അഴിമതിക്കേസ്: സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഗവര്‍ണറുടെ അനുമതി; വിമര്‍ശനവുമായി കോണ്‍ഗ്രസ്

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യയെ അഴിമതി നിരോധന നിയമപ്രകാരം വിചാരണചെയ്യാന്‍ അനുമതി നല്കി ഗവര്‍ണര്‍ തവര്‍ചന്ദ് ഗെഹ്ലോത്. മൈസൂരു അര്‍ബന്‍ ഡെവലപ്മെന്റ് അതോറിറ്റി (എംയുഡിഎ)യ്ക്ക് സ്ഥലം അനുവദിച്ചതിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണിത്. അതിനിടെ ഗവര്‍ണര്‍ തവര്‍ചന്ദ് ഗെഹ്ലോതിന്റെ ഉത്തരവ്ചോദ്യംചെയ്ത് സിദ്ധരാമയ്യയുടെ അഭിഭാഷകര്‍ കര്‍ണാടക ഹൈക്കോടതിയെ ശനിയാഴ്ചതന്നെ സമീപിക്കും. വിചാരണചെയ്യാന്‍ ഗവര്‍ണര്‍ തിടുക്കപ്പെട്ടാണ് അനുമതി നല്‍കിയെന്ന് ആരോപിച്ചാവും അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുകയെന്നാണ് വിവരം.
സംഭവത്തില്‍ കര്‍ണാടക അഭ്യന്തരമന്ത്രി ജി പരമേശ്വര ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ഗവര്‍ണര്‍ വിചാരണയ്ക്ക് അനുമതി നല്‍കിയതെന്ന് അദ്ദേഹം ആരോപിച്ചു. ഗവര്‍ണര്‍ അധികാരം ദുര്‍വിനിയോഗം ചെയ്തുവെന്നും സിദ്ധരാമയ്യ രാജിവെക്കുന്ന പ്രശ്നമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ലക്ഷ്യമിടുന്നതാണ് ഗവര്‍ണറുടെ നീക്കമെന്ന് മന്ത്രി എം.ബി പാട്ടീലും കുറ്റപ്പെടുത്തി. എം.ഡി.യു.എയ്ക്കാണ് പിഴവ് സംഭവിച്ചതെന്നും മുഖ്യമന്ത്രിക്ക് അതുമായി യാതൊരു ബന്ധവുമില്ലെന്നും പാട്ടീല്‍ പറഞ്ഞു. ക്രമക്കേട് നടന്നത് ബിജെപി സര്‍ക്കാരിന്റെ കാലത്താണ്. കേന്ദ്രത്തിന്റെ താത്പര്യപ്രകാരമാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നത്. എച്ച്.ഡി കുമാരസ്വാമിയെ രക്ഷിക്കാന്‍ ഗവര്‍ണര്‍ നടത്തുന്ന നീക്കം കോടതിയില്‍ ചോദ്യംചെയ്യും. കോടതിയില്‍നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
സിദ്ധരാമയ്യയുടെ ഭാര്യയുടെ ഭൂമി എംയുഡിഎ ഏറ്റെടുത്തതിന് പകരമായി മൈസൂരുവിലെ കണ്ണായ സ്ഥലത്ത് വിലകൂടിയഭൂമി അവര്‍ക്ക് അനുവദിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ആരോപണം. 3.16 ഏക്കര്‍ ഏറ്റെടുത്തതിന് പകരമായാണ് പാര്‍വതിക്ക് ഭൂമി അനുവദിച്ചത്. ഏറ്റെടുത്ത ഭൂമിയില്‍ പാര്‍വതിക്ക് നിയമപരമായ അവകാശമില്ലെന്ന ആരോപണവും പ്രതിപക്ഷം അടക്കമുള്ളവര്‍ ഉന്നയിക്കുന്നുണ്ട്. വിഷയത്തില്‍ സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാതിരിക്കാന്‍ മതിയായ കാരണമുണ്ടെങ്കില്‍ ബോധ്യപ്പെടുത്തണമെന്ന് നിര്‍ദേശിച്ച് ഗവര്‍ണര്‍ നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. നടപടിയില്‍ കടുത്ത വിയോജിപ്പ് രേഖപ്പെടുത്തിയ മന്ത്രിസഭായോഗം നോട്ടീസ് ഉടന്‍ പിന്‍വലിക്കണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു. അതിനിടെ സിദ്ധരാമയ്യയ്ക്കെതിരെയുള്ള രണ്ട് സ്വകാര്യ ഹര്‍ജികള്‍ പ്രത്യേക കോടതി പരിഗണിക്കാനായി മാറ്റിവെച്ചിട്ടുണ്ട്. തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നാണ് സിദ്ധരാമയ്യ പറയുന്നത്. സര്‍ക്കാരിന്റെ പ്രതിച്ഛായ കളങ്കപ്പെടുത്താനാണ് ബിജെപിയും ജെഡിഎസും ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

