത്തിയ സമരങ്ങൾ എല്ലാം വിഫലമായി. മാർക്കറ്റ് ജംക്ഷനിൽ 4 മീറ്റർ വീതിയിലും 3 മീറ്റർ നീളത്തിലും അടിപ്പാത നിർമിക്കാനുള്ള നടപടികളുമായി ബന്ധപ്പെട്ടവർ മുന്നോട്ട് പോവുകയാണ് അധികൃതർ.
ഇതിന്റെ ഭാഗമായി കുഴി വെട്ടുന്ന പ്രവൃത്തിക്ക് തുടക്കമായി. അതേസമയം അടിപ്പാതയുടെ വിഷയത്തിലാണ് ഇപ്പോൾ പുതിയ തർക്കം ഉടലെടുത്തിരിക്കുന്നത്. അടിപ്പാത നിർമിക്കുമ്പോൾ ബസ് അടക്കം കടന്ന് പോകുന്നതിന് ആവശ്യമായ രീതിയിൽ 4 മീറ്റർ നീളവും 4 മീറ്റർ വീതിയിലും നിർമിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട അധികൃതരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ ഈ ആവശ്യം അംഗീകരിച്ചതായി യുഡിഎഫ് കൗൺസിലർ ഇ.ഷജീറും കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എറുവാട്ട് മോഹനനും പറഞ്ഞു.
കൂടാതെ രാജ്മോഹൻ ഉണ്ണിത്താൻ എംപി ഈ വിഷയത്തിൽ ഇടപെട്ട് ദേശീയപാത അതോറിറ്റിയുടെ അധികൃതരുമായി സംസാരിച്ച് 6 മീറ്റർ വീതിയിലേക്ക് എത്തിക്കുന്നതിന്റെ നടപടികളുമായി മുന്നോട്ട് പോകുന്നുണ്ടെന്ന് എറുവാട്ട് മോഹനൻ പറഞ്ഞു. ഈ വിഷയത്തിൽ യുഡിഎഫ് ഒന്നും ചെയ്തില്ലെന്ന നിലപാടാണ് നഗരസഭയുടെ ഭരണാധികാരിക്കുള്ളത്. ആകാശപ്പാത എന്ന സർവകക്ഷി സംഘത്തിന്റെയും നഗരസഭയുടെയും നിലപാട് നിർമാണവുമായി ബന്ധപ്പെട്ടവർ അംഗീകരിച്ചിട്ടില്ല.
3 മീറ്റർ നീളവും 4 മീറ്റർ വീതിയുമുള്ള അടിപ്പാതയാണ് അവർ മുന്നോട്ട് വച്ചത്. അത് അംഗീകരിക്കാൻ കഴിയില്ലെന്നും എല്ലാ വാഹനങ്ങൾക്കും കടന്നുപോകുന്ന രീതിയിൽ അടിപ്പാത ഒരുക്കണമെന്ന നിർദേശം എം.രാജഗോപാലൻ എംഎൽഎയാണ് ദേശീയപാത അധികൃതരോട് മുന്നോട്ട് വച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങൾ നീങ്ങുന്നത്. അല്ലാതെ മറ്റാരും ഇക്കാര്യത്തിൽ ഇടപെട്ടിട്ടില്ലെന്ന് നഗരസഭ വൈ. ചെയർമാൻ മുഹമ്മദ് റാഫി പറഞ്ഞു. അങ്ങനെ ഇടപെട്ടിടുണ്ടെങ്കിൽ രേഖകൾ കാണിക്കട്ടെ എന്നും റാഫി പറഞ്ഞു.

