KSDLIVENEWS

Real news for everyone

അന്നത്തെ ആ അഞ്ച് മിനിറ്റ്; വന്നു കണ്ടു പദവി പോയി, ഇ.പിയെ കൈവിട്ട് പാര്‍ട്ടി

SHARE THIS ON

ചില കൂടിക്കാഴ്ചകള്‍ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുമെന്ന് പറയാറുണ്ട്. അതുപോലൊന്നായിരുന്നു മുതിര്‍ന്ന സി.പി.എം. നേതാവ് ഇ.പി. ജയരാജനും ബി.ജെ.പി. നേതാവ് പ്രകാശ് ജാവഡേക്കറും തമ്മില്‍ 2023 മാര്‍ച്ച് അഞ്ചിന് നടന്ന ആ കൂടിക്കാഴ്ച എന്ന് ഇനി പറഞ്ഞാല്‍ തെറ്റാകില്ല. ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയും ലോക്‌സഭാ തിരഞ്ഞെടുപ്പു വോട്ടെടുപ്പു ദിവസം അത് തുറന്നുപറഞ്ഞതും തുടര്‍ വിവാദങ്ങളും ജയരാജന്റെ എല്‍.ഡി.എഫ്. കണ്‍വീനര്‍ സ്ഥാനം തെറിപ്പിക്കുന്നതിലേക്കാണ്‌ നയിച്ചത്. ഇ.പിയുടെ ഭാഷയില്‍ പറഞ്ഞാല്‍, വെറും അഞ്ചുമിനിറ്റില്‍ അധികം നീളാത്ത ‘യാദൃച്ഛികമായ’ കൂടിക്കാഴ്ച മാത്രമായിരുന്നു അത്. എന്നാല്‍ ആ യാദൃച്ഛികതയ്ക്ക് വലിയ വില കൊടുക്കേണ്ടിവന്നു അദ്ദേഹത്തിന്.


കൊണ്ടും കൊടുത്തും വളരുന്ന, ചോരച്ചുവപ്പുള്ള കണ്ണൂരിലെ രാഷ്ട്രീയക്കളരിയില്‍നിന്ന് സംസ്ഥാന രാഷ്ട്രീയത്തിലെ തലപ്പൊക്കമുള്ള നേതാവായി വളര്‍ന്ന ഇ.പിയുടെ രാഷ്ട്രീയ ജീവിതത്തില്‍ വിവാദങ്ങള്‍ ഒരിക്കലും പുത്തരിയായിരുന്നില്ല. എന്നാല്‍ ജാവഡേക്കര്‍-ഇ.പി. കൂടിക്കാഴ്ചയും അതേക്കുറിച്ച് ജയരാജന്‍ നടത്തിയ പ്രതികരണവും അതിന് തിരഞ്ഞെടുത്ത സമയവും സി.പി.എമ്മിന് വലിയ ക്ഷീണമാണ് ഉണ്ടാക്കിയത്. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പിന് ശേഷം അദ്ദേഹത്തിനെതിരേ പാര്‍ട്ടി കടുത്ത നടപടി സ്വീകരിക്കുമെന്നും ഉറപ്പായിരുന്നു. മുന്‍പ് മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായാണ് പാര്‍ട്ടിക്കുള്ളിലും പുറത്തും ഇ.പി. അറിയപ്പെട്ടിരുന്നത്. എന്നാല്‍ ആ സമവാക്യത്തിലും പിന്നീട് വിള്ളലുണ്ടായി.

