ഇന്ത്യയിലെ ആദ്യ ജലവിമാനം കൊച്ചിക്കായലിൽ പറന്നിറങ്ങി

കൊച്ചി: ആകാശപാതയില്‍ പറന്നെത്തി കൊച്ചിയിലെ ജലവിതാനത്തിലേക്ക് ചിറകുവിരിച്ചിറങ്ങി ഇന്ത്യയിലെ ആദ്യ ജലവിമാനം. മാലദ്വീപില്‍നിന്ന് ഗുജറാത്തിലേക്കുള്ള യാത്രാമധ്യേ ഇന്ധനം നിറക്കാനായിരുന്നു വെണ്ടുരുത്തി പാലത്തിന് സമീപം കൊച്ചിക്കായലില്‍ ജലവിമാനം ഇറങ്ങിയത്. ഒന്നേ കാലോടെ ലാന്‍ഡ് െചയ്ത് കായലിലൂടെ മുന്നോട്ടുനീങ്ങിയ സീ പ്ലെയിന്‍ ദക്ഷിണ നാവികസേന കേന്ദ്രത്തില്‍നിന്നുമാണ് ഇന്ധനം നിറച്ചത്.
ക്യാപ്റ്റന്‍ ക്രൂ, എന്‍ജിനീയര്‍മാര്‍ എന്നിങ്ങനെ ആറുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇന്ധനം നിറച്ചശേഷം 3.15 ഓടെ തുടര്‍യാത്ര പുറപ്പെട്ടു. ഗുജറാത്തിലേക്കുള്ള യാത്രക്കിടെ ഗോവയിലും ഇറങ്ങിയശേഷം തിങ്കളാഴ്ച വിമാനം ഗുജറാത്തില്‍ എത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
മാലദ്വീപില്‍നിന്ന് ഞായറാഴ്ച രാവിലെ 7.20ന് പുറപ്പെട്ട വിമാനം ഹനിമാധു ദ്വീപില്‍ 8.35 ഓടെ എത്തുകയും തുടര്‍ന്ന് 10നുശേഷം കൊച്ചിയിലേക്ക് പറക്കുകയുമായിരുന്നു. വൈകീട്ടോടെ ഗോവയില്‍ ഇറങ്ങുന്ന വിമാനം തിങ്കളാഴ്ചയായിരിക്കും തുടര്‍ യാത്ര നടത്തുക. രാവിലെ 10ന് ആരംഭിക്കുന്ന യാത്ര ഗുജറാത്തിലെ കേവാദിയയില്‍ അവസാനിക്കും. ഉച്ചക്ക് 2.20ന് സബര്‍മതിയിലേക്ക് യാത്രയാകും.
അഹ്മദാബാദിലെ സബര്‍മതി നദിക്കരയില്‍നിന്ന് കേവാദിയയിലെ സ്റ്റാച്യു ഓഫ് യൂനിറ്റിയിലേക്ക് സര്‍വിസ് നടത്തുന്നതിനാണ് ജലവിമാനം ഒരുക്കിയിരിക്കുന്നത്. സര്‍ദാര്‍ വല്ലഭഭായ് പട്ടേലിെന്റ ജന്മദിനത്തോടനുബന്ധിച്ച് ഒക്ടോബര്‍ 31നായിരിക്കും ആദ്യ സര്‍വിസ്. പ്രതിദിനം എട്ട് സര്‍വിസായിരിക്കും നടക്കുക. ഒരാള്‍ക്ക് ഏകദേശം 4800 രൂപയായിരിക്കും ടിക്കറ്റ് നിരക്ക്. 14 പേര്‍ക്ക് ഒരേ സമയം യാത്ര െചയ്യാവുന്ന ജലവിമാന സര്‍വിസ് സ്പൈസ് ജെറ്റാണ് നടത്തുന്നത്. ജലവിമാനം കൊച്ചിയില്‍ ഇറങ്ങുന്നത് കാണാന്‍ വെണ്ടുരുത്തി പാലത്തില്‍ നിരവധി ആളുകള്‍ എത്തി.

