KSDLIVENEWS

Real news for everyone

എ.ടി.എം കൗണ്ടറിൽ കയറി യന്ത്രംപൊളിച്ച് പണം കൈക്കലാക്കാൻ ശ്രമം; യു.പി സ്വദേശി പിടിയിൽ

SHARE THIS ON

തിരൂർ: തിരൂരിൽ എ.ടി.എം. തകർത്ത് പണം കവർച്ചചെയ്യാൻ ശ്രമം. യു.പി സ്വദേശി പിടിയിൽ. താഴെപാലത്ത് ബാങ്ക് കെട്ടിടത്തോടുചേർന്നുള്ള എസ്.ബി.ഐ.യുടെ എ.ടി.എം. കൗണ്ടറിൽ ഞായറാഴ്ച പുലർച്ചെയാണ് മോഷണശ്രമം. ഇപ്പോൾ പുത്തനത്താണിയിൽ താമസിക്കുന്ന ജിതേന്ദ്ര ബിന്ദ് (33) ആണ് പിടിയിലായത്.

എ.ടി.എം കൗണ്ടറിൽ കയറിയ ഇയാൾ യന്ത്രംപൊളിച്ച് പണം കൈക്കലാക്കാൻ ശ്രമിച്ചു. പാസ്ബുക്ക് പ്രിൻറിങ് മെഷീൻ, സി.‍ഡി.എം. കം എ.ടി.എം എന്നിവ കുത്തിത്തുറന്നു. പണം കൈക്കലാക്കാനാക്കുള്ള ശ്രമം പരാജയപ്പെട്ടതോടെ അവിടെനിന്നു കടന്നു.

ബാങ്ക് െകട്ടിടത്തിനകത്തായിരുന്ന സുരക്ഷാജീവനക്കാരൻ പുറത്തെത്തിയപ്പോഴാണ് മോഷണശ്രമം അറിഞ്ഞത്. പോലീസിനെ ഉടൻ അറിയിച്ചു. എ.ടി.എം. കൗണ്ടറിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ് അന്വേഷണം നടത്തി. തിരൂർ ബസ്‌സ്റ്റാൻഡിൽവെച്ച് മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടി.

മോഷണശ്രമത്തിനും ഒരുലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ വരുത്തിയതിനും ബാങ്ക് മാനേജരുടെ പരാതിയിൽ കേസ് രജിസ്റ്റർചെയ്തിട്ടുണ്ട്.

തിരൂർ ഡിവൈ.എസ്.പി. കെ.എം. ബിജുവിന്റെ നിർദേശാനുസരണം ഇൻസ്‌പെക്ടർ കെ.ജെ. ജിനേഷിന്റെ നേതൃത്വത്തിൽ എസ്.ഐ. ആർ.പി. സുജിത്ത്, സീനിയർ സി.പി.ഒ. വി.പി. രതീഷ്, സി.പി.ഒ.മാരായ ദിൽജിത്ത്, അനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

കവർച്ചശ്രമം നടന്ന എ.ടി.എം. കൗണ്ടറുകൾ ഡിവൈ.എസ്.പി., മലപ്പുറത്തുനിന്നെത്തിയ ഫൊറൻസിക് വിദഗ്ധൻ പി. നൂറുദ്ദീൻ തുടങ്ങിയവർ പരിശോധിച്ചു. തിരൂർ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കുശേഷം പ്രതിയെ തിരൂർ ഒന്നാംക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!