KSDLIVENEWS

Real news for everyone

കേരളത്തിൽ പരിസ്ഥിതി ഓഡിറ്റിങ് വേണമെന്ന് ഹൈക്കോടതി,12 ജില്ലകൾ ഉരുൾപൊട്ടൽ ഭീഷണിനേരിടുന്നെന്ന് സർക്കാർ

SHARE THIS ON

കൊച്ചി: പ്രകൃതിദുരന്തങ്ങൾ ഒഴിവാക്കുന്നതിന് കേരളത്തിലാകെ പരിസ്ഥിതി ഓഡിറ്റിങ് നടത്തേണ്ടതുണ്ടെന്ന് ഹൈക്കോടതി. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ സ്വമേധയാ എടുത്ത ഹർജിയിലാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാരും ജസ്റ്റിസ് വി.എം. ശ്യാംകുമാറും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഈ നിർദേശം മുന്നോട്ടുവെച്ചത്. വിഷയത്തിൽ സർക്കാർ നിലപാട് അറിയിക്കാൻ അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ് സമയംതേടി. ഹർജിയിൽ കോടതിയെ സഹായിക്കാൻ മുതിർന്ന അഭിഭാഷകൻ രഞ്ജിത് തമ്പാനെ അമിക്കസ് ക്യൂറിയായി നിയോഗിച്ചു. എല്ലാ വെള്ളിയാഴ്ചയും വിഷയം പരിഗണിക്കുമെന്ന് കോടതി പറഞ്ഞു.


നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, സർവേ ഓഫ് ഇന്ത്യ, കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം, സ്റ്റേറ്റ് എൻവയൺമെന്റ് ഇംപാക്ട് അതോറിറ്റി തുടങ്ങിയവരെ കേസിൽ കക്ഷിയാക്കി നോട്ടീസിന് നിർദേശിച്ചു. വികസനപദ്ധതികൾ നടപ്പാക്കുംമുൻപ് അത് എങ്ങനെ പ്രകൃതിയെ ബാധിക്കുമെന്നതടക്കമുള്ള കാര്യങ്ങൾ പഠിക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. സർക്കാർവകുപ്പുകൾ തമ്മിൽ ഇക്കാര്യത്തിൽ ഏകോപനമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. രണ്ടു ജില്ലകൾ ഒഴിച്ച് മറ്റുള്ള ജില്ലകളൊക്കെ മണ്ണിടിച്ചിൽ ഭീഷണി നേരിടുന്നുണ്ടെന്ന് അഡ്വക്കേറ്റ് ജനറൽ വിശദീകരിച്ചു. പൊതുവായി പറയുന്നതിനപ്പുറം ഇക്കാര്യത്തിൽ വിശദമായ പഠനമാണ് വേണ്ടതെന്ന് കോടതി പറഞ്ഞു. ജിയോ മാപ്പിങ്ങാണ് വേണ്ടതെന്നും വ്യക്തമാക്കി.

സർക്കാരിന്റെ നയരൂപവത്കരണത്തിനടക്കം അത് സഹായകമാകും. നിർമാണപ്രവർത്തനങ്ങൾ അനുവദിക്കാവുന്നതും അനുവദിക്കാനാകാത്തതുമായ മേഖല ഏതെന്ന് വ്യക്തമായി തിരിക്കാനാകണം. ഇക്കാര്യങ്ങളിൽ സമഗ്ര റിപ്പോർട്ട് നൽകാൻ അമിക്കസ് ക്യൂറിക്കും നിർദേശം നൽകി.


ഉരുൾപൊട്ടൽ ഓരോ കുടുംബത്തിനും 10000

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് ദുരിതാശ്വാസക്യാമ്പുകളിൽ കഴിയുന്ന ഓരോ കുടുംബത്തിനും അടിയന്തര സഹായധനമായി 10,000 രൂപ വീതം നൽകും. മുണ്ടക്കൈ, ചൂരൽമല പ്രദേശത്തെ ദുരന്തബാധിതരായവർക്കാണ് സഹായം ലഭിക്കുക. ഇതോടൊപ്പം ജീവനോപാധി നഷ്ടമായവർക്ക് പ്രതിദിന സാമ്പത്തികസഹായം നൽകാനും സർക്കാർ തീരുമാനിച്ചു.


ജീവനോപാധി നഷ്ടപ്പെട്ട കുടുംബത്തിലെ പ്രായപൂർത്തിയായ ഒരു വ്യക്തിക്ക് ദിവസം 300 രൂപവീതം നൽകും. ഒരു കുടുംബത്തിലെ രണ്ടുപേർക്കാണ് സഹായം ലഭിക്കുക. കിടപ്പുരോഗികളോ ആശുപത്രിയിൽ ദീർഘനാൾ ചികിത്സയിൽക്കഴിയുന്ന രോഗികളോ ഉള്ള കുടുംബങ്ങൾക്ക് ഈ ആനുകൂല്യം കുടുംബത്തിൽ മൂന്നുപേർക്ക് ലഭിക്കും. 30 ദിവസത്തേക്കാണ് ഈ തുക നൽകുക.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!