ഇ.പി.: വിവാദങ്ങളും നാക്കുപിഴകളും

വിവാദങ്ങളും നാവുപിഴകളും മേമ്പൊടിയിട്ട രാഷ്ട്രീയജീവിതമായിരുന്നു ഇ.പിയുടേത്. മാധ്യമങ്ങള്‍ക്ക് മുന്‍പിലും അല്ലാതെയും അദ്ദേഹം നടത്തിയ പല പരാമര്‍ശങ്ങളും പാര്‍ട്ടിയെ തന്നെയും പലപ്പോഴും കുഴപ്പത്തിലാക്കിയിട്ടുണ്ട്. പല വിവാദങ്ങളിലും ഇ.പിയുടെ ഭാഗത്തുനിന്ന് ജാഗ്രതക്കുറവുണ്ടായെന്ന് പാര്‍ട്ടി കണ്ടെത്തുകയും ചെയ്തു. കായികവകുപ്പു മന്ത്രിയായിരിക്കേ, ബോക്‌സര്‍ മുഹമ്മദാലി മരിച്ചപ്പോള്‍ അദ്ദേഹത്തെ മലയാളിയാക്കി അനുസ്മരിച്ചതും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിമാനത്തില്‍ കായികമായി നേരിട്ട് ഇന്‍ഡിഗോ വിമാനക്കമ്പനിയെത്തന്നെ ബഹിഷ്‌കരിച്ചതും കേരളം കണ്ടു.

യന്ത്രക്കല്ല് വിവാദം

ചെങ്കല്‍മേഖലയിലെ യന്ത്രവത്കരണത്തിനെതിരേ തൊഴിലാളിസമരം നടക്കുന്ന കാലത്ത് സ്വന്തംവീടിന്റെ നിര്‍മാണത്തിന് യന്ത്രക്കല്ല് ഉപയോഗിച്ചെന്ന ആരോപണം അദ്ദേഹം നേരിട്ടിരുന്നു. 1990-കളിലായിരുന്നു ഇത്. ആരോപണത്തില്‍ പാര്‍ട്ടി ഇടപെടലുണ്ടാവുകയം ഇ.പിക്ക് ജാഗ്രതക്കുറവുണ്ടായെന്ന് വിലയിരുത്തുകയും ചെയ്തിരുന്നു.

ലോട്ടറി രാജാവില്‍നിന്ന് പാര്‍ട്ടിപത്രത്തിന് ലഭിച്ച രണ്ടുകോടി രൂപ

‘ലോട്ടറി രാജാവ്’ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന സാന്റിയാഗോ മാര്‍ട്ടിനില്‍നിന്ന് പാര്‍ട്ടിപത്രം രണ്ടുകോടി രൂപവാങ്ങിയതും വന്‍ വിവാദമായിരുന്നു. അന്ന് ദേശാഭിമാനി ജനറല്‍ മാനേജരായിരുന്നു ഇ.പി. സംഗതി വലിയ വിവാദമാവുകയും അദ്ദേഹത്തിന് സ്ഥാനം നഷ്ടമാവുകയും ചെയ്തു. ലോട്ടറി മാഫിയക്കെതിരേ അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലെ സര്‍ക്കാര്‍ വാളെടുക്കുത്ത സമയത്തായിരുന്നു ഇത്. രണ്ടുകോടി രൂപ ബോണ്ട് ആയാണ് വാങ്ങിയതെന്ന് ആദ്യം പറഞ്ഞുവെങ്കിലും പിന്നീട് ഇത് പരസ്യയിനത്തിലാണ് കൈപ്പറ്റിയതെന്ന് ജയരാജന്‍ പറഞ്ഞിരുന്നു. ഈ വിവാദത്തിലും പാര്‍ട്ടി അന്വേഷണം നടത്തി. ജയരാജന് ജാഗ്രതക്കുറവുണ്ടായെന്ന് കണ്ടെത്തുകയും ചെയ്തു.

2016-ല്‍ മട്ടന്നൂര്‍ മണ്ഡലത്തില്‍നിന്ന് ജയിച്ച് നിയമസഭയിലെത്തിയ ജയരാജന്‍ ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരില്‍ വ്യവസായ-കായിക വകുപ്പുമന്ത്രിയായി. എന്നാല്‍ അടുത്ത ബന്ധുവിനെ വ്യവസായ വകുപ്പില്‍ നിയമവിരുദ്ധമായി നിയമിച്ച സംഭവത്തെ തുടര്‍ന്ന് രാജിവെക്കേണ്ടി വന്നു. സ്ഥാനത്തെത്തി ആറുമാസം തികയുന്നതിന് മുന്‍പ് (സത്യപ്രതിജ്ഞ 2016 മേയ് 25) 2016 ഒക്ടോബര്‍ 14-ന് അദ്ദേഹത്തിന് സ്ഥാനം ഒഴിയേണ്ടിവന്നത്. ബന്ധുനിയമനം വലിയ വിവാദത്തിന് വഴിവെച്ചിരുന്നതിനാല്‍ പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വിക്കറ്റ് വീഴ്ചയെന്ന് പ്രതിപക്ഷം പരിഹാസം ഉയര്‍ത്തുകയും ചെയ്തിരുന്നു. വിഷയത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വിജിലന്‍സ് അന്വേഷണത്തില്‍ അദ്ദേഹം കുറ്റക്കാരനല്ലെന്ന് കണ്ടെത്തുകയും വീണ്ടും മന്ത്രിസഭയിലേക്ക് മടങ്ങിയെത്തുകയും ചെയ്തു.

വൈദേകം റിസോര്‍ട്ട്

കണ്ണൂരിലെ വൈദേകം റിസോര്‍ട്ടില്‍ ഇ.പി. ജയരാജന്റെ ബന്ധുക്കളുടെ പങ്കാളിത്തവും വിവാദമായിരുന്നു. റിസോര്‍ട്ട് നടത്തിപ്പില്‍ ഇ.പിയുടെ ഭാര്യ പി.കെ. ഇന്ദിരയ്ക്കും മകന്‍ ജയ്‌സണും നിക്ഷേപമുണ്ടെന്നായിരുന്നു ആരോപണം. റിസോര്‍ട്ട് നിര്‍മിച്ചത് കുന്നിടിച്ചാണെന്ന് ആരോപിച്ച് നേരത്തെ ശാസ്ത്ര സാഹിത്യ പരിഷത്തും രംഗത്തെത്തിയിരുന്നു. കണ്ണൂരില്‍നിന്ന് തന്നെയുള്ള മുതിര്‍ന്ന നേതാവ് പി. ജയരാജനായിരുന്നു സി.പി.എം. സംസ്ഥാന സമിതിയില്‍ വിഷയം ഉന്നയിച്ചത്. എന്നാല്‍ ആരോപണം ഉയര്‍ത്തിയത് താന്‍ ആണെന്ന വാര്‍ത്തകള്‍ പിന്നീട്‌ പി. ജയരാജന്‍ നിഷേധിച്ചു. കണ്ണൂര്‍ ജില്ലയിലെ ആന്തൂര്‍ നഗരസഭയിലെ ബക്കളത്തിന് സമീപമാണ് വൈദേകം ആയുര്‍വേദ ഹീലിങ് വില്ലേജ് സ്ഥിതി ചെയ്യുന്നത്. വൈദേകവും അന്ന് കേന്ദ്രമന്ത്രിയും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തെ ബി.ജെ.പി. സ്ഥാനാര്‍ഥിയായിരുന്ന രാജീവ് ചന്ദ്രശേഖറിന് ഉടമസ്ഥാവകാശമുള്ള നിരാമയ റിട്രീറ്റുമായുള്ള ബിസിനസ് പങ്കാളിത്തവും വിവാദം കൊഴുപ്പിച്ചിരുന്നു. വൈദേകം റിസോര്‍ട്ടുമായി ബന്ധപ്പെട്ട് രാജീവ് ചന്ദ്രശേഖറിന്റെ കമ്പനിയുമായുള്ള ബിസിനസ്സ് ബന്ധം വിവാദയമായ ഘട്ടത്തിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് വരുന്നത്. ബിജെപി കേരളത്തില്‍ മത്സരിപ്പിക്കുന്ന ചില സ്ഥാനാര്‍ഥികള്‍ മികച്ചവരാണെന്ന അദ്ദേഹത്തിന്റെ പ്രസ്താവനയും ഏറെ വിവാദമായി.

എം.വി. ഗോവിന്ദന്റെ ജനകീയ പ്രതിരോധ യാത്രയിലെ അസാന്നിധ്യം

എം.വി. ഗോവിന്ദന്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് എത്തിയതിന് പിന്നാലെ നടത്തിയ ജനകീയ പ്രതിരോധ യാത്രയിലെ ഇ.പിയുടെ അസാന്നിധ്യവും വലിയ വാര്‍ത്തയായിരുന്നു. മുതിര്‍ന്ന നേതാവും എല്‍.ഡി.എഫ്. കണ്‍വീനറുമായ ഇ.പിയുടെ അസാന്നിധ്യം ആഘോഷിക്കപ്പെട്ടുവെന്നു തന്നെ പറയാം. കോടിയേരി ബാലകൃഷ്ണന്റെ മരണത്തിന് പിന്നാലെ സി.പി.എം. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് താന്‍ പരിഗണിക്കപ്പെടുമെന്നൊരു വിശ്വാസം ഇ.പി. ജയരാജനുണ്ടായിരുന്നു. ഏറ്റവും സീനിയറായ കേന്ദ്രകമ്മിറ്റി അംഗമായിട്ടും പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കാതെ എം.വി ഗോവിന്ദനെ നിയോഗിച്ചതില്‍ ഇ.പിക്ക് അതൃപ്തിയുണ്ടായിരുന്നു. കണ്ണൂരില്‍നിന്ന് ആരംഭിച്ച യാത്ര തൃശ്ശൂരിലെത്തുംവരെ ഇ.പി. ഭാഗമായില്ല. എന്നാല്‍ അതിനിടെ കൊച്ചിയില്‍ വിവാദ ദല്ലാള്‍ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തെത്തിയിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പു കാലത്ത്, ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബി.ജെ.പി. എന്ന ആരോപണത്തിന്റെ ബലത്തില്‍ ഭരണവിരുദ്ധ വികാരത്തെ മറികടക്കാന്‍ പ്രയത്‌നിച്ച ഇടതുപക്ഷത്തിന് പ്രത്യേകിച്ച് ഓര്‍ക്കാപ്പുറത്ത് കിട്ടിയ അടിയായിരുന്നു ജയരാജന്‍-ജാവഡേക്കര്‍ കൂടിക്കാഴ്ചയും പിന്നാലെയെത്തിയ വിവാദ പെരുമഴയും. ഇ.പിയ്‌ക്കെതിരേ നടപടി ഉറപ്പായിരുന്നു. അതിന് അല്‍പം കാലതാമസമുണ്ടായെന്ന് മാത്രം.

കേന്ദ്രകമ്മിറ്റി അംഗം മാത്രമായി ചുരുങ്ങുന്ന ഇ.പിയുടെ സി.പി.എമ്മിലെ രാഷ്ട്രീയസാധ്യതകളും ഇനി അസ്തമിക്കുകയാണ്. ജയരാജന്മാര്‍ അടക്കിവാണ കണ്ണൂര്‍ രാഷ്ട്രീയത്തിനും ഇനി മാറ്റം വരും. പി. ജയരാജന്‍ ഒതുക്കപ്പെട്ടു എന്ന വികാരം പാര്‍ട്ടിയില്‍ ശക്തമാണ്. പാര്‍ട്ടി ജില്ലാ സെക്രട്ടറിയായ എം.വി ജയരാജനാണ് പദവികൊണ്ട് പാര്‍ട്ടിയില്‍ ഇപ്പോഴും കരുത്തന്‍. നടക്കാനിരിക്കുന്ന സമ്മേളനകാലത്ത് ജില്ലാ സെക്രട്ടറിയായി അദ്ദേഹം തുടരുമോ അതോ പകരം മറ്റൊരാള്‍ ആ റോളിലേക്ക് വരുമോ എന്നതും ഇനി നിര്‍ണായകമാണ് പാര്‍ട്ടിയില്‍.

error: Content is protected !